
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനത പാർട്ടി (CJP) ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധം പ്രാഥമിക ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കുന്നതായി ആശങ്ക പങ്കുവെച്ച് പ്രതിഷേധക്കാർ. സമാധാനപരമായി തുടങ്ങിയ സമരത്തിൽ ഇപ്പോൾ ആയുധധാരികളും വർഗീയ ഗ്രൂപ്പുകളും നുഴഞ്ഞുകയറിയതായി പ്രതിഷേധക്കാർ സംശയിക്കുന്നു. സമരത്തിന് ഐക്യരൂപം നൽകിയിരുന്ന സോനം വാങ്ചുക്കിനെ പോലീസ് സമരസ്ഥലത്തുനിന്നു മാറ്റിയതോടെ സംഘാടകർക്ക് ആയിരക്കണക്കിനുള്ള പ്രതിഷേധക്കാരുടെ മേലുള്ള നിയന്ത്രണം നഷ്ടമാവുകയും പലയിടങ്ങളിലും അക്രമസംഭവങ്ങൾ വർധിക്കുകയും ചെയ്തതായി ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സുരക്ഷാ പ്രശ്‌നങ്ങളും ഏകോപനമില്ലായ്മയും കാരണം പ്രതിഷേധം അതീവ സങ്കീർണ്ണമായ അവസ്ഥയിലാണെന്നും ബാഹ്യശക്തികളുടെ ഇടപെടൽ മൂലം വിദ്യാർത്ഥികളുടെ യഥാർത്ഥ ആവശ്യങ്ങൾ അവഗണിക്കപ്പെടുമോ എന്ന ആശങ്കയും റിപ്പോർട്ട് പങ്കുവെക്കുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് മുൻധാരണയില്ലാത്ത ഒരാൾ ജന്തർ മന്തറിൽ എത്തിയാൽ, ഇത് നീറ്റ് (NEET-UG) ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള സമരമാണെന്നോ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ളതാണെന്നോ ഊഹിക്കാൻ പ്രയാസമാണെന്നാണ് അവർ പറയുന്നത്.
ബുധനാഴ്ച രാത്രി പത്തരയോടെ ജന്തർ മന്തറിൽ ഉച്ചഭാഷിണിയിലൂടെ 'അള്ളാഹു അക്ബർ', 'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങളും ഉയർന്നു. നൂറുകണക്കിന് ആളുകൾ സാക്ഷികളായ ഈ മുദ്രാവാക്യംവിളി അൽപനേരം നീണ്ടുനിന്നു; ചിലർ അതിൽ പങ്കുചേർന്നപ്പോൾ മറ്റുചിലർ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്തി. ജന്തർ മന്തറിൽ നിന്ന് ഏതാനും മീറ്റർ അകലെ ടോൾസ്റ്റോയ് മാർഗിന് സമീപം ഇതേസമയം വാളുകളും കുന്തങ്ങളുമായി സിഖ് പോരാളികളായ നിഹാങ്കുകളും നിലയുറപ്പിച്ചിരുന്നു.
ഡൽഹി പൊലീസിനും റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനും (RAF) മുന്നിൽ അവർ തങ്ങളുടെ ആയുധങ്ങൾ ഉയർത്തിപ്പിടിക്കുകയും ഫോട്ടോകൾക്ക് പോസ് ചെയ്യുകയും ചെയ്തു. പ്രതിഷേധക്കാർക്കിടയിൽനിന്ന് ഇതിന് വലിയ പ്രോത്സാഹനവും ലഭിക്കുന്നുണ്ടായിരുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നിരാഹാര സമരത്തോടെയാണ് പ്രതിഷേധത്തിന്റെ വ്യാപ്തി വർധിച്ചത്. എന്നാൽ, ജൂലൈ 20-ലെ പാർലമെന്റ് മാർച്ചും അതിനെതിരെയുണ്ടായ പോലീസ് നടപടിയും സമരത്തിന്റെ ഗതി പാടെ മാറ്റി. പ്രതിഷേധം ഇപ്പോൾ സി.ജെ.പി നേതൃത്വത്തിന്റെ നിയന്ത്രണത്തിൽനിന്ന് വഴുതിപ്പോയ അവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്..
