
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനെ പിളർത്തിയത് പോലെ മഹാരാഷ്ട്രയിലെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനെയും പിളർത്താൻ ബിജെപി നീക്കമെന്ന് സൂചന. ഉദ്ധവ് താക്കറെയുടെ പാർട്ടിയുടെ ഒമ്പത് എംപിമാരിൽ ആറുപേരെ ഏക്‌നാഥ് ഷിന്ദേയുടെ ശിവസേനയിലെത്തിക്കാനാണ് നീക്കം നടക്കുന്നത്. ഉദ്ധവ് താക്കറെയുടെ ശിവസേന എംപിമാരിൽ ചിലർ ഷിന്ദേ വിഭാഗവുമായി ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ പരാജയപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകളുൾപ്പെടെ പാസാക്കിയെടുക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി ആവിഷ്‌കരിക്കുന്നതെന്നാണ് സൂചന.
ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് ഒമ്പത് എംപിമാരാണ് ഉള്ളത്. ഏക്‌നാഥ് ഷിന്ദേയ്ക്ക് ഏഴുപേരും. ഇതിൽ ഉദ്ധവ് താക്കറെ വിഭാഗത്തിലുള്ള ആറുപേരെ ഷിന്ദേയുടെ പാളയത്തിലെത്തിക്കാനാണ് നീക്കം നടക്കുന്നത്. അരവിന്ദ് ദേശായി, അരവിന്ദ് സാവന്ത് എന്നീ എംപിമാർ ഉദ്ധവിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ള ഏഴുപേരിൽ ആറ് എംപിമാരും ഷിന്ദേ വിഭാഗത്തോടൊപ്പം പോയേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അതേസമയം മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കാനിടയുണ്ടെന്ന സൂചനകൾക്കിടെ ഉദ്ധവ് താക്കറെ തന്റെ പാർട്ടിയുടെ പാർലമെന്റ് അംഗങ്ങളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു. ജൂൺ 14-ന് മുംബൈയിലെ താക്കറെയുടെ വസതിയായ മാതോശ്രീയിൽ വെച്ചാണ് യോഗം നടക്കുന്നത്. പാർട്ടിക്കുള്ളിൽ ഐക്യം ഉറപ്പാക്കാനും എംപിമാരുടെ നിലപാടുകൾ വ്യക്തമാക്കാനുമാണ് ഈ നീക്കം. പർഭാനി എംപി സഞ്ജയ് ജാദവ് കഴിഞ്ഞ ചില പാർട്ടിയോഗങ്ങളിൽ നിന്ന് വിട്ടുനിന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇദ്ദേഹം ഏകനാഥ് ഷിന്ദേയുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന.
ഹിംഗോളി എംപി നാഗേഷ് പാട്ടീൽ അഷ്ടിക്കർ, നാസിക് എംപി രാജാഭൗ വാജെ, ഷിർദി എംപി ഭാവുസാഹേബ് വക്ചൗരെ എന്നിവർ ഏകനാഥ് ഷിന്ദേയുമായോ അദ്ദേഹത്തിന്റെ മന്ത്രിമാരുമായോ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. വികസന പ്രവർത്തനങ്ങൾക്കായാണ് ഈ കൂടിക്കാഴ്ചകൾ എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് നിരീക്ഷകർ കരുതുന്നു.
എംപിമാർ കൂറുമാറിയാൽ ഉദ്ധവിനെ സംബന്ധിച്ചിടത്തോളം അത് വലിയ തിരിച്ചടിയായി മാറും. ഇതൊഴിവാക്കാനാണ് നീക്കം.
എംപിമാർ കൂറുമാറിയാൽ ലോക്‌സഭയിൽ എൻഡിഎയുടെ അംഗസംഖ്യ വർധിക്കുന്നതിലേക്കാണ് നയിക്കുക. നിലവിൽ 293 എംപിമാരാണ് എൻഡിഎയുടെ ഭാഗമായുള്ളത്. തൃണമൂലിന്റെ 20 വിമത എംപിമാർ എൻഡിഎയുടെ ഭാഗമാകുന്നതോടെ അംഗസംഖ്യ 313 ആയി ഉയരും. ഉദ്ധവ് വിഭാഗത്തിൽ നിന്ന് ആറുപേരുകൂടി എത്തിയാൽ എൻഡിഎയുടെ അംഗബലം 319 ആയി ഉയരും. സ്വതന്ത്രരും ചെറുപാർട്ടികളും ഉൾപ്പെടെ 10 എംപിമാരുടെ പിന്തുണയും എൻഡിഎ ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇന്ത്യ സഖ്യത്തിലുണ്ടായിരുന്ന തമിഴ്‌നാട്ടിലെ ഡിഎംകെയുടെ പിന്തുയ്ക്കായും ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. 22 എംപിമാരാണ് ഡിഎംകെയ്ക്കുള്ളത്. ഇവരുടെ പിന്തുണ ഉറപ്പിച്ചാൽ പല പ്രധാനപ്പെട്ട ബില്ലുകളും പാസാക്കിയെടുക്കാൻ കേന്ദ്രസർക്കാരിന് സാധിക്കും. വരുന്ന വർഷകാല സമ്മേളനത്തിൽ വനിതാ സംവരണ ഭേദഗതി ബില്ല് വീണ്ടും അവതരിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ പയറ്റുന്നത്. അതിന് മുമ്പ് ആവശ്യമായ അംഗബലം ഉറപ്പിക്കാനുള്ള കരുനീക്കമാണ് നടക്കുന്നത്.
പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിക്കാനും ജനാധിപത്യ മൂല്യങ്ങളെ തകർക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. വരാനിരിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിനായി ചരടുവലികൾ നടത്തുകയാണെന്ന് അവർ കുറ്റപ്പെടുത്തി.
Content Highlights: BJP reportedly planning to move six Uddhav Thackeray faction MPs to Eknath Shinde's camp., Uddhav Thackeray calls an emergency meeting at Matoshree on June 14., Strategic goal is to increase NDA strength to 319 to pass key constitutional amendment bills., Potential shift of MPs from TMC and efforts to influence DMK to boost NDA numbers., Congress alleges BJP is attempting to undermine democratic values.
Published: 13 Jun 2026, 02:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented