ചെന്നൈ: കൊടുംചൂടില്‍ നഗരയാത്രയ്ക്ക് കുളിര്‍മ പകരാനെത്തിയ എസി സബര്‍ബന്‍ തീവണ്ടി ആളില്ലാതെ ഓടുന്നു. ബീച്ച്-താംബരം-ചെങ്കല്‍പ്പെട്ട് റൂട്ടിലോടുന്ന എസി ലോക്കലില്‍ ശേഷിയുടെ 10 ശതമാനംപോലും യാത്രക്കാര്‍ കയറുന്നില്ല. ഇതേ പാതയിലെ സാധാരണവണ്ടികളില്‍ രാവിലെയും വൈകുന്നേരവും വന്‍ തിരക്ക് അനുഭവപ്പെടുമ്പോഴാണ് എസി ലോക്കല്‍ ആളില്ലാതെ ഓടുന്നത്.

To advertise here,

പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്)യില്‍ നിര്‍മിച്ച 12 കോച്ചുകളടങ്ങിയ എസി സബര്‍ബന്‍ തീവണ്ടി ആറുമാസം മുന്‍പാണ് സര്‍വീസ് തുടങ്ങിയത്. 1,116 പേര്‍ക്ക് ഇരുന്നും 3,798 പേര്‍ക്ക്‌നിന്നും യാത്രചെയ്യാന്‍ കഴിയുന്ന വണ്ടിയാണിത്. ഒരു ട്രിപ്പില്‍ മൊത്തം 4,914 പേര്‍ക്കു കയറാം. എട്ടു സര്‍വീസില്‍ മൊത്തം 39,312 യാത്രക്കാര്‍ക്ക് ഇത് ഉപയോഗിക്കാം. പകുതിപ്പേര്‍ കയറിയാല്‍ 19,655 പേരും നാലിലൊന്നാണെങ്കില്‍ 9,828 പേരും ഒരുദിവസം വണ്ടിയില്‍ കയറണം. എന്നാല്‍ ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് ഒരു ദിവസം ശരാശരി 2,800 പേരാണ് ഇതില്‍ യാത്രചെയ്യുന്നത്. മൊത്തം ശേഷിയുടെ 10 ശതമാനത്തില്‍ താഴെയാണ് ഇത്. മേയ് മാസംമുതല്‍ സര്‍വീസുകളുടെ എണ്ണം 10 ആയി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും എട്ടു സര്‍വീസിലെ കണക്കാണ് ലഭ്യമായിട്ടുള്ളത്.

അമിതനിരക്കും സമയക്രമത്തിലെ പാകപ്പിഴകളുമാണ് എസി ലോക്കലില്‍നിന്ന് യാത്രക്കാരെ അകറ്റുന്നത്. അഞ്ചുകിലോമീറ്റര്‍വരെ യാത്രചെയ്യാന്‍ 35 രൂപയും 6-15 കിലോമീറ്ററിന് 40 രൂപയും 16-25 കിലോമീറ്ററിന് 60 രൂപയും 26-40 കിലോമീറ്ററിന് 85 രൂപയും 56-60 കിലോമീറ്ററിന് 105 രൂപയുമാണ് നിരക്ക്. അഞ്ചുരൂപ മുതല്‍ തുടങ്ങുന്ന സാധാരണ സബര്‍ബന്‍ തീവണ്ടി നിരക്കുമായി താരതമ്യംചെയ്യുമ്പോള്‍ ഇത് വളരെകൂടുതലാണ്. ഇതാണ് യാത്രക്കാരെ എസി തീവണ്ടിയില്‍നിന്ന് പിന്തിരിപ്പിക്കുന്ന പ്രധാനഘടകം. അതേസമയം പ്രതിമാസ സീസണ്‍ ടിക്കറ്റ് എടുത്ത് ദിവസം രണ്ടുതവണ യാത്രചെയ്യുന്നയാള്‍ക്ക് അഞ്ചു കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് ശരാശരി 10 രൂപയേ വരൂ. ആവശ്യമുള്ള സമയത്ത് തീവണ്ടി കിട്ടുമെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് യാത്രക്കാര്‍ സീസണ്‍ ടിക്കറ്റെടുക്കാന്‍ മടിക്കുന്നത്. മെട്രോ സര്‍വീസാണ് കൂടുതല്‍സൗകര്യമെന്ന് അവര്‍ കരുതുകയും ചെയ്യുന്നു.

ദക്ഷിണറെയില്‍വേക്ക് ലഭിക്കുന്ന ആദ്യ എസി സബര്‍ബന്‍ തീവണ്ടിയാണ് ചെന്നൈയിലേത്. മുംബൈ സബര്‍ബന്‍ പാതയില്‍ സെന്‍ട്രല്‍ റെയില്‍വേയും വെസ്റ്റേണ്‍ റെയില്‍വേയും ദിവസവും നൂറിലേറെ എസി സര്‍വീസുകള്‍ നടത്തുന്നുണ്ട്. തുടക്കത്തില്‍ അവിടെയും ആളുകള്‍ കുറവായിരുന്നു. എന്നാല്‍ സര്‍വീസുകള്‍ വര്‍ധിച്ചതോടെ യാത്രക്കാരുംകൂടി.