ന്യൂഡൽഹി: സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമർശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയെ തള്ളി പാർട്ടി നേതൃത്വം. ദുബെയുടെ പ്രസ്താവനയോട് പാർട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു. ഇതിനുപിന്നാലെ പാർട്ടി താക്കീതും നൽകി.

To advertise here,

സുപ്രീംകോടതി നിയമം നിർമിക്കുകയാണെങ്കിൽ പാർലമെന്റും നിയമസഭകളും പൂട്ടുന്നതാണ് നല്ലതെന്നായിരുന്നു ഝാർഖണ്ഡിൽനിന്നുള്ള എംപിയായ നിഷികാന്ത് ദുബെ പ്രസ്താവിച്ചത്. ഇത് വലിയ വിവാദമായതോടെയാണ് പാർട്ടിനേതൃത്വം തള്ളിപ്പറഞ്ഞത്.

പാർലമെന്റിന്റെ നിയമനിർമാണ അധികാരത്തിന്മേൽ സ്വന്തം നിയമങ്ങളടിച്ചേൽപ്പിച്ച് ധിക്കാരപരമായി കൈകടത്തുകയാണ് സുപ്രീംകോടതിയെന്ന് ദുബെ പറഞ്ഞു. ജഡ്ജിമാരുടെ നിയമനാധികാരിയായ രാഷ്ട്രപതിക്കാണ് കോടതിയിപ്പോൾ നിർദേശങ്ങൾ നൽകുന്നത്. രാജ്യത്ത് മത യുദ്ധങ്ങൾ പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്നും ആരോപിച്ചു. പാർലമെന്റാണ് നിയമങ്ങളുണ്ടാക്കുന്നത്. പാർലമെന്റിനോട് ആജ്ഞാപിക്കുകയാണോ? രാഷ്ട്രപതി മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നത് ഏതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത്? -ദുബെ പറഞ്ഞു.

ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിർദേശിച്ച സുപ്രീംകോടതി വിധിക്കെതിരായ ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകറിന്റെ പരാമർശത്തിനെതിരേ വിവിധ പ്രതിപക്ഷ രാഷ്ട്രീയകക്ഷി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ദുബെയുടെ പ്രസ്താവനയും.

ഗവർണർമാർക്കോ രാഷ്ട്രപതിക്കോ ഭരണഘടനയെ മറികടന്നുള്ള അനിയന്ത്രിതമായ അധികാരം അനുവദിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല അഭിപ്രായപ്പെട്ടു. ഉപരാഷ്ട്രപതിസ്ഥാനത്ത് തുടരാൻ ധൻകറിന് അർഹത നഷ്ടപ്പെട്ടെന്നും അദ്ദേഹം രാജിവെക്കണമെന്നും തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി പറഞ്ഞു.

ജുഡീഷ്യറിക്കെതിരേ നിരന്തരം അപകീർത്തികരമായ പരാമർശം നടത്തുകയാണ് ഉപരാഷ്ട്രപതിയെന്ന് കല്യാൺ ബാനർജി ആരോപിച്ചു. ജനാധിപത്യത്തിന്റെ എല്ലാ സ്ഥാപനങ്ങളിൽനിന്നും കൂടുതൽ സമതുലിതവും സംവേദനക്ഷമവുമായ സമീപനമാണുണ്ടാകേണ്ടതെന്ന് ആർജെഡി എംപി മനോജ്കുമാർ ഝാ പറഞ്ഞു.

ഭരണഘടനയുടെ 142-ാം അനുച്ഛേദത്തെപ്പറ്റി ഉപരാഷ്ട്രപതി നടത്തിയ പരാമർശം തന്നെ വേദനിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തെന്ന് പ്രമുഖ അഭിഭാഷകൻകൂടിയായ രാജ്യസഭാംഗം കപിൽ സിബൽ പറഞ്ഞു. അനവസരത്തിലുള്ള വിമർശനമാണ് ഉപരാഷ്ട്രപതി നടത്തിയതെന്ന് മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി അഭിപ്രായപ്പെട്ടു.

അതിനിടെ, സുപ്രീംകോടതിയുടെ സുപ്രധാനവിധി രാഷ്ട്രീയചലനങ്ങൾ സൃഷ്ടിച്ചിരിക്കെ, ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറുമായി തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി കൂടിക്കാഴ്ചനടത്തി. ഇതിന്റെ ചിത്രം ഉപരാഷ്ട്രപതിയുടെ ഓഫീസ് പുറത്തുവിട്ടു. സംയുക്ത സൈനികമേധാവി ജനറൽ അനിൽ ചൗഹാനും ഉപരാഷ്ട്രപതിയെ സന്ദർശിച്ചു.