സംഘാടകരും പ്രതിഷേധക്കാരും തമ്മിൽ ആശയവിനിമയത്തിലെ വിടവ് പുറത്തുനിന്നുള്ളവർ മുതലെടുക്കാൻ കാരണമാകുമെന്ന് 2016-ലെ സർജിക്കൽ സ്‌ട്രൈക്കിന് നേതൃത്വം നൽകിയ റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറൽ സതീഷ് ദുവ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സമരസ്ഥലത്ത് ബുധനാഴ്ച രാത്രി ഒരു യൂട്യൂബർ ക്രൂരമായി മർദ്ദിക്കപ്പെടുകയും വ്യാഴാഴ്ച പ്രതിഷേധക്കാരും നിഹാങ്കുകളും തമ്മിൽ ജന്തർ മന്തറിൽവെച്ച് ഏറ്റുമുട്ടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ഡൽഹി പോലീസിനും ആർ.എ.എഫിനും നേരെയുള്ള പ്രകോപനങ്ങൾ പതിവാകുകയാണ്. നിലവിൽ ജന്തർ മന്തറിലെ സി.ജെ.പി സമരം എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലാണ്. ആദ്യ ദിവസം മുതൽ തന്നെ പ്രതിഷേധത്തിന്റെ ചിതറിക്കിടക്കുന്ന സ്വഭാവം പ്രകടമായിരുന്നു. എന്നാൽ, അതൊരു ചെറിയ ഒത്തുചേരലായിരുന്നു, നിയന്ത്രിക്കാവുന്നതുമായിരുന്നു. വിദ്യാഭ്യാസ പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്കിന്റെ വരവോടെയാണ് പ്രതിഷേധത്തിൽ എന്തെങ്കിലും തരത്തിലുള്ള ക്രമം ഉണ്ടായത്. വാങ്ചുക്കായിരുന്നു സമരത്തിന്റെ പ്രധാന ആകർഷണം. ചിതറിക്കിടന്നിരുന്ന ജനക്കൂട്ടം അദ്ദേഹം സംസാരിക്കുന്നത് കേൾക്കാനായി ഒത്തുകൂടി.
തുടക്കത്തിൽ ചിതറിക്കിടന്നിരുന്ന ഒരു ചെറിയ സംഘം പ്രതിഷേധക്കാരെ ആകർഷിച്ചു എന്നുമാത്രമല്ല, വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതോടെ അവരുടെ പ്രതിഷേധത്തിന് ദേശീയ സമരത്തിന്റെ മുഖം കൈവന്നു. വാങ്ചുക്കിന്റെ സാന്നിധ്യം സമരത്തിന് അതുവരെ ഇല്ലാതിരുന്ന ഒന്ന് നൽകി- ആളുകൾക്ക് തിരിച്ചറിയാൻ കഴിയുന്ന ഒരു മുഖം. പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ സമരത്തിൽ ഭാഗമാകാൻ എത്തിത്തുടങ്ങി. ജൂലൈ 18-ന് വാങ്ചുക്കിനെ ജന്തർ മന്തറിൽനിന്ന് ബലമായി ഒഴിപ്പിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുന്നതുവരെ കാര്യങ്ങൾ സിജെപിയുടെ കൈയിലായിരുന്നു എന്ന് പറയാം.
വാങ്ചുക്ക് വേദിയിൽ ഉണ്ടായിരുന്നപ്പോൾ, ശ്രദ്ധ മുഴുവൻ വിദ്യാഭ്യാസം, പരീക്ഷാ പരിഷ്‌കാരങ്ങൾ, ഗവൺമെന്റിന്റെ ഉത്തരവാദിത്തം എന്നിവയിലായിരുന്നു. എന്നാൽ ഇന്ന്, വാങ്ചുക്കിന്റെ അസാന്നിധ്യത്തിൽ ആ ലക്ഷ്യത്തിൽതന്നെ ഉറച്ചുനിൽക്കാൻ സമരക്കാർക്ക് ബുദ്ധിമുട്ടായിരിക്കുന്നു. ദിപ്കെയും അദ്ദേഹത്തിന്റെ സഹായികളായ സൗരവ് ദാസും അശുതോഷ് രങ്കയും ഇരിക്കുന്ന സി.ജെ.പിയുടെ പ്രധാന വേദി വിട്ടു പുറത്തേക്ക് കടന്നാൽ, ഒരേ സ്ഥലത്ത് പല പ്രതിഷേധങ്ങൾ നടക്കുന്നതായി തോന്നും. ആളുകൾ ചെറുസംഘങ്ങളായി ഒത്തുകൂടുകയും അവർ തങ്ങളുടേതായ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു. ചിലർ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ മറ്റുചിലർ ബന്ധമില്ലാത്ത രാഷ്ട്രീയ പ്രശ്‌നങ്ങളെയും വർഗീയ വശങ്ങളെയും കുറിച്ച് തർക്കിക്കുന്നു.
ജന്തർ മന്തറിലെ പ്രധാന വേദിയിൽനിന്ന് അകലേക്ക് പോകുന്തോറും സംഘാടകരുടെ സാന്നിധ്യം കുറഞ്ഞുവരുന്നു. ജൂലൈ 20-ലെ സി.ജെ.പിയുടെ 'ചലോ സൻസദ്' (Chalo Sansad) മാർച്ചിന് ശേഷം ഈ മാറ്റം പ്രകടമായി. മാർച്ചിലെ ലാത്തിച്ചാർജ്ജും കണ്ണീർവാതക പ്രയോഗവും ഉൾപ്പെടെയുള്ള പോലീസ് നടപടി സമരത്തിലെ ജനപങ്കാളിത്തം വലിയ തോതിൽ വർധിപ്പിച്ചു. മുമ്പ് ജന്തർ മന്തർ സന്ദർശിക്കാത്ത ആയിരക്കണക്കിന് ആളുകൾ അവിടെ എത്തി. പരീക്ഷാ വിഷയത്തേക്കാൾ ഉപരിയായി പോലീസിന്റെ നടപടിയിലുള്ള രോഷമാണ് അവർ പ്രകടിപ്പിച്ചത്. വർധിച്ചുവരുന്ന ആൾക്കൂട്ടം പ്രസ്ഥാനത്തിന് പുതിയ ഊർജ്ജം നൽകുന്നുണ്ടെങ്കിലും അത് സമരത്തിന്റെ സ്വഭാവം നിർവചിക്കുന്നത് കൂടുതൽ പ്രയാസകരമാക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാത്രി, മുൻകൂട്ടി നിശ്ചയിച്ച പരിപാടികളൊന്നുമില്ലാതെ വലിയൊരു ജനക്കൂട്ടം ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിലൂടെ മാർച്ച് നടത്തുകയും പിന്നീട് അക്രമാസക്തമാവുകയും ചെയ്തു. ജൂലൈ 20-ന് പാർലമെന്റിലേക്ക് നടന്ന മാർച്ചിലുണ്ടായ ഏറ്റുമുട്ടലുകളുടെ ആവർത്തനമായിരുന്നു ഈ സംഭവം. നിലവിൽ, ഈ കൂട്ടായ്മകളിൽ പലതിനും നേതൃത്വം നൽകുന്നത് ആരാണെന്ന് തിരിച്ചറിയാൻ പോലും സംഘാടകർക്ക് പ്രയാസമാകുന്നുണ്ട്.
സി.ജെ.പി സന്നദ്ധപ്രവർത്തകർ നീക്കങ്ങൾ നിയന്ത്രിക്കുകയും പ്രസംഗങ്ങൾ കൃത്യമായ സമയക്രമം പാലിക്കുകയും ചെയ്തിരുന്ന സമരത്തിന്റെ ആദ്യഘട്ടത്തിൽനിന്ന് വ്യത്യസ്തമായി, പല ഗ്രൂപ്പുകളും ഇപ്പോൾ സ്വയം സംഘടിക്കുന്നതായാണ് കാണപ്പെടുന്നത്. അവിടെ മുദ്രാവാക്യങ്ങളും രോഷവുമുണ്ട്, പക്ഷേ ഏകോപനം വളരെ കുറവാണ്. പ്രതിഷേധ സ്ഥലത്തെത്തുന്ന ആളുകൾ പരസ്പരം പരിചയപ്പെടുകയും ചെറിയ ഗ്രൂപ്പുകളായി മാറുകയും ചെയ്യുന്നു. അവർ സ്വയം സന്നദ്ധ പ്രവർത്തകരാകുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, ഓൺലൈൻ ഗ്രൂപ്പുകളിലൂടെ സി.ജെ.പിയുടെ ഭാഗത്തുനിന്നും മൊത്തത്തിൽ ഏകോപനവും സാധ്യമാകുന്നില്ല.
സമരസ്ഥലത്തും പരിസരത്തും മൊബൈൽ ഡാറ്റാ സേവനങ്ങൾ തടസ്സപ്പെട്ടതിനാൽ ഇത്തരം ഗ്രൂപ്പുകൾ നിലനിർത്തുക എന്നതും ശ്രമകരമാണ്. അതിനാൽ, അവിടെയുള്ള ആയിരക്കണക്കിന് ആളുകളുമായി തത്സമയം ആശയവിനിമയം നടത്താൻ സി.ജെ.പി നേതൃത്വത്തിന് നിലവിൽ സാധിക്കുന്നില്ല. ഒരു വലിയ പൊതു പ്രസ്ഥാനത്തിൽ പങ്കുചേരുന്നതിലെ ആവേശത്തിലും 'വ്യവസ്ഥാപിത മാറ്റത്തിനായുള്ള' ആഗ്രഹത്തിലുമാണ് ഭൂരിഭാഗം യുവജനങ്ങളും അവിടെ എത്തിയിട്ടുള്ളത്. എന്നാൽ, ആദ്യ ദിവസങ്ങളിൽ ചർച്ചകൾ പരീക്ഷാ ചോർച്ചയെയും വിദ്യാർത്ഥികളുടെ ഭാവിയെയും കുറിച്ചായിരുന്നുവെങ്കിൽ, ഇന്ന് അവ മതം, സ്വത്വം, പ്രാദേശിക പ്രസ്ഥാനങ്ങൾ, രാഷ്ട്രീയ പരാതികൾ എന്നിവയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
അനിശ്ചിതത്വങ്ങൾക്കിടയിൽ സ്ത്രീകളുടെ സുരക്ഷാ ആശങ്കകളും വർധിക്കുന്നുണ്ട്. ജന്തർ മന്തറിൽ വിശ്രമിച്ചിരുന്ന ഒരു യുവതി ഒരാൾ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായി ആരോപിച്ചതായും അടുത്തുള്ളവർ ഉടൻ ഇടപെടുകയും ജനക്കൂട്ടം അയാളെ മർദ്ദിക്കുകയും അവിടെനിന്ന് പുറത്താക്കുകയും ചെയ്തതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആരും അയാളെ പോലീസിന് കൈമാറിയില്ല, അത് പ്രതിഷേധത്തെ തന്നെ ബാധിക്കുമെന്ന് കരുതിയാണ് അങ്ങനെ ചെയ്യാതിരുന്നതെന്നാണ് അവിടെയുണ്ടായിരുന്നവർ പറഞ്ഞത്.
കോക്രോച്ച് ജനതാ പാർട്ടിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഇപ്പോൾ കൂടുതൽ പ്രകടമാണ്. അവരുടെ പോസ്റ്ററുകൾ ഇപ്പോഴും അവിടെ കാണാം; സന്നദ്ധ പ്രവർത്തകർ അറിയിപ്പുകൾ നൽകുന്നത് തുടരുന്നുമുണ്ട്. വിദ്യാർത്ഥികൾ വരുന്നത് തുടരുന്നു, ഉത്തരവാദിത്തം ആവശ്യപ്പെട്ടുള്ള പ്രസംഗങ്ങൾ നടക്കുന്നു, പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കുടുംബങ്ങൾ ഇപ്പോഴും സമരവേദി സന്ദർശിക്കുന്നുണ്ട്.
ജനക്കൂട്ടം വർദ്ധധിച്ചു, രോഷം ആഴത്തിലുള്ളതാണ്, പ്രതിഷേധത്തിനുള്ള കാരണങ്ങൾ ഇപ്പോൾ നിരവധിയാണ്. പ്രസ്ഥാനം വളരുന്തോറും, സംഘാടകരും അനുഭാവികളും നേരിടുന്ന ചോദ്യം കൂടുതൽ പ്രസക്തമാകുകയാണ്: എല്ലാ പരാതികൾക്കുമുള്ള ഒരു വേദിയായി പ്രതിഷേധം മാറിയാൽ അതിന് ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമോ, അതോ സ്ഥാപകർ ഉദ്ദേശിക്കാത്ത ഒന്നിലേക്ക് ഇത് വഴിമാറുമോ?
Content Highlights: The NEET-UG protest is facing a crisis of identity as original goals are overshadowed. Lack of centralized communication has led to fragmented, unorganized gatherings. Infiltration by unrelated political and religious groups threatens the movement's core purpose. Safety concerns are emerging due to the lack of oversight and police restraint. The movement has transitioned from a student-led cause to a volatile, diverse public demonstration.
Published: 24 Jul 2026, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented