കൊച്ചി: എറണാകുളം ജില്ലയിലെ പിറവത്ത് കെട്ടിട നിർമാണവേളയിൽ മണ്ണിടിഞ്ഞ് മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ പശ്ചിമ ബംഗാളിലേക്ക് അയക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. വ്യാഴാഴ്ച രാത്രി ഒമ്പതുമണിക്ക് ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിലാണ് മൃതദേഹങ്ങൾ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകുക. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിച്ചത്.

To advertise here,

സംഭവം നടന്ന ഉടൻതന്നെ തൊഴിൽ വകുപ്പ് മന്ത്രി നേരിട്ട് ജില്ലാ ലേബർ ഓഫീസറുമായി ബന്ധപ്പെടുകയും സ്ഥലം സന്ദർശിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. അതിന്റെ   അടിസ്ഥാനത്തിൽ ജില്ലാ ലേബർ ഓഫീസറും ഉദ്യോഗസ്ഥരും സംഭവസ്ഥലത്തും അതിനുശേഷം ആശുപത്രികളിലും നേരിട്ട് ചെല്ലുകയും വിശദമായ റിപ്പോർട്ട് തൊഴിൽ വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തു.

തൊഴിൽ വകുപ്പ് മന്ത്രിയുടെ നിർദേശാനുസരണം ജില്ലാ ലേബർ ഓഫീസർ പി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി പോസ്റ്റുമാർട്ടം ഉൾപ്പെടെയുള്ള നടപടികൾ ഏകോപിപ്പിക്കുകയും വൈകീട്ട് അഞ്ച് മണിയോടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് അയക്കുകയും ചെയ്തു.

തൊഴിൽ വകുപ്പിന് വേണ്ടി ജില്ലാ ലേബർ ഓഫീസർ ഭൗതിക ശരീരങ്ങളിൽ റീത്ത് സമർപ്പിച്ചു. ജില്ല ലേബർ ഓഫീസർ പി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ലേബർ ഓഫീസർ പി.കെ. മനോജ്, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരായ ജി. കൃഷ്ണപ്രസാദ്, രാജീവ്‌ .പി.എ തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.