
ന്യൂഡൽഹി: ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി നടന്ന മൂന്ന് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്ക് തിരിച്ചടി. ബിഹാറിലെ ബാങ്കിപുരിൽ ജൻസുരാജ് പാർട്ടി സ്ഥാനാർഥിയും പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ ജയിച്ചു. കിഷോറിന്റെ രാഷ്ട്രീയ അരങ്ങേറ്റമാണിത്. മധ്യപ്രദേശിലെ ദാതിയയിൽ കോൺഗ്രസ് സ്ഥാനാർഥി ഘനശ്യാം സിങ്ങും ഗുജറാത്തിലെ മഞ്ജൽപുരിൽ ബി.ജെ.പി. സ്ഥാനാർഥി സതേന്ദ്രഭായ് പട്ടേലും ജയത്തോടെ സീറ്റുകൾ നിലനിർത്തി.
ബാങ്കിപുരിൽ ബി.ജെ.പി. സ്ഥാനാർഥി നീരജ് കുമാറിനെതിരേ 19,000 കടന്ന വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രശാന്ത് കിഷോറിന്റെ ജയം. ആർ.ജെ.ഡി.യുടെ രേഖാ കുമാരിയാണ് മൂന്നാമത്. ദാതിയയിൽ ഘനശ്യാം സിങ്ങിലൂടെ കോൺഗ്രസ് മണ്ഡലം നിലനിർത്തി. ബി.ജെ.പി.യുടെ അശുതോഷ് തിവാരിക്കെതിരേ മിന്നും ഭൂരിപക്ഷം നേടിയാണ് ജയം. അതേസമയം, മഞ്ജൽപുരിൽ ബി.ജെ.പി.യുടെ സതീശ് പട്ടേൽ 30,630 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിന് ജയിച്ചു. കോൺഗ്രസിന്റെ ഭിക്കാഭായ് റബാരിക്ക് 24,851 വോട്ടുകളേ നേടാനായുള്ളൂ. പട്ടേൽ 55,481 വോട്ടുകൾ നേടി.
ബിഹാറിലെ സിറ്റിങ് എം.എൽ.എ.യായിരുന്ന നിതിൻ നബിൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ബി.ജെ.പി. ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതോടെ എം.എൽ.എ. സ്ഥാനമൊഴിഞ്ഞിരുന്നു. ഇതോടെയാണ് ബങ്കിപുരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രശാന്ത് കിഷോർ രൂപവത്കരിച്ച ജൻ സുരാജ് പാർട്ടിയുടെ ബാനറിൽ അദ്ദേഹം നേരിട്ട് മത്സരരംഗത്തെത്തിയതോടെ ഈ ഉപതിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യം കൈവന്നു. 1995 മുതൽ ബി.ജെ.പി. മാത്രം ജയിച്ചുവരുന്ന, നിതിൻ നബിൻ കഴിഞ്ഞ അഞ്ചുതവണ തുടർച്ചയായി എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ട, പാർട്ടിയുടെ ഏറ്റവും ഉറച്ച കോട്ടകളിലൊന്നാണ് ബങ്കിപുർ.
മണ്ഡലത്തിൽ ബി.ജെ.പി. ആദ്യം നിശ്ചയിച്ച സ്ഥാനാർഥി അഭിഷേക് കുമാർ സിൻഹ നാമനിർദേശപത്രിക സമർപ്പിച്ചശേഷം അപ്രതീക്ഷിതമായി പിന്മാറിയത് ബി.ജെ.പി. ക്യാമ്പിൽ ആശങ്കയുണ്ടാക്കിയിരുന്നു. തുടർന്ന് യുവജന വിഭാഗം നേതാവായ നീരജ് സിൻഹയെ ബി.ജെ.പി. മത്സരിപ്പിച്ചു.
2025-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ 238 സീറ്റുകളിലും മത്സരിച്ച ജൻ സുരാജ് പാർട്ടിക്ക് സംസ്ഥാനത്താകെ മൂന്ന് ശതമാനത്തിലധികം വോട്ടുകളാണ് ആകെ കിട്ടിയത്. ഒരു മണ്ഡലത്തിൽപ്പോലും വിജയിക്കാനായില്ല. അതിനാൽ ഇത്തവണ പ്രശാന്ത് കിഷോർ നേരിട്ട് മത്സരരംഗത്തിറങ്ങി പാർട്ടിയുടെ രാഷ്ട്രീയപ്രസക്തി തെളിയിക്കുകയായിരുന്നു.
കോൺഗ്രസ് എം.എൽ.എ. രാജേന്ദ്ര ഭാരതി ബാങ്ക് തട്ടിപ്പുകേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതിനെത്തുടർന്നാണ് ദാതിയയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജേന്ദ്ര ഭാരതിയോട് പരാജയപ്പെട്ട മുൻ സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയ്ക്ക് പകരം അശുതോഷ് തിവാരിയെ കളത്തിലിറക്കിയാണ് ബി.ജെ.പി. ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. മുതിർന്ന കോൺഗ്രസ് നേതാവ് ഘനശ്യാം സിങ്ങാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്.
മഞ്ജൽപുരിൽ എം.എൽ.എ.യായിരുന്ന യോഗേഷ് പട്ടേലിന്റെ നിര്യാണത്തോടെതയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുൻ ഗുജറാത്ത് മന്ത്രിയായിരുന്ന ഇദ്ദേഹം കഴിഞ്ഞ ജൂൺ രണ്ടിനാണ് അന്തരിച്ചത്. 36 വർഷത്തോളം ഗുജറാത്ത് നിയമസഭയിൽ അംഗമായിരുന്ന അദ്ദേഹം എട്ടുതവണയാണ് തുടർച്ചയായി എം.എൽ.എ.യായത്. വഡോദര മുൻ കോർപ്പറേഷൻ കൗൺസിലറാണ് ഇവിടെ ബി.ജെ.പി. ഉപതിരഞ്ഞെടുപ്പിന് നിർത്തിയ സതീഷ് ഗോവിന്ദ്ഭായ് പട്ടേൽ. കോൺഗ്രസ് സ്ഥാനാർഥി ഭിക്കാഭായ് റബാരി മുൻ മന്ത്രിയാണ്.
Published: 03 Aug 2026, 05:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented