ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് നിര്‍ഭയയുടെ അമ്മ മാപ്പ് നല്‍കണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്ങിന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി. ഇന്ദിരാ ജെയ്‌സിങ്ങിന്റെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്ന് ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു. 

To advertise here,

നിര്‍ഭയ കേസിലെ പ്രതികളെ 2017 ജൂലായില്‍ ശിക്ഷിച്ചതാണെന്നും എന്നാല്‍ 2019 വരെ ഡല്‍ഹി സര്‍ക്കാര്‍ പ്രതികളുടെ ശിക്ഷ സംബന്ധിച്ച വിവരം അറിയിച്ചില്ലെന്നും മനോജ് തിവാരി ആരോപിച്ചു. ജയില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലാണെന്നും കുറ്റവാളികളെ ശിക്ഷയുടെ കാര്യം അറിയിക്കാമായിരുന്നുവെന്നും ആം ആദ്മിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി അദ്ദേഹം പറഞ്ഞു. 

ഇന്ദിരാ ജെയ്‌സിങ്ങിന്റെ ചരിത്രവും അവര്‍ക്ക് ആം ആദ്മി പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും എല്ലാവര്‍ക്കും അറിയാമെന്ന് ബി.ജെ.പി നേതാവ് സരോജ് പാണ്ഡെ പറഞ്ഞു. കാര്യങ്ങള്‍ വെളിപ്പെടുമ്പോള്‍ അത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.

രാജിവ് ഗാന്ധി വധക്കേസില്‍ നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണമെന്നാണ് ഇന്ദിരാ ജെയ്സിങ് നിര്‍ഭയയുടെ അമ്മ ആശാ ദേവിയോട് പറഞ്ഞത്. ' നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ വേദന ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. എന്നാല്‍ വധശിക്ഷക്ക് എതിരാണ്'എന്ന് ഇന്ദിര ട്വിറ്ററില്‍ കുറിച്ചിരുന്നു

ഇതിന് മറുപടിയുമായി നിര്‍ഭയയുടെ അമ്മ ആശാ ദേവിയും രംഗത്തെത്തിയിരുന്നു. അത്തരമൊരു നിര്‍ദേശം എന്റെ മുന്നില്‍ വെക്കാന്‍ ഇന്ദിരാ ജെയ്സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഇന്ദിരാ ജെയ്സിങിനെ പോലുള്ള ആളുകള്‍ കാരണം ബലാത്സംഗത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാകുന്നില്ലെന്നും ആശാദേവി പറഞ്ഞു.

Content Highlights: BJP trains gun on Indira Jaising for her 'pardon like Sonia' comment