സർഗുജ (ചത്തീസ്ഗഡ്): ചത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ ക്ഷേമ പെൻഷൻ വാങ്ങാനായി 90 വയസുകാരിയായ ഭർതൃമാതാവിനെ ചുമലിലേറ്റി മരുമകൾ നടന്നത് ഒൻപത് കിലോമീറ്റർ. മെയിൻപാറ്റ് മേഖലയിലെ സുഖ്മാനിയ ബായ് എന്ന സ്ത്രീയാണ് 1500 രൂപ പെൻഷൻ തുക കൈപ്പറ്റാനായി കിടപ്പുരോഗിയായ ഭർതൃമാതാവിനെ ചുമലിലേറ്റി നടന്നത്. 

To advertise here,

ബാങ്കിൽ നേരിട്ടെത്തി വിരലടയാളം പതിപ്പിച്ചാൽ മാത്രമേ പെൻഷൻ തുക ലഭിക്കൂ എന്ന നിബന്ധനയുള്ളതിനാലാണ് ഈ വഴി സ്വീകരിച്ചതെന്ന് സുഖ്മാനിയ പറഞ്ഞു. പ്രദേശത്ത് ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതിനാൽ വയോധികയെ ചുമന്നുകൊണ്ട് നടക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. പെൻഷൻ കൈപ്പറ്റാനായി മാസങ്ങളായി തങ്ങൾ ഇങ്ങനെയാണ് പോകുന്നതെന്നും സുഖ്മാനിയ പറയുന്നു.

സർക്കാരിൻ്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ക്ഷേമ പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സർക്കാരിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

ഡിജിറ്റൽ ഇന്ത്യയെന്നും സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്നും സർക്കാർ അവകാശപ്പെടുമ്പോഴും ഉൾനാടൻ ഗ്രാമങ്ങളിലെ ജനങ്ങൾ ഇപ്പോഴും അടിസ്ഥാന ആവശ്യങ്ങൾക്കായി കിലോമീറ്ററുകളോളം നടക്കേണ്ടി വരുന്നത് സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ശാരീരികാസ്ഥത അനുഭവിക്കുന്നവർ ഇത്രയും ദൂരം യാത്ര ചെയ്യേണ്ടി വരുന്നത് നിയമങ്ങളിലെ പോരായ്മയാണെന്ന് നിരവധിപ്പേർ ചൂണ്ടിക്കാട്ടി.