ന്യൂഡൽഹി: ഇറാൻ യുദ്ധം കൂടുതൽ ബാധിക്കപ്പെട്ട മേഖലകൾക്ക് ആശ്വാസവുമായി കേന്ദ്രം. കയറ്റുമതിയിലും ഇറക്കുമതിയിലും തടസ്സങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ യുദ്ധം ബാധിച്ച മേഖലകൾക്ക് കേന്ദ്രം ആശ്വാസ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങുന്നതായാണ് വിവരം. എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്‌കീമിന് (ഇസിഎൽജിഎസ്) കീഴിൽ ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ പാക്കേജാണ് ഈ മേഖലകൾക്കായി കേന്ദ്രം പ്രഖ്യാപിക്കുകയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പാക്കേജിന്റെ ഭാഗമായി 5,000 കോടി രൂപയുടെ എയർലൈൻ ക്രെഡിറ്റ് സ്‌കീമും പരിഗണനയിലാണ്. കൂടാതെ ഓരോ വിമാനക്കമ്പനിക്കും 1000 കോടി രൂപ വരെ സർക്കാർ ഗ്യാരന്റിയുള്ള വായ്പകൾ ലഭ്യമാക്കും. അഞ്ചുവർഷത്തെ തിരിച്ചടവ് കാലയളവായിരിക്കും ഈ പദ്ധതിക്ക് ഉണ്ടാകുക, ഇത് നീട്ടാനും സാധ്യതയുണ്ട്. യാത്രാ നിയന്ത്രണങ്ങൾ, ഗൾഫ് യാത്രകളിലെ അനിശ്ചിതത്വം എന്നിവ മൂലമുണ്ടാകുന്ന പ്രതിസന്ധി ലഘൂകരിക്കുകയാണൻ് ലക്ഷ്യം. പാക്കേജുകൾ പ്രഖ്യാപിക്കുന്നതോടെ ബുദ്ധിമുട്ടുന്ന മേഖലകൾക്ക് ഒരുപരിധിവരെ ആശ്വാസമായേക്കും. നേരത്തേ പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കയറ്റുമതി മേഖലയിൽ ആശ്വാസനടപടികൾ സിബിഐസി കൈക്കൊണ്ടിരുന്നു.
യുദ്ധം ആരംഭിച്ചതുമുതൽ രാജ്യത്തെ വിവിധ മേഖലകൾ വൻ പ്രതിസന്ധിയിലായിരിക്കേയാണ് കേന്ദ്ര പാക്കേജെത്തുന്നത്. ഊർജമേഖല, ഓയിൽ മാർക്കറ്റിങ്, വിമാനക്കമ്പനികൾ, ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽസ്, മറ്റ് നിർമാണമേഖലകൾ, ബാങ്കിങ്, ലോജിസ്റ്റിക്സ് മേഖലകളെയെല്ലാം യുദ്ധം ബാധിച്ചു. ഓഹരികളാകട്ടെ പലതും കൂപ്പുകുത്തി. മാത്രമല്ല, ഹോർമുസ് കടലിടുക്കിൽ നേരിടുന്ന ഗതാഗത തസ്സങ്ങളും ഇന്ത്യയെ കാര്യമായി ബാധിക്കുന്നുണ്ട്. എണ്ണടാങ്കറുകളുടെ സഞ്ചാരം തടസ്സപ്പെടുന്നത് രാജ്യത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്ക് ഈ വഴി നിർണായകമാണ്. ഈ വഴിയിലൂടെയുള്ള എണ്ണ ടാങ്കറുകളുടെ സഞ്ചാരത്തിലെ തടസ്സം വിമാന ഇന്ധനത്തിന്റെ വില വർധിപ്പിക്കുകയും വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കൂട്ടുകയും ചെയ്യുന്നുണ്ട്. ഇന്ധന വില വർധനവ് ഇന്ത്യയിലെ എല്ലാ മേഖലകളെയും ദോഷകരമായി ബാധിക്കുന്നത് കണക്കുകൂട്ടിയാണ് പുതിയ പാക്കേജെത്തുന്നത്.
2020 മെയ് മാസത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം ആരംഭിച്ചത്. കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ലോക്ക്ഡൗൺ കാരണം നേരിട്ട സാമ്പത്തിക പ്രതിസന്ധികൾ ലഘൂകരിക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജാമ്യമില്ലാത്ത വായ്പകൾ, സർക്കാർ പിന്തുണയുള്ള വായ്പകൾ, വിപുലീകരിച്ച വായ്പാ കാലാവധി, പലിശനിരക്ക് പരിമിതപ്പെടുത്തൽ തുടങ്ങിയവയായിരുന്നു എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീമിലെ വ്യവസ്ഥകൾ.
Content Highlights: Proposed Rs 2.5 lakh crore ECLGS framework for sectors affected by the Iran war., Specific Rs 5,000 crore credit scheme under consideration for the airline industry., Proposed credit cap of Rs 1,000 crore per airline with a 5-year tenure., Up to 90 percent credit guarantee cover offered by the government., Builds upon previous CBIC relief measures for exporters.
Published: 27 Apr 2026, 02:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented