ആഗോള ടെലികമ്മ്യൂണിക്കേഷൻ ചരിത്രത്തിൽത്തന്നെ ഏറ്റവും ധീരമായ നീക്കമായിരുന്നു ജിയോയുടെ വരവ്. വോയ്‌സ് കോളുകളെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന രാജ്യത്ത്, നാലാം തലമുറ (4ജി) സാങ്കേതികവിദ്യ മാത്രം മുൻനിർത്തി, ടെലികോം വിപണിയെ പാടെ മാറ്റിമറിക്കാൻ അവർക്കായി.

To advertise here,

2016 സെപ്റ്റംബറിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപ് തന്നെ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിലും 4ജി സ്‌പെക്ട്രത്തിലുമായി 25 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്. പണം നൽകുന്ന ഒരു ഉപഭോക്താവുപോലും ഇല്ലാത്ത സമയത്തായിരുന്നു സ്വന്തം കമ്പനിയുടെ ആസ്തി പണയം വെച്ചുള്ള ഈ വൻ പദ്ധതി. 'ഒരു പോസ്റ്റ്കാർഡിനേക്കാൾ കുറഞ്ഞ ചെലവിൽ ഫോൺ കോൾ സാധ്യമാകണം' എന്ന പിതാവ് ധീരുഭായ് അംബാനിയുടെ കാഴ്ചപ്പാടിനെ, മുകേഷ് അംബാനി ഡിജിറ്റൽ യുഗത്തിനനുയോജ്യമായ രീതിയിൽ അതിവേഗ മൊബൈൽ ഡാറ്റയിലേക്ക് വികസിപ്പിച്ചു.

റിലയൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിസ്‌ക് ജിയോ ആയിരുന്നുവെന്ന് അംബാനി പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. ''സ്വന്തം പണമാണ് നിക്ഷേപിച്ചത്. പരാജയപ്പെട്ടാൽപോലും ഞങ്ങൾക്ക് നഷ്ടബോധം ഉണ്ടാകില്ല. കാരണം, ഇന്ത്യയെ ഡിജിറ്റൈസ് ചെയ്യാൻ സാധിച്ചു എന്ന സംതൃപ്തിയോടെ റിലയൻസ് ചെയ്ത ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമായി ഇതിനെ കാണും'' എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

തുടക്കത്തിൽ നൽകിയ സീറോ-കോസ്റ്റ് 'വെൽക്കം ഓഫറുകളും' തുടർന്ന് 1,500 രൂപ ഡെപ്പോസിറ്റിൽ അവതരിപ്പിച്ച റീഫണ്ടബിൾ 'ജിയോഫോണും' രാജ്യത്തെ ടെലികോം മേഖലയിൽ നിലവിലുള്ള വമ്പൻ കമ്പനികളുടെ അടിത്തറയിളക്കി. ഉയർന്ന ഡാറ്റാനിരക്ക് ഈടാക്കിയിരുന്ന പഴയ ബിസിനസ് മോഡലുകൾ തകരുകയും, വിപണിയിൽ ഏകീകരണം സംഭവിക്കുകയും ചെയ്തു. ഡസൻകണക്കിന് കമ്പനികൾ ഉണ്ടായിരുന്ന സ്ഥാനത്തുനിന്ന് റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ മൂന്ന് കമ്പനികളിലേക്ക് വ്യവസായം ചുരുങ്ങി. ഈ വിപ്ലവം മൊബൈൽ ഡാറ്റ ഉപഭോഗം കുതിച്ചുയരാൻ കാരണമാവുകയും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായി മാറുകയും ചെയ്തു. ഈ അവിശ്വസനീയമായ തന്ത്രമാണ് ഇന്ന് ജിയോ പ്ലാറ്റ്‌ഫോംസിനെ 10 ലക്ഷം കോടി മൂല്യത്തിലെത്തിച്ചിരിക്കുന്നത്.

മൂലധനം സമാഹരിക്കാനുള്ള മാർഗം എന്നതിലുപരി, ജിയോ ശക്തവും സംയോജിതവുമായ ഡിജിറ്റൽ സാമ്രാജ്യമാണെന്ന വിപണിയുടെ അംഗീകാരമാണ് ഈ ഐ.പി.ഒ.

FY26 പ്രവർത്തന

വരുമാനം 

₹1,46,885.3 കോടി

FY26 EBITDA

& മാർജിൻ

₹76,255.4 കോടി

(51.91%)

FY26 PAT (അറ്റാദായം)

& മാർജിൻ

₹30,049.1 കോടി

(20.46%)

Q1 FY27

(30 ജൂൺ 2026)

വരുമാനം

₹39,172.9 കോടി

Q1 FY27

EBITDA & മാർജിൻ

₹20,864.5 കോടി

(53.26%)

Q1 FY27 PAT

(അറ്റാദായം)

& മാർജിൻ

₹7,764.1 കോടി

(19.82%)

വാർഷിക വളർച്ച

(FY24–FY26)

വരുമാനം: 15.79%,

EBITDA: 17.79%

ബാധ്യത

(Net Leverage)

FY24-ൽ 0.88x

ആയിരുന്നത് FY26-ൽ

0.36x ആയി കുറഞ്ഞു

കമ്പനിയുടെ പ്രവർത്തനക്ഷമതയും സാമ്പത്തിക ഭദ്രതയും വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. സബ്‌സ്‌ക്രൈബർമാർ 2ജിയിൽനിന്ന് 4ജി, 5ജി ശൃംഖലകളിലേക്ക് മാറിയതും നിലവിലുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ ഡിജിറ്റൽ സേവനങ്ങൾ ക്രോസ്-സെല്ലിങ് നടത്തിയതും ബ്രോഡ്ബാൻഡ് സേവനങ്ങളുടെ വേഗതയുമാണ് കമ്പനിയുടെ വരുമാനവളർച്ചയ്ക്ക് ആക്കം കൂട്ടിയത്.

കമ്പനിയുടെ ബാധ്യത 0.88x-ൽനിന്ന് 0.36x ആയി കുറഞ്ഞതും 50 ശതമാനത്തിനു മുകളിൽ (EBITDA) മാർജിൻ നിലനിർത്തുന്നതും ജിയോയുടെ മൂലധന കാര്യക്ഷമതയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത്തരത്തിൽ ബാധ്യത കുറഞ്ഞതോടെ പ്രധാന കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ബാലൻസ്ഷീറ്റ് മികവുറ്റതാക്കി. ഐ.പി.ഒ. വഴി ലഭിക്കുന്ന 30,213 കോടിയുടെ ഭൂരിഭാഗവും കടംവീട്ടുന്നതിനും കോർപ്പറേറ്റ് വികസനങ്ങൾക്കുമായി നീക്കിവെക്കുന്നതിലൂടെ ജിയോയുടെ അടിത്തറ കൂടുതൽ ശക്തമാകും.

രാജ്യവ്യാപക മുന്നേറ്റം

വിശാലമായ അടിസ്ഥാന സൗകര്യങ്ങളും വൻ ഉപഭോക്തൃ അടിത്തറയുമാണ് എതിരാളികൾക്ക് മറികടക്കാനാകാത്ത ജിയോയുടെ പ്രധാന നേട്ടം.

  • ജൂൺ 30-ലെ കണക്കനുസരിച്ച് ജിയോയ്ക്ക് ആകെ 53.33 കോടി ഉപഭോക്താക്കളുണ്ട്. തൊട്ടടുത്ത എതിരാളി നേടിയതിനേക്കാൾ മൂന്നിരട്ടി അധികമാണിത്. 26.85 കോടി 5ജി ഉപഭോക്താക്കളും കമ്പനിക്കുണ്ട്.
  • ജൂൺ 30 വരെ 3,60,537 നെറ്റ്‌വർക്ക് ടവറുകളാണ് ജിയോ പ്ലാറ്റ്‌ഫോംസിന് കീഴിലുള്ളത്. ഇതിൽ ഭൂരിഭാഗവും ഫൈബർ ശൃംഖലയുമായി ബന്ധിപ്പിച്ചവയാണ്. ശൃംഖലയിലുടനീളം 57 ലക്ഷം ആക്ടീവ് റേഡിയോ ഫ്രീക്വൻസി (RF) കാരിയർ സെക്ടറുകൾ പ്രവർത്തിക്കുന്നു. 10 ലക്ഷത്തിലധികം റൂട്ട് കിലോമീറ്റർ നീളമുള്ള ഫൈബർ നെറ്റ്‌വർക്ക് ജിയോയ്ക്കുണ്ട്. ഇതിന്റെ 60 ശതമാനത്തിലധികവും പ്രധാന നഗരങ്ങളിലാണുള്ളത്.
  • കഴിഞ്ഞ സാമ്പത്തികവർഷത്തെ ഇന്ത്യയിലെ ആകെ വയർലെസ് ഡാറ്റാ ട്രാഫിക്കിന്റെ 60 ശതമാനവും ജിയോയുടെ നെറ്റ്‌വർക്കിലൂടെയാണ് കടന്നുപോയത്. രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററേക്കാൾ 1.4 ഇരട്ടി 4ജി, 5ജി ഉപഭോക്താക്കൾ ജിയോയ്ക്കുണ്ട്.

രാജ്യത്തെ വയർലെസ് ജനസംഖ്യയുടെ 99 ശതമാനത്തിലധികം പ്രദേശങ്ങളിലും ജിയോയുടെ മൊബൈൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് എത്തുന്നുണ്ട്. നിലവിലെ വലിയ ശൃംഖല ഉള്ളതിനാൽ പുതിയ ഡിജിറ്റൽ സേവനങ്ങൾ കുറഞ്ഞ ചെലവിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ജിയോയ്ക്ക് സാധിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ ഈ വൻ വളർച്ച സാങ്കേതികവിദ്യയുടെ സ്വയംപര്യാപ്തതയിലേക്കാണ് കമ്പനിയെ നയിച്ചത്.

സ്വന്തം സാങ്കേതികവിദ്യ

ടെലികോം സേവനദാതാവ് എന്ന നിലയിൽനിന്ന് സ്വന്തമായി ഡീപ്-ടെക് സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്ന ഡിജിറ്റൽ ഭീമനായി ജിയോ പ്ലാറ്റ്‌ഫോംസ് മാറി. നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, ഉപകരണം, സോഫ്റ്റ്‌വേർ, ഓപ്പറേറ്റിങ് സിസ്റ്റം, ആപ്ലിക്കേഷനുകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സാങ്കേതിക അടിത്തറയാണ് ജിയോയുടേത്. 12,477 സാങ്കേതിക വിദഗ്ധരാണ് ഡിജിറ്റൽ പ്രൊഡക്റ്റ്, ടെക്‌നോളജി ഡെവലപ്‌മെന്റ് വിഭാഗത്തിൽ മാത്രം ജോലി ചെയ്യുന്നത്. മൊത്തം ജീവനക്കാരുടെ 45 ശതമാനത്തോളം വരുമിത്.

Also Read| ജിയോ ഐപിഒ 21 മുതൽ: ഓഹരിയൊന്നിന് 1,065 രൂപ; വിശദാംശങ്ങൾ അറിയാം

4ജി, 5ജി, 6ജി ഗവേഷണങ്ങൾ, ക്ലൗഡ് നെറ്റീവ് ആർക്കിടെക്ചർ, എ.ഐ. നെറ്റ്‌വർക്ക് ഓട്ടോമേഷൻ എന്നിവയിലായി ആഗോളതലത്തിൽ 7,220 പേറ്റന്റ് അപേക്ഷകളാണ് ജിയോയും ഉപകമ്പനികളും നൽകിയിട്ടുള്ളത്. ഇതിൽ 2,655 എണ്ണം ഇന്ത്യയിലും 4,565 എണ്ണം വിദേശ രാജ്യങ്ങളിലുമാണ്. 2025-ൽ വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷന്റെ (WIPO) പേറ്റന്റ് സഹകരണ ഉടമ്പടി (PCT) റാങ്കിങ്ങിൽ ലോകത്തിലെ മുൻനിര 20 കമ്പനികളിൽ ഇടംപിടിച്ച ഒരേയൊരു ഇന്ത്യൻ കമ്പനി ജിയോ ആണ്.

ജിയോ സ്വന്തമായി വികസിപ്പിച്ചെടുത്ത 'JioBrain' എന്ന എ.ഐ. പ്ലാറ്റ്‌ഫോം തത്സമയ നെറ്റ്‌വർക്ക് ഒപ്റ്റിമൈസേഷനും തകരാറുകൾ മുൻകൂട്ടി പ്രവചിക്കാനും ഉപയോഗിക്കുന്നു. സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിലൂടെ വിദേശ വെണ്ടർമാർക്ക് നൽകേണ്ടിവരുന്ന ഭീമമായ ലൈസൻസ് തുക ഒഴിവാക്കാനും പ്രവർത്തനച്ചെലവുകളിൽ വൻ ലാഭമുണ്ടാക്കാനും ജിയോയ്ക്ക് കഴിയുന്നു. വിദേശ വിപണികളിലേക്ക് 5ജി സാങ്കേതികവിദ്യയും സോഫ്റ്റ്‌വേറുകളും വിതരണം ചെയ്യുന്നതിലൂടെ ജിയോയുടെ ബിസിനസ് ഘടനയിൽ വൻമാറ്റമുണ്ടാക്കാനായി.

പരമ്പരാഗത ടെലികോം ഓപ്പറേറ്റർ എന്ന നിലയിൽനിന്ന് ഉയർന്ന മാർജിൻ ലഭിക്കുന്ന കയറ്റുമതിക്കാരായി മാറാൻ ജിയോയ്ക്ക് ഇതിലൂടെ സാധിക്കുന്നു. സ്വന്തം സാങ്കേതികവിദ്യയുടെ കരുത്താണ് വീടുകളിലേക്കുള്ള ബ്രോഡ്ബാൻഡ് വ്യാപനത്തിനും ജിയോയ്ക്ക് ഊർജമേകുന്നത്.

പത്തുവർഷം മുമ്പ് 25 ബില്യൺ ഡോളറിന്റെ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപവുമായി തുടങ്ങിയ സംരംഭത്തിൽനിന്ന് ഇന്ന് ഇന്ത്യയുടെ മുഴുവൻ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലായി 10 ലക്ഷം കോടിയുടെ സാമ്രാജ്യത്വത്തിലേക്ക് ജിയോ വളർന്നുകഴിഞ്ഞു. 5ജി സേവനങ്ങളിൽനിന്നുള്ള നേട്ടം, എ.ഐ. സേവനങ്ങളുടെ വ്യാപനം, ആഗോളതലത്തിലുള്ള സോഫ്റ്റ്‌വേർ ലൈസൻസിങ് എന്നിവയിൽ കമ്പനിയുടെ പ്രകടനം ആഗോള നിക്ഷേപകർ ഉറ്റുനോക്കുകയാണ്.