അയോധ്യ: രസതന്ത്ര അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ചമ്പത് റായ് അയോധ്യ രാമക്ഷേത്രപ്രസ്ഥാനത്തിന്റെ അമരക്കാരനും അധികാരകേന്ദ്രവുമായി വളരുന്നത് 2020-ലാണ്. അയോധ്യ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായി നിയമിതനായതോടെയായിരുന്നു അത്.

To advertise here,

ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് 79-കാരനായ ചമ്പത് റായിയുടെ ജനനം. അയോധ്യയെയും രാമജന്മഭൂമി പ്രസ്ഥാനത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അഗാധപാണ്ഡിത്യം കാരണം ഒപ്പമുള്ളവർ ‘അയോധ്യയുടെ സഞ്ചരിക്കുന്ന വിജ്ഞാനകോശ’മെന്ന് വിളിച്ചു. ധാംപുരിലെ ആർ.എസ്.എം. ഡിഗ്രി കോളേജിൽ രസതന്ത്ര അധ്യാപകനായിരുന്നു. 1977-ലെ അടിയന്തരാവസ്ഥാകാലത്ത് ആർ.എസ്.എസ്. പ്രവർത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും 18 മാസം ജയിലിൽ കിടക്കുകയും ചെയ്തു.

ജയിൽമോചിതനായതോടെ അധ്യാപകവൃത്തി ഉപേക്ഷിച്ച് 1980-ൽ വിശ്വഹിന്ദു പരിഷത്തിൽ (വി.എച്ച്.പി.) ചേർന്നു. വി.എച്ച്.പി. അധ്യക്ഷൻ അശോക് സിംഘലിന്റെ അടുത്ത അനുയായിയായി.

അയോധ്യയിലെ ഭൂമിതർക്കങ്ങളും സ്വത്തുരേഖകളും ഇടവഴികളും പോലും റായിക്ക്‌ തിട്ടമുണ്ടായിരുന്നു. രാമജന്മഭൂമി ഭൂമി ഉടമസ്ഥാവകാശ കേസ് കോടതിയിലെത്തിയപ്പോൾ ആവശ്യമായ രേഖകൾ ശേഖരിക്കുകയും റവന്യൂഭൂപടങ്ങൾ കണ്ടെത്തുകയും വാമൊഴി ചരിത്രങ്ങൾ ക്രോഡീകരിക്കുകയും ചെയ്തതോടെ ‘രാംലല്ലയുടെ സൂക്ഷിപ്പുകാര’നെന്ന പേരുകിട്ടി.

1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ചുനീക്കപ്പെടുമ്പോൾ അയോധ്യയിലുണ്ടായിരുന്ന കാർസേവകരിൽ ഒരാളായിരുന്നു. 2019 നവംബർ ഒൻപതിന് രാമജന്മഭൂമി കേസിൽ വിധി പ്രസ്താവിച്ച് സുപ്രീംകോടതി രാമക്ഷേത്രനിർമാണത്തിന് വഴിയൊരുക്കിയതോടെ രാമക്ഷേത്രട്രസ്റ്റിന്റെ സർവാധികാരിയായി. ആ സ്ഥാനത്തുനിന്നാണ് പടിയിറക്കം.

ചമ്പത് റായിയുടെയും അനിൽ മിശ്രയുടെയും രാജി സ്ഥിരീകരിച്ചു

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും അംഗം അനിൽ മിശ്രയും രാജിവെച്ചെന്ന് ട്രസ്റ്റ് ശനിയാഴ്ച സ്ഥിരീകരിച്ചു. രണ്ടുപേരുടെയും രാജിക്കത്ത് ലഭിച്ചെന്നും അവയുടെ കാര്യത്തിൽ അടുത്ത ട്രസ്റ്റ് യോഗത്തിൽ തീരുമാനമെടുക്കുമെന്നും ട്രഷറർ ഗോവിന്ദ് ദേവ് ഗിരി പ്രസ്താവനയിൽ അറിയിച്ചു.

ഗിരിയുടെ പ്രസ്താവന വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.) സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്തു. വി.എച്ച്.പി. ഉപാധ്യക്ഷൻകൂടിയായ റായിയും മിശ്രയും സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചെന്ന് വെള്ളിയാഴ്ച റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ട്രസ്റ്റോ വി.എച്ച്.പി.യോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

സംഭാവനക്കൊള്ള അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്.ഐ.ടി.) പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവിനാശ് ശുക്ല, അനുകൽപ്പ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, ടിന്നു യാദവ് എന്നിവരെ വ്യാഴാഴ്ച രാത്രി അയോധ്യ പോലീസ് അറസ്റ്റുചെയ്തിരുന്നു. എല്ലാവരും തിങ്കളാഴ്ചവരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

രാമക്ഷേത്രത്തിനു സംഭാവനയായി ലഭിച്ച വെള്ളിക്കട്ടികളും അമൂല്യ ആഭരണങ്ങളും ഉൾപ്പെടെയുള്ളവ ട്രസ്റ്റിന്റെ പക്കൽ സുരക്ഷിതമായുണ്ടെന്നും അവയുടെയെല്ലാം കണക്ക് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ട്രഷറർ ഗിരി അവകാശപ്പെട്ടു. കുറ്റക്കാർക്ക് കർശനശിക്ഷ നൽകണമെന്നും ഇപ്പോൾ നടന്നതുപോലുള്ള നിർഭാഗ്യകരമായ സംഭവങ്ങൾ ഭാവിയിലുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.