ന്യൂഡല്‍ഹി: സുപ്രീം കോടതിയെ കടന്നാക്രമിച്ച് ബിജെപി എംപി നിഷികാന്ത് ദൂബേ. സുപ്രീംകോടതി നിയമങ്ങള്‍ ഉണ്ടാക്കുമെങ്കില്‍പിന്നെ പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണമെന്ന് അദ്ദേഹം സാമൂഹികമാധ്യമായ എക്‌സില്‍ കുറിച്ചു. ഹിന്ദിയിലാണ് ദൂബേയുടെ കുറിപ്പ്. നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സുപ്രീം കോടതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദൂബേയുടെ പ്രതികരണം. ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ധന്‍കറിന്റെ വിമര്‍ശനം. 

To advertise here,

ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. ഈ രാജ്യത്തിന്റെ നിയമങ്ങള്‍ രൂപവത്കരിക്കുന്നത് പാര്‍ലമെന്റാണ്. ആ പാര്‍ലമെന്റിനോട് നിങ്ങള്‍ ആജ്ഞാപിക്കുമോ? നിങ്ങള്‍ക്കെങ്ങനെ ഒരു പുതിയ നിയമം ഉണ്ടാക്കാന്‍ കഴിയും? മൂന്നുമാസത്തിനകം രാഷ്ട്രപതി തീരുമാനം കൈക്