ന്യൂഡല്‍ഹി: നിയമ മേഖലയില്‍ ഇപ്പോഴും അസമത്വം നിലനില്‍ക്കുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഫേംസ് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

"എളുപ്പത്തില്‍ നിയമബിരുദം നേടാമെങ്കിലും അതില്‍നിന്ന് ഉപജീവനം കണ്ടെത്തുന്നത് വളരെ ദുഷ്‌കരമായിരുന്ന ഒരു കാലം ഞാനോര്‍ക്കുന്നു. ബിരുദത്തിനു പഠിക്കുമ്പോള്‍ എന്തിനാണ് നിയമം പഠിക്കുന്നതെന്നും മറ്റു ജോലികളൊന്നും കിട്ടില്ലേയെന്നും കല്യാണം കഴിക്കേണ്ടേ എന്നും ആളുകള്‍ ചോദിക്കുമായിരുന്നു. 

"ആദ്യകാല തലമുറയിലെ അഭിഭാഷകന്‍ ആയിരുന്നതിനാല്‍ കോടതികളില്‍ വാദിക്കണമെന്ന സ്വപ്‌നം വല്ലപ്പോഴുമാണ് യാഥാര്‍ത്ഥ്യമായിരുന്നത്. അതിനാല്‍ത്തന്നെ നിയമബിരുദം എന്നത് അറ്റകൈയായിരുന്നു. വ്യക്തിപരമായ അനുഭവങ്ങളില്‍നിന്നു പറയുകയാണെങ്കില്‍, പ്രാക്ടീസ് ചെയ്യുമ്പോഴാണ് ഞങ്ങളില്‍ കൂടുതല്‍ പേര്‍ക്കും കാര്യങ്ങള്‍ പഠിക്കാനായിരുന്നത്. 

"നിയമമേഖലയില്‍ ഇക്കാര്യത്തില്‍ കാര്യമായ മാറ്റം വന്നുവോയെന്ന് എനിക്കറിയില്ല. അഭിഭാഷകര്‍ക്ക് അവസരം ലഭിക്കുന്നതില്‍ അസമത്വം ഉണ്ടെന്നതാണ് സത്യം. സാമ്പത്തിക ഉദാരവല്‍ക്കരണം നിയമ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവന്നു. ബിസിനസ്, കോര്‍പ്പറേറ്റ് നിയമങ്ങളില്‍ പ്രാവീണ്യമുള്ള അഭിഭാഷകര്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്‍ഡാണ്. 

"രാജ്യത്തെ നിയമ സ്ഥാപനങ്ങളെല്ലാം ആഗോള സ്ഥാപനങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ വളര്‍ന്നു കഴിഞ്ഞു. എല്ലാ നിയമ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ഇവരുടെ പക്കലുണ്ട്. സമ്പന്നര്‍ക്കു വേണ്ടി മാത്രമാണ് ഇത്തരം സ്ഥാപനങ്ങളെന്ന പൊതുധാരണയുണ്ട്. നിയമസ്ഥാപനങ്ങള്‍ സമൂഹത്തോട് ബന്ധപ്പെട്ടതല്ലെന്ന മിഥ്യാധാരണ പൊതുജനത്തിനും ചില അഭിഭാഷകര്‍ക്കും ഉണ്ട്. അത്തരം മിഥ്യാധാരണകള്‍ പൊളിച്ചെഴുതേണ്ട സമയമാണിത്."

സമൂഹത്തില്‍ പണക്കാര്‍, പാവപ്പെട്ടവര്‍ എന്ന വ്യത്യാസം കൂടാതെ എല്ലാവരിലേക്കും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിയമ സ്ഥാപനങ്ങള്‍ ബാദ്ധ്യസ്ഥരാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. 

Content Highlights: chief justice n v ramana comments on legal profession