ന്യൂഡല്‍ഹി : മുന്‍ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജര്‍ അഴിമതി കേസില്‍ ആരോപണ വിധേയമായ ഡച്ച് കമ്പനി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമം സംബന്ധിച്ച് നെതര്‍ലാന്‍ഡ് ആരാഞ്ഞുവെന്ന് കേരളം. പബ്ലിക് പ്രോസിക്യുട്ടറിന്റെ മാര്‍ഗ്ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിയിലെ ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്യാനാണ് തീരുമാനമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഡ്രഡ്ജര്‍ അഴിമതി കേസിന്റെ അന്വേഷണത്തില്‍ നെതര്‍ലാന്‍ഡ് സര്‍ക്കാരിന്റെയും, കേന്ദ്ര സര്‍ക്കാരിന്റെയും പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയെ അറിയിച്ചു. 

To advertise here,

ഡ്രഡ്ജര്‍ അഴിമതി കേസിലെ കൂട്ട് പ്രതിയായ  ഡച്ച് കമ്പനിയായ ഐഎച്ച്‌സി ബീവെറിനെ (IHC Beaver) കുറിച്ചുള്ള വിവരങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നെതര്‍ലാന്‍ഡ് സര്‍ക്കാരിന് ലെറ്റര്‍ റോഗടറി (Letter Rogatory) കൈമാറിയിരുന്നു. കേരളത്തിലെ വിജിലന്‍സ് ഡിപ്പാര്‍ട്‌മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ലെറ്റര്‍ റോഗടറി കൈമാറിയിരുന്നത്. ഇതിനുള്ള മറുപടി നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ നല്‍കിയെന്നാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തുന്നതിന്റെ നടപടി ക്രമത്തെ കുറിച്ചാണ് നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ ആരാഞ്ഞത് എന്നും സംസ്ഥാനം സുപ്രീം കോടതിയില്‍ വെളിപ്പെടുത്തി. 

ഐഎച്ച്‌സി ബീവര്‍ (IHC Beaver) എന്ന കമ്പനിയെ കുറിച്ച് നേരത്തെ ആവശ്യപ്പെട്ട രേഖകള്‍ക്ക് പുറമെ, കമ്പനിയുടെ ലെഡ്ജര്‍ അകൗണ്ട് ഷീറ്റ്, ബാലന്‍സ് ഷീറ്റ്, ലാഭ നഷ്ട കണക്കുകള്‍ സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് എന്നിവ ലഭ്യമാക്കാന്‍ ആവശ്യപെട്ടിട്ടുണ്ടെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. വിദേശ രാജ്യത്തെ കമ്പനി ഉള്‍പ്പെട്ട കേസ് ആയതിനാല്‍ അന്വേഷണത്തിന് സമയ പരിധി നിശ്ചയിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജും, സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദും ആണ് സുപ്രീം കോടതിയില്‍ ഇന്ന് ഹാജരായത്. ഡ്രഡ്ജര്‍ അഴിമതിയും ആയി ബന്ധപ്പെട്ട് ജേക്കബ് തോമസിന് എതിരെ പരാതി നല്‍കിയ സത്യന്‍ സത്യന്‍ നരവൂരിന് വേണ്ടി അഭിഭാഷകന്‍ കാളീശ്വരം രാജ് ഹാജരായി .ജേക്കബ് തോമസിന് വേണ്ടി അഭിഭാഷകന്‍ എ കാര്‍ത്തിക് ഹാജരായി.