റായ്പൂര്‍: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും അപമാനിച്ചെന്നാരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെയുക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതൃത്വം. ഖാര്‍ഗെയുടെ വാക്കുകൾ ദളിത് വിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും വിഷയത്തിൽ കോൺഗ്രസ് പാർട്ടിയും ഖാർഗെയും പരസ്യമായി മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

To advertise here,

ഛത്തീസ്ഗഢിലെ റായ്പൂരില്‍ നടന്ന പൊതുസമ്മേളനത്തിലായിരുന്നു ഖാർഗെയുടെ പ്രസംഗം. 'ദ്രൗപതി മുര്‍മുവിനെയും രാംനാഥ് കോവിന്ദിനെയും രാജ്യത്തിന്റെ പ്രസിഡന്റുമാരാക്കിയതിനേക്കുറിച്ച് ബിജെപി എപ്പോഴും പറയാറുണ്ട്. പക്ഷേ, നമ്മുടെ സ്വത്തുക്കള്‍, വനങ്ങള്‍, വെള്ളം, ഭൂമി എന്നിവയൊക്കെ തട്ടിയെടുക്കാനാണോ അവര്‍ ഇതെല്ലാം ചെയ്തത്?', എന്നായിരുന്നു ഖാര്‍ഗെയുടെ പ്രസ്താവന. തൊട്ടുപിന്നാലെ അദ്ദേഹം പേരുകൾ തിരുത്തിയെങ്കിലും പരാമർശം വിവാദമായി.

ഖാര്‍ഗെയുടെ വാക്കുകൾ ദളിത് വിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ പ്രതികരിച്ചു. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൊതുചിന്തയാണ് വെളിവാക്കുന്നത്. രാഷ്ട്രപതിമാര്‍ക്കെതിരായുള്ള പരാമര്‍ശത്തില്‍ കോൺഗ്രസ് പാർട്ടിയും ഖാർഗെയും പരസ്യമായി മാപ്പ് പറയണമെന്നും ഖാർഗെയെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെപ്പിക്കണമെന്നും ഭാട്ടിയ ആവശ്യപ്പെട്ടു. ഖാർഗെയും കോൺഗ്രസും ക്ഷമാപണം ചെയ്യില്ലെങ്കിൽ, രാജ്യത്തെ ഓരോ പൗരനും അവരുടെ ക്ഷോഭം പ്രകടിപ്പിക്കും. ഈ പിഴവ് കോൺഗ്രസിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഭാട്ടിയ മുന്നറിയിപ്പ് നൽകി.

അതേസമയം, ഖാര്‍ഗെയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര രംഗത്തെത്തി. കപടമായ രാഷ്ട്രീയ നിലപാടുകളാണ് ബിജെപിയുടേത്. അവർ രാഷ്ട്രപതിയെ ഒരു ചിഹ്നമായി അവതരിപ്പിച്ചുകൊണ്ട് അവർ ആദിവാസി സമൂഹങ്ങളെ ചൂഷണം ചെയ്യുകയാണ്. ഛത്തീസ്ഗഢിൽ ആയിരക്കണക്കിന് വൃക്ഷങ്ങൾ വെട്ടിമാറ്റുകയും ഭൂമിയും കാടുകളും ജലസ്രോതസ്സുകളും കയ്യടക്കുകയും ചെയ്യുകയാണവർ. ഇതിനെ ചോദ്യംചെയ്യുമ്പോൾ, ആദിവാസി വിഭാഗത്തിൽനിന്നുള്ള വ്യക്തിയെ രാഷ്ട്രപതിയാക്കിയത് ചൂണ്ടിക്കാണിച്ച് ചൂഷണം മറച്ചുവെക്കുകയാണ് ബിജെപി ചെയ്യുന്നത്, പവൻ ഖേര എക്സിൽ കുറിച്ചു.