
ന്യൂഡൽഹി:കോക്രോച്ച് ജനതാ പാർട്ടിയുടെ ആഹ്വാനപ്രകാരമെത്തിയ പ്രതിഷേധക്കാരുടെ അപ്രതീക്ഷിത നീക്കത്തിൽ പാർലമെന്റ് സമുച്ചയം മണിക്കൂറുകൾ സ്തംഭിച്ചു. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിമുൾപ്പെടെ അകത്തുള്ളപ്പോൾ സമരക്കാർ തൊട്ടടുത്തെത്തിയതോടെ പാർലമെന്റിന്റെ മുഴുവൻ കവാടങ്ങളും മൂന്നുമണിക്കൂറിലേറെ അടച്ചിട്ട് സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി. 2001-ലെ പാർലമെന്റ് ഭീകരാക്രമണത്തിനുശേഷം ഇതാദ്യമായാണ് പാർലമെന്റ് കവാടങ്ങൾ മുഴുവനും മണിക്കൂറുകൾ അടച്ചിടുന്നത്.
വർഷകാല സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച രാവിലെ ജന്തർമന്തറിലെ സമരസ്ഥലത്തുനിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്താനായിരുന്നു സി.ജെ.പി. ആഹ്വാനം. എന്നാൽ, പ്രതിഷേധം ജന്തർമന്തറിൽ ഒതുക്കിയെന്ന് കരുതിയ സുരക്ഷാസേനകൾക്ക് പിഴച്ചു. നഗരത്തിന്റെ നാലുപാടുനിന്നും യുവാക്കൾ പാർലമെന്റിനെ ലക്ഷ്യമാക്കി നീങ്ങി. ഉച്ചയ്ക്ക് 12-ഓടെ ആയിരക്കണക്കിനാളുകൾ മുദ്രാവാക്യംവിളികളുമായി പാർലമെന്റിന് തൊട്ടടുത്തെത്തി.
ഇതോടെ, അകത്തുണ്ടായിരുന്ന സുരക്ഷാസേനാംഗങ്ങൾ പാർലമെന്റിന്റെ വിവിധ കവാടങ്ങളിലേക്ക് കുതിച്ചു. പ്രതിഷേധക്കാർ പാഞ്ഞടുത്തതോടെ റെയിൽഭവന് സമീപം പോലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. ഒരുമണിക്കൂറോളം പാർലമെന്റിന് പുറത്ത് കണ്ണീർവാതക പ്രയോഗമുണ്ടായി. പിന്നീട് പ്രതിഷേധക്കാരെ പാർലമെന്റിന് സമീപത്തുനിന്ന് തുരത്തിയോടിച്ച് മണിക്കൂറുകൾക്കുശേഷമാണ് കവാടങ്ങൾ തുറന്നത്. തിങ്കളാഴ്ച രാവിലെമുതൽ ജന്തർമന്തർ, പാർലമെന്റ് പരിസരങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങളും സർക്കാരിന്റെ നിർദേശപ്രകാരം ടെലികോം കമ്പനികൾ നിർത്തിവെച്ചിരുന്നു.
സർക്കാർ തന്ത്രം പിഴച്ചു
: കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി.) നേതൃത്വത്തിൽ ഡൽഹിയിൽ സമരം ആരംഭിച്ചപ്പോൾമുതൽ കേന്ദ്രസർക്കാർ അവലംബിച്ചിരുന്നത് ഒരേ തന്ത്രമാണ്; അവഗണിച്ചു തള്ളുക. സമരം വ്യാപകമായപ്പോഴും സോനം വാങ്ചുക്കും ഐസ നേതാക്കളും നിരാഹാരം തുടങ്ങിയപ്പോഴും കേന്ദ്രം അനങ്ങാപ്പാറ നയത്തിലായിരുന്നു. സർക്കാരിന്റെ അവഗണിക്കൽതന്ത്രം വിജയിക്കുന്ന പ്രതീതി തുടക്കത്തിൽ സൃഷ്ടിക്കപ്പെട്ടു. വലിയ ഒരു പ്രക്ഷോഭത്തിന്റെ സ്വഭാവത്തിലേക്ക് ആദ്യഘട്ടത്തിൽ സമരം മാറിയിരുന്നില്ല. എന്നാൽ, മെല്ലെ സമരക്കാർ കളം കൈയടക്കി.
വിദ്യാർഥിപ്രക്ഷോഭം ഒരു കൊടുങ്കാറ്റായി മാറുന്നതാണ് പാർലമെന്റ് മഴക്കാല സമ്മേളനത്തിന്റെ ആദ്യദിനം തലസ്ഥാനം കണ്ടത്. അപ്പോഴേക്കും സർക്കാരിനെയും ബി.ജെ.പി.യെയും സംബന്ധിച്ച് കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ മോദിഭരണത്തിൽ ഇത്തരം ഒരു വെല്ലുവിളി കേന്ദ്രസർക്കാർ നേരിട്ടിട്ടില്ല. കർഷകപ്രക്ഷോഭം പോലും ഡൽഹി അതിർത്തിയിൽ ഒതുങ്ങിയിരുന്നു. എന്നാൽ, വിദ്യാർഥികൾ തങ്ങളുടെ വെല്ലുവിളി പാർലമെന്റ് കവാടത്തിൽ എത്തിച്ചു.
പരീക്ഷാക്രമക്കേടും ചോദ്യച്ചോർച്ചയും രാജ്യത്ത് വൈകാരിക വിഷയമായി വളർന്നിട്ടുണ്ട്. വിദ്യാർഥികളും യുവാക്കളും മാത്രമല്ല, രക്ഷിതാക്കളും ഇക്കാര്യത്തിൽ വ്യാകുലരാണ്. പ്രശ്‌നങ്ങൾക്ക് രാഷ്ട്രീയതലത്തിൽ പരിഹാരം കാണാൻ സർക്കാർ ശ്രമിച്ചില്ല. പ്രക്ഷോഭത്തിന്റെ സ്വഭാവം മാറിയപ്പോൾമാത്രമാണ് ചർച്ചയ്ക്ക് സന്നദ്ധമായത്. മന്ത്രി ജെ.പി. നഡ്ഡയുമായി സി.ജെ.പി. നേതാക്കൾ തിങ്കളാഴ്ച നടത്തിയ ചർച്ച എങ്ങുമെത്തിയതുമില്ല. കേന്ദ്രസർക്കാരിന്റെ ഉന്നതതലത്തിൽ പ്രക്ഷോഭത്തോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് നിലനിൽക്കുന്ന അവ്യക്തതയാണ് ഇതിൽ നിഴലിക്കുന്നത്.ഏറ്റവും പ്രധാനപ്പെട്ട രണ്ടുകാര്യങ്ങളിലാണ് പാർട്ടി ഇപ്പോൾ പ്രതിരോധത്തിലായിരിക്കുന്നത്. അയോധ്യയിലെ സംഭാവനക്കൊള്ളയും വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളും. ഭരണത്തിലെ ഉന്നതരോട് ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടാനുള്ള ഇച്ഛാശക്തി ബി.ജെ.പി.നേതൃത്വത്തിന് ഇല്ല എന്നുവേണം കരുതാൻ. മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിക്കാൻ എളുപ്പമല്ല. സർക്കാരിന്റെ വീഴ്ച അംഗീകരിക്കുന്നതിന് തുല്യമാകും അതെന്ന് നേതൃത്വം വിലയിരുത്തുന്നു.
പോലീസിന്റെ കണക്കുകൂട്ടൽ പാളി
: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും അതിനുകീഴിലെ ഡൽഹി പോലീസിനുമേറ്റ വൻതിരിച്ചടിയാണ് രാജ്യതലസ്ഥാനത്തെ സ്തംഭിപ്പിച്ച സി.ജെ.പി. പ്രതിഷേധം. അനുമതിയുണ്ടായിരുന്നില്ലെങ്കിലും സാമൂഹികമാധ്യമങ്ങളിലെ ആഹ്വാനം ഏറ്റെടുത്ത് ആയിരങ്ങൾ ജന്തർമന്തറിലേക്കും പാർലമെന്റിലേക്കും ഇരച്ചെത്തിയപ്പോൾ പോലീസും സുരക്ഷാസേനകളും ആദ്യം പകച്ചു. എന്തെങ്കിലും കടുത്തനടപടിയെടുത്ത് പിരിച്ചുവിടാവുന്നതിനും അപ്പുറമായിരുന്നു ആ യുവജനസഞ്ചയം.
