ന്യൂഡൽഹി: കേരളത്തിലെ സർക്കാർസ്കൂളുകളുടെ എണ്ണം കുറയുന്നതായി കേന്ദ്രസർക്കാരിന്റെ കണക്കുകൾ. 2021-22 മുതൽ 2023-24 വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ 201 സ്കൂളുകൾ പൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി ജയന്ത് ചൗധരി ലോക്‌സഭയിൽ കെ. രാധാകൃഷ്ണനെ അറിയിച്ചു.

To advertise here,

രാജ്യത്താകെ സർക്കാർസ്കൂളുകൾ പൂട്ടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി. 2021-22 വർഷത്തിൽ 5010 സർക്കാർ സ്കൂളുകൾ കേരളത്തിലുണ്ടായിരുന്നുവെന്നാണ് മറുപടിയിൽ പറയുന്നത്. എന്നാൽ, 2023-24 ആയപ്പോഴേക്കും സ്കൂളുകളുടെ എണ്ണം 4809 ആയി കുറഞ്ഞു. രണ്ടുവർഷത്തിനുള്ളിൽമാത്രം 201 സർക്കാർസ്കൂളുകൾ കുറഞ്ഞു.

2019-20-ൽ 5014 സർക്കാർസ്കൂളുകളുണ്ടായിരുന്നു. അത് 2020-21-ൽ 5020, 2021-22-ൽ 5010, 2022-23-ൽ 4811, 2023-24-ൽ 4809 എന്നിങ്ങനെയായെന്നും മറുപടിയിൽ പറയുന്നു. മിക്കസംസ്ഥാനങ്ങളിലും സർക്കാർസ്കൂളുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകളുണ്ട്.

അതേസമയം ഛത്തീസ്ഗഢ്‌, തമിഴ്നാട്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽ അഞ്ചുവർഷത്തിനിടെ സർക്കാർസ്കൂളുകളുടെ എണ്ണംകൂടിയിട്ടുണ്ടെന്നും കേന്ദ്രം മറുപടിയിൽ വ്യക്തമാക്കി.