ബെംഗളൂരു: വ്യാജരേഖകളിലൂടെ കർണാടകത്തിൽ റേഷൻകാർഡും വോട്ടർ തിരിച്ചറിയൽകാർഡും സ്വന്തമാക്കിയ പാകിസ്താൻ പൗരത്വമുള്ള അമ്മയും മകനും അറസ്റ്റിൽ. ചിക്കബല്ലപുര ജില്ലയിലെ ബേഗപ്പൂർ സ്വദേശി അയൂബ് ഖാന്റെ ഭാര്യ ഫറാ നാസും മകൻ മുഹമ്മദ് ഫർദ്ദീനുമാണ് അറസ്റ്റിലായത്.

To advertise here,

പാകിസ്താൻ പൗരത്വം നിലനിൽക്കെ കർണാടകത്തിലെ റേഷൻകാർഡും വോട്ടർ തിരിച്ചറിയൽകാർഡും വ്യാജമായി സ്വന്തമാക്കിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബേഗപള്ളി തഹസിൽദാർ പോലീസിൽ പരാതിനൽകുകയായിരുന്നു.

യു.എ.ഇ.യിൽ ജോലിചെയ്യുന്നതിനിടെയാണ് ഫറാ നാസിനെ അയൂബ് ഖാൻ വിവാഹംചെയ്തത്. മുഹമ്മദ് ഫർദ്ദീൻ പാകിസ്താനിലാണ് ജനിച്ചത്. പിന്നീട് കുടുംബം കർണാടകത്തിലെത്തി ഇവിടെ താമസമാക്കി. അതിനുശേഷം അയൂബ് ഖാനും ഫറാ നാസിനും ജനിച്ച മറ്റ് മൂന്നുകുട്ടികൾക്കും ഇന്ത്യൻ പൗരത്വമുണ്ടായിരുന്നു. എന്നാൽ, ഫറാ നാസും മുഹമ്മദ് ഫർദ്ദീനും പൗരത്വം നേടാതെ വ്യാജരേഖകളിലൂടെ റേഷൻകാർഡ് സ്വന്തമാക്കുകയും വോട്ടർപട്ടികയിൽ ഇടംനേടുകയുമായിരുന്നു. ഇരുവർക്കും എതിരേ ലഭിച്ച പരാതിയെത്തുടർന്ന് റവന്യൂ അധികൃതർ അന്വേഷിച്ചപ്പോൾ രണ്ടുപേരും പാക്പൗരത്വമുള്ളവരാണെന്ന് തെളിയുകയായിരുന്നു.