ന്യൂഡൽഹി: ലണ്ടനിലെ ബിർക്ക്‌ബെക്ക് സർവകലാശാലയിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പ്രസംഗത്തിന് പിന്നാലെ വിവാദം. ഇന്ത്യയിലെ വിയോജിപ്പുകളെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹത്തിന്റെ സമീപകാലത്തെ 'പാറ്റ' പരാമർശവും ഉന്നയിച്ച് സദസ്സിലുള്ളവർ ചോദ്യങ്ങൾ ഉന്നയിച്ചതോടെയാണ് പരിപാടിയിൽ തടസ്സമുണ്ടായത്.

To advertise here,

ജൂൺ നാലിന് 'ആർട്ടിഫിഷ്യൽ ഇന്റലിജൻസും അന്താരാഷ്ട്ര നിയമവും' എന്ന വിഷയത്തിൽ ജസ്റ്റിസ് സൂര്യകാന്ത് പ്രസംഗിച്ചതിന് പിന്നാലെയായിരുന്നു ഈ സംഭവം. പ്രസംഗത്തിന് പിന്നാലെയുള്ള ചോദ്യോത്തര വേളയിൽ ഇന്ത്യയിലെ ജനാധിപത്യ നിലവാരത്തെക്കുറിച്ചും വിയോജിപ്പുകളോടുള്ള ശത്രുതാപരമായ നിലപാടുകളെക്കുറിച്ചം ഒരു പ്രതിനിധി ചോദ്യങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചു.

ഇന്ത്യയ്ക്കകത്തും അന്താരാഷ്ട്ര തലത്തിലുമുള്ള നിരവധി നിയമ നിരീക്ഷകർ ഈ വിഷയങ്ങളെക്കുറിച്ച് വലിയ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്നും, വിമർശകർക്കെതിരെയുള്ള മോശമായ പരാമർശങ്ങൾ ചീഫ് ജസ്റ്റിസിന്റെ പ്രസംഗത്തിലും പ്രതിഫലിക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. മറ്റൊരു പ്രതിനിധി മെയ് 15-ന് ചീഫ് ജസ്റ്റിസ് കോടതിയിൽ നടത്തിയ പരാമർശങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചു.

അതേസമയം, ചീഫ് ജസ്റ്റിസിനോടുള്ള ഈ ചോദ്യങ്ങളെ സംഘാടകർ പ്രോത്സാഹിപ്പിച്ചില്ല. ചർച്ചാവിഷയം ആർട്ടിഫിഷ്യൽ ഇന്റലിജൻസും അന്താരാഷ്ട്ര നിയമവുമാണെന്ന് ചൂണ്ടിക്കാട്ടി മോഡറേറ്റർ ഈ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ സദസ്സിലുണ്ടായിരുന്ന കൂടുതൽ പേർ പ്രതിഷേധവുമായി മുന്നോട്ടുവന്നു. ഇതോടെ സംഘാടകർ ഇടപെട്ട് ചോദ്യോത്തരവേള അവസാനിപ്പിച്ചു.

ഈ സംഭവങ്ങളുടെ ദൃശ്യങ്ങൾ വലിയ തോതിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അതേസമയം, യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഈ സംഭവത്തെ ശക്തമായി വിമർശിച്ചു. ചീഫ് ജസ്റ്റിസിനെതിരെയുള്ള ഈ പെരുമാറ്റം അനാദരവാണെന്നും അഭിപ്രായ വ്യത്യാസങ്ങൾ ജനാധിപത്യ സമൂഹത്തിന്റെ സ്വാഭാവിക ഭാഗമാണെങ്കിലും അവ സഭ്യവും മാന്യവുമായ രീതിയിൽ പ്രകടിപ്പിക്കണമെന്നും ഹൈക്കമ്മീഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

തൊഴിലില്ലാത്ത യുവാക്കൾ സോഷ്യൽ മീഡിയയിലേക്കും വിവരാവകാശ പ്രവർത്തനങ്ങളിലേക്കും തിരിയുന്നതിനെക്കുറിച്ച് സംസാരിക്കവെ, അത്തരം യുവാക്കൾ 'പാറ്റകളെപ്പോലെ' സമൂഹത്തിൽ 'പരാദങ്ങളായി' (parasites) മാറുന്നു എന്നതായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശം.

ഇത് പിന്നീട് വലിയ വിവാദങ്ങൾക്കും 'കോക്രോച്ച് ജനതാ പാർട്ടി' (CJP) എന്ന ആക്ഷേപഹാസ്യ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലേക്കും വഴിവെച്ചു. അതേസമയം, തന്റെ പരാമർശം തൊഴിലില്ലാത്ത യുവാക്കളെ മൊത്തത്തിലല്ല, മറിച്ച് വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഉദ്ദേശിച്ചാണ് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിശദീകരണം.

എന്നാൽ, സാമൂഹികമാധ്യമങ്ങളിൽ വലിയ പിന്തുണ ലഭിച്ചതോടെ രാഷ്ട്രീയത്തിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് നിലവിൽ സിജെപി. പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്, കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധസമരത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സിജെപി അനുകൂലികൾ.