മുംബൈ: മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ നീക്കം പിളർന്ന എൻസിപി വിഭാഗങ്ങൾ കൈക്കോർത്ത് മത്സരത്തിനിറങ്ങിയതായിരുന്നു.  ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുണെ, പ്രിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഫലം പക്ഷേ, എൻസിപി ശരത്പവാർ, അജിത് പവാർ വിഭാഗങ്ങൾക്ക് നിരാശ നൽകുന്നതാണ്. ഒരുകാലത്ത് എൻസിപിയുടെ ശക്തികേന്ദ്രമായിരുന്ന രണ്ട് കോർപ്പറേഷനുകളിലും ബിജെപിയുടെ തേരോട്ടമാണ് ദൃശ്യമാകുന്നത്. 165 വാർഡുകളുള്ള പുണെ കോർപ്പറേഷനിൽ 120 സീറ്റുകളിലെ ഫലം പുറത്ത് വന്നപ്പോൾ 90 ഇടങ്ങളിൽ ബിജെപി മുന്നിലാണ്. 20 സീറ്റുകളിൽ മാത്രമാണ് എൻസിപി വിഭാഗങ്ങൾ ലീഡ് ചെയ്യുന്നത്. കോൺഗ്രസ്-ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 10 സീറ്റുകളിലും മുന്നിലുണ്ട്. ഷിന്ദേ വിഭാഗം ശിവസേന പുണെയിൽ ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാനായിട്ടില്ല.

To advertise here,

പ്രിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിൽ വൻ ലീഡോടെ ബിജെപി വിജയിച്ചു. 128 വാർഡുകളിൽ 84 വാർഡുകളും ബിജെപി സ്വന്തമാക്കി. എൻസിപി വിഭാഗങ്ങൾക്ക് 36 സീറ്റാണ് നേടാനായത്. ശിവസേന ഏഴിടത്ത് വിജയം നേടി.

മുംബൈ മുനിസിപ്പൽ കോർപ്പറേഷന് ശേഷം ഏറ്റവും സമ്പന്നമായ കോർപ്പറേഷനാണ് പ്രിംപ്രി-ചിഞ്ച്‌വാഡ്. 2017 വരെ എൻസിപിയുടെ ഭരണത്തിലായിരുന്നു. ബിജെപി ഭൂരിപക്ഷം നേടിയ 2017 ലാണ് ഇവിടെ അവസാന മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുക്കപ്പെട്ട സമിതിയുടെ കാലാവധി 2022 മാർച്ചിൽ അവസാനിച്ചു, അതിനുശേഷം മുനിസിപ്പൽ സമിതി അഡ്മിനിസ്‌ട്രേഷൻ ഭരണത്തിന് കീഴിലാണ്. 2017 ൽ നഷ്ടപ്പെട്ട കോർപ്പറേഷൻ തിരിച്ചുപിടിക്കാൻ അജിത് പവാറും എല്ലാ അടവുകളും പയറ്റിയിരുന്നു. കുടുംബത്തിലെ തർക്കവും പാർട്ടിയിലെ പിളർപ്പും എല്ലാം മറന്നായിരുന്നു രണ്ട് എൻസിപികളും ഇവിടെ കൈക്കോർത്ത് മത്സരിച്ചത്. എന്നാൽ 2017-ലേതിനേക്കാൾ കനത്ത തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

2017 ൽ ബിജെപി 78 സീറ്റുകളും എൻസിപി 35 സീറ്റുകളും ശിവസേന ഒൻപത് സീറ്റുകളും എംഎൻഎസ് ഒരു സീറ്റും സ്വതന്ത്രർ അഞ്ചു സീറ്റും നേടിയിരുന്നു.