നഗരഹൃദയത്തിലെ കൊണാട് പ്ലേസ്, ജൻപഥ് റോഡ്, പാർലമെന്റ് സ്ട്രീറ്റ്, റഫി മാർഗ്, അശോകാ റോഡിന്റെയും റെയ്സീനാ റോഡിന്റെയും ചില ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങൾ ജനനിബിഡമായി. ബാരിക്കേഡുകളുയർത്തി തടയാൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാൻ പോലീസിനായില്ല. ഇക്കാര്യങ്ങൾ മുൻകൂട്ടി കാണുന്നതിൽ കേന്ദ്രത്തിന്റെയും പോലീസിന്റെയുമെല്ലാം ഇന്റലിജൻസ് സംവിധാനങ്ങൾ തോൽവിയടഞ്ഞു.
ഇന്റലിജൻസ് ബ്യൂറോ മുൻ സ്‌പെഷ്യൽ ഡയറക്ടറായിരുന്ന അനുരാഗ് കുമാർ ഡൽഹി പോലീസ് കമ്മിഷണറായി സ്ഥാനമേറ്റ് ദിവസങ്ങൾക്കുള്ളിലാണ് സി.ജെ.പി.യുടെ പാർലമെന്റ് മാർച്ചുണ്ടായത്. അതിസുരക്ഷാ മേഖലയായ പാർലമെന്റിന്റെ പടിവാതിൽക്കൽവരെ സമരക്കാരെത്തിയത് വൻ സുരക്ഷാവീഴ്ചയാണ്. റിസർവ് ബാങ്കിനും മന്ത്രാലയകാര്യാലയങ്ങൾക്കും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള റോഡിനടുത്തുംവരെ ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധക്കാരെത്തി. കണ്ണീർവാതകവും ലാത്തിച്ചാർജും നടത്തി ഓടിച്ചിട്ടും ഒട്ടേറെപ്പേരെ കസ്റ്റഡിയിലെടുത്ത് നീക്കിയിട്ടും സംഘർഷാവസ്ഥ അയഞ്ഞില്ല. പാർലമെന്റ് സമ്മേളനം നടക്കേ തൊട്ടടുത്തുള്ള കർത്തവ്യപഥിൽപ്പോലും സമരക്കാർ മുദ്രാവാക്യം വിളിച്ചുനടന്നു.
ബാരിക്കേഡ് കെട്ടി സി.ജെ.പി.യുടെ പ്രതിഷേധത്തെ ഒതുക്കിനിർത്താമെന്ന പോലീസിന്റെ കണക്കുകൂട്ടൽ പാടേ തെറ്റി. ഇന്റർനെറ്റ് നിയന്ത്രണത്തിലൂടെ യുവാക്കളുടെ നീക്കം പരിമിതപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. മാത്രമല്ല, ഈ നിയന്ത്രണങ്ങൾ പ്രതികൂല ഫലമാണുണ്ടാക്കിയത്. അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ അടച്ചെങ്കിലും കാൽനടയായി പ്രതിഷേധക്കാരെത്തി.
പാർലമെന്റിലും പ്രതിഷേധക്കൊടുങ്കാറ്റ്
: പാറ്റ പാർട്ടിയുടെ പ്രക്ഷോഭക്കൊടുങ്കാറ്റ് പാർലമെന്റിലേക്കും വീശിയടിച്ചതോടെ, വർഷകാലസമ്മേളനത്തിന്റെ ആദ്യദിനംതന്നെ ഇരുസഭകളും പ്രക്ഷുബ്ധം. നീറ്റ് പരീക്ഷാ ക്രമക്കേടും അയോധ്യയിലെ സംഭാവനക്കൊള്ളയും ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭയും രാജ്യസഭയും സ്തംഭിച്ചു. നീറ്റ്, യു.ജി.സി. പരീക്ഷാക്രമക്കേടുകളിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പ്ലക്കാർഡുകളും മുദ്രാവാക്യംവിളികളുമായി പ്രതിഷേധം കനപ്പിച്ചതോടെ ലോക്സഭ ഏഴുതവണയും രാജ്യസഭ ആറുതവണയും നിർത്തിവെച്ചു.
പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധത്തിലേക്ക് നീങ്ങുമ്പോൾതന്നെ സഭാനടപടികൾ നിർത്തിവെക്കുകയെന്ന തന്ത്രമായിരുന്നു രാജ്യസഭയിൽ സഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണൻ കൈക്കൊണ്ടത്.
അതേസമയം, കോൺഗ്രസിനോടുള്ള വിയോജിപ്പിൽ ഇന്ത്യാസഖ്യം വിട്ട ഡി.എം.കെ. അംഗങ്ങൾ ലോക് സഭയിൽ വേറിട്ട പ്രതിഷേധവുമായെത്തിയത് ശ്രദ്ധേയമായി. എന്നാൽ ടി.എം.സിയിൽ അവശേഷിക്കുന്ന അംഗങ്ങൾ കോൺഗ്രസിനൊപ്പം നിലയുറപ്പിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ, സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34-ൽ നിന്ന് 38 ആക്കി ഉയർത്തുന്നതിനുള്ള ഭേദഗതി ബിൽ ലോക്സഭയിൽ മന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ചു. ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിനിടെ അനാദരവു കാട്ടുന്നത് കുറ്റകൃത്യമായി കണക്കാക്കുന്നതിനുള്ള ബിൽ രാജ്യസഭയിൽ അജൻഡയിലുൾപ്പെടുത്തിയെങ്കിലും അവതരിപ്പിച്ചില്ല.
തുടർന്ന് ചോദ്യോത്തരവേളയിലേക്ക് കടക്കുംമുൻപുതന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. 'സേവ് ലൈഫ്, സ്റ്റോപ്പ് നീറ്റ് ', 'പ്രധാൻ ബാക്ക് ' , 'ചന്ദ ചോരി' (സംഭാവനക്കൊള്ള) തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകൾ അംഗങ്ങളുയർത്തിപ്പിടിച്ചു. 11.12-ഓടെ നിർത്തിവെച്ച സഭ 12ന് വീണ്ടും ചേർന്നപ്പോൾ സുപ്രീംകോടതി ജഡ്ജിനിയമന ഭേദഗതി ബിൽ മന്ത്രി മേഘ്‌വാൾ അവതരിപ്പിച്ചു. കാവേരിയിൽ മെക്കെദാട്ടു അണക്കെട്ടു നിർമിച്ച് വെള്ളം തിരിച്ചുവിടാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരേയായിരുന്നു ഡി.എം.കെയുടെ പ്രതിഷേധം.
'മുജേ മാരോ സാർ...'
സമരത്തിനിടെ ദ്രുതകർമസേന വളഞ്ഞിട്ടാക്രമിച്ച യുവാവ്, തന്നെ അടിക്കാൻ പറഞ്ഞ് ഉദ്യോഗസ്ഥരോട് രോഷംകൊള്ളുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. പ്രതിഷേധക്കാർക്കുനേരേയുണ്ടായ ലാത്തിച്ചാർജിനിടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥർ വളഞ്ഞപ്പോൾ 'മുജേ മാരോ സാർ' എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ട് തന്നെ അടിക്കാൻ പറയുന്നതാണ് ദൃശ്യത്തിലുള്ളത്.
ദേശീയപതാക കൈയിൽപ്പിടിച്ചെത്തിയ വനിതാ ഉദ്യോഗസ്ഥ യുവാവിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. നാഗ്പുരിൽനിന്ന് സമരത്തിനെത്തിയ ഭരത് എന്ന യുവാവാണിതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. തന്റെ ശരീരത്തിൽ ഓരോ ഇഞ്ചിലും പോലീസ് മർദിച്ചെന്ന് ഭരത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരുപതോളം ഉദ്യോഗസ്ഥർ ചേർന്നാണ് അടിച്ചത്.
Content Highlights: CJP-led massive protest causes unprecedented 3-hour Parliament lockdown in 2026., Protesters demand the resignation of Education Minister Dharmendra Pradhan over NEET and UGC exam irregularities., Intelligence failure led to protesters reaching the high-security Parliament perimeter., Parliamentary proceedings disrupted by opposition protests regarding exam scams and Ayodhya donation controversies., Viral social media footage highlights aggressive police response against youth protesters.
Published: 21 Jul 2026, 06:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented