മുംബൈ: വിജയ് മല്യ ഇന്ത്യയിലേക്ക് തിരികെ വരികയാണെങ്കിൽ മാത്രമേ അദ്ദേഹത്തിന്റെ ഹർജി പരിഗണിക്കുകയുള്ളൂ എന്ന് ബോംബെ ഹൈക്കോടതി. കോടതി നടപടികൾ തുടരണമെങ്കിൽ മല്യയുടെ നേരിട്ടുള്ള സാന്നിധ്യം അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി, രാജ്യം വിട്ടുനിന്നുകൊണ്ട് ഹർജികൾ ഫയൽ ചെയ്യുന്നതിലൂടെ നിയമപ്രക്രിയയെ മല്യ ബോധപൂർവ്വം ഒഴിവാക്കുകയാണെന്നും കുറ്റപ്പെടുത്തി.

To advertise here,

2016 മുതൽ യുകെയിൽ കഴിയുന്ന മല്യ, തന്നെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളി ആയി പ്രഖ്യാപിച്ച നടപടിയെയും 2018-ലെ എഫ്.ഇ.ഒ നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെയും ചോദ്യം ചെയ്തുക്കൊണ്ടുള്ള രണ്ട് പ്രധാന ഹർജികളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ നിരവധി കേസുകളാണ് ഇന്ത്യയിൽ മല്യക്കെതിരെ നിലവിലുള്ളത്.

കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 18-ന് മുൻപ് ഇന്ത്യയിലേക്ക് മടങ്ങാൻ താല്പര്യമുണ്ടോ എന്ന കാര്യം മല്യ വ്യക്തമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മല്യ കോടതി നടപടികളെ മനഃപൂർവ്വം ഒഴിവാക്കുകയാണെന്ന് രേഖപ്പെടുത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ ബെഞ്ച്, ഹർജി തള്ളിക്കളയാതെ അദ്ദേഹത്തിന് ഒരു അവസരം കൂടി നൽകുകയാണെന്ന് വ്യക്തമാക്കി.

ഹർജിക്കാരന്റെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ തന്നെ വാദം കേൾക്കാൻ നിയമപരമായ മുൻഗണനകൾ ഉണ്ടെന്ന് മല്യയുടെ അഭിഭാഷകൻ അമിത് ദേശായി വാദിച്ചെങ്കിലും കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം മാത്രമാണ് മല്യ നിയമത്തെ ചോദ്യം ചെയ്യുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനെ എതിർത്തുകൊണ്ട് പറഞ്ഞു.