ന്യൂഡല്‍ഹി: വയനാട് ചൂരല്‍മല ഉരുള്‍പ്പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര തീരുമാനം പുറത്തുവിട്ടത് ഉപതിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തുനിന്ന ശേഷം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കുന്ന കത്ത് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന് കൈമാറിയത്. എന്നാല്‍ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി നവംബര്‍ പത്താണ്. ഇതോടെ വയനാട്‌ ഉപതിരഞ്ഞെടുപ്പ് പോളിങ് കഴിയുന്നത് വരെ കത്ത് പുറത്തുവിടുന്നത് കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്നാണ്‌ ആരോപണം.

To advertise here,

വയനാട് ഉള്‍പ്പടെയുള്ള ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ച് പിറ്റേ ദിവസം14നാണ് കത്ത് സംബന്ധിച്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ ഇമെയില്‍ കെ.വി തോമസിന് ലഭിക്കുന്നത്. കത്ത് മനപ്പൂര്‍വം വൈകിച്ചതായുള്ള ആരോപണമുയര്‍ന്നാല്‍ കുറ്റം പറയാന്‍ സാധിക്കില്ലെന്ന് കെ.വി തോമസ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

ജൂലൈയില്‍ ദുരന്തം നടന്ന് ആഗസ്റ്റില്‍ തന്നെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. കേരളത്തിലെത്തിയ കേന്ദ്ര സംഘത്തോടും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് നല്‍കിയിട്ട് മൂന്നു മാസത്തോളം പിന്നിട്ടിരുന്നു. കൃത്യമായ കാരണമെന്നും ചൂണ്ടിക്കാട്ടാതെയാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കത്തില്‍ പറയുന്നതെന്നും കെ.വി തോമസ് വ്യക്തമാക്കുന്നു. കേരളത്തെ അവഗണിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന വിമര്‍ശനവും കെ.വി തോമസ് ഉയര്‍ത്തുന്നു.

കത്തില്‍ നവംബര്‍ പത്തിന് കേന്ദ്ര സഹമന്ത്രി ഒപ്പിട്ടിട്ടും അത് ഇ-മെയില്‍ ചെയ്യാന്‍ പതിനാലാം തിയ്യതി വരെ കാത്തിരുന്നത് ഉപതിരഞ്ഞെടുപ്പകള്‍ കാരണമാണെന്നാതാണ് പ്രധാന വിമര്‍ശനം. വയനാട്ടിലെ ദുരിത ബാധിതരുള്‍പ്പെടെ വോട്ട് ചെയ്ത തിരഞ്ഞെടുപ്പ് വോട്ടിങ് കഴിഞ്ഞ പിറ്റേ ദിവസമാണ് കത്ത്‌ കേരള സര്‍ക്കാരിലേക്കെത്തുന്നത്. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായി വന്നതോടെയാണ് ഒരു സഹായവും നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയതെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശനം. ലോകരാജ്യങ്ങളുള്‍പ്പടെ ഞെട്ടല്‍ രേഖപ്പെടുത്തിയ ഈ ദുരന്തത്തെ അവഗണിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മന്ത്രി ഒ.ആര്‍ കേളു പ്രതികരിച്ചു. 

ഇതിനെ രാഷ്ട്രീയപരമായും നിയമപരമായുമെല്ലാം എങ്ങനെ നേരിടാമെന്നാാണ് സംസ്ഥാനം ആലോചിക്കുന്നത്. പാര്‍ലമെന്റില്‍ ഈ വിഷയം സജീവമായി ഉന്നയിക്കാനാണ് കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ ധാരണ. ദേശീയ ദുരന്തം തീരുമാനിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചട്ടക്കൂടുകള്‍ മനുഷ്യത്വ വിരുദ്ധമാണെന്നതാണ്‌ മറ്റൊരു വിമര്‍ശനം. ഈ മാനദണ്ഡങ്ങള്‍ പ്രകാരം കേരളം മുഴുവന്‍ ഒഴുകിപ്പോയാലും കേന്ദ്രം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ചെറിയ ദുരന്തങ്ങള്‍ക്ക് പോലും കോടികള്‍ നല്‍കുമ്പോള്‍ വയനാടിനെ അവഗണിക്കുന്നതില്‍ ബി.ജെ.പിക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.