
പാലക്കാട്: ദേശീയനേതാക്കളായ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍, മുന്‍ പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രി തുടങ്ങിയവര്‍ക്കുപിന്നാലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്റായിരുന്ന ചേറ്റൂര്‍ ശങ്കരന്‍നായരെയും ഏറ്റെടുക്കാന്‍ ബിജെപി.
ഹരിയാണയിലെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചേറ്റൂര്‍ ശങ്കരന്‍നായരെ അനുസ്മരിച്ച് സംസാരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ശനിയാഴ്ച കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പാലക്കാട്ടും ഒറ്റപ്പാലത്തുമുള്ള ചേറ്റൂര്‍ ശങ്കരന്‍നായരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു. 24-ന് ചേറ്റൂരിന്റെ ചരമവാര്‍ഷികം വരാനിരിക്കുന്നു എന്നതാണ് ഈ സന്ദര്‍ശനത്തെ പ്രസക്തമാക്കുന്നത്. മങ്കരയിലുള്ള ചേറ്റൂരിന്റെ സ്മൃതികൂടീരം സന്ദര്‍ശിക്കാന്‍ പരിപാടിയുണ്ടായിരുന്നെങ്കിലും അങ്ങോട്ടേക്കുള്ള ശരിയായ വഴിപോലും ഇല്ലാതിരുന്നതിനാല്‍ പോയില്ല.
ഹരിയാണയില്‍ തെര്‍മല്‍ പവര്‍പ്ലാന്റിന് തറക്കല്ലിടുന്ന ചടങ്ങിലാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ ശബ്ദമുയര്‍ത്തിയ ചേറ്റൂര്‍ ശങ്കരന്‍നായരെ പ്രധാനമന്ത്രി അനുസ്മരിച്ചത്. മലയാളിയായ ശങ്കരന്‍നായരുടെ സംഭാവനകളെക്കുറിച്ച് പഠിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പാലക്കാട് ചന്ദ്രനഗറിലെ വീട്ടിലെത്തി ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍നായരെയും ഒറ്റപ്പാലത്ത് പാലാട്ടുവീട്ടിലും സന്ദര്‍ശനം നടത്തി. വിരലിലെണ്ണാവുന്ന പാര്‍ട്ടിനേതാക്കളെ മാത്രമാണ് വിവരം അറിയിച്ചിരുന്നത്. ചേറ്റൂരിന് സ്മാരകം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്നാണ് നേതാക്കള്‍ക്ക് സുരേഷ്‌ഗോപിയുമായി നടത്തിയ സംസാരത്തില്‍നിന്ന് വ്യക്തമായത്.
ശനിയാഴ്ച രാവിലെ പാലക്കാട്ടെത്തിയ സുരേഷ്‌ഗോപി ഉച്ചയ്ക്കുമുന്‍പാണ് ചേറ്റൂരിന്റെ ബന്ധു ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍നായരുടെ ചന്ദ്രനഗറിലെ വസതിയിലെത്തിയത്. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി സി. കൃഷ്ണകുമാര്‍, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍, ശങ്കു ടി.ദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മുക്കാല്‍ മണിക്കൂറോളം അവിടെ ചെലവിട്ടശേഷം വൈകീട്ടാണ് ഒറ്റപ്പാലത്തെ പാലാട്ട് വീട്ടില്‍ എത്തിയത്.
ചേറ്റൂര്‍ ശങ്കരന്‍നായരുടെ മകളുടെ മകള്‍ മാലതി, ഇവരുടെ മകള്‍ ജാനകി, ബന്ധുക്കള്‍ എന്നിവരുമായി സൗഹൃദസംഭാഷണം നടത്തി. ഇവര്‍ക്കായി മധുരവും കരുതിയിരുന്നു. കുടുംബത്തിലെ എല്ലാവരെയും പരിചയപ്പെട്ട് ചേറ്റൂര്‍ ശങ്കരന്‍നായരുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങളും കണ്ടശേഷമണ് മടങ്ങിയത്.
കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്റാണെങ്കിലും രാഷ്ട്രീയമായി അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന യാതൊന്നും ഇതുവരെ ആരും നിര്‍മിച്ചിട്ടില്ല. ചരമവാര്‍ഷികദിനത്തില്‍ പ്രാദേശികനേതാക്കളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടക്കുമെന്നതൊഴിച്ചാല്‍ മറ്റ് ചടങ്ങുകളുമുണ്ടാവാറില്ല. ഒറ്റപ്പാലത്തും മങ്കരയിലുമുള്‍പ്പെടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ഥമുണ്ടെങ്കിലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ ഈ മലയാളിയുടെ ചരിത്രം ഇനിയും വേണ്ടത്ര ആദരിക്കപ്പെട്ടിട്ടില്ലെന്നത് സത്യമാണ്. ചേറ്റൂരിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം കേസരി-2 പുറത്തിറങ്ങാനിരിക്കയാണ്.
Content Highlights: Union Minister Suresh Gopi visits family of Chettur Sankaran Nair
Published: 21 Apr 2025, 09:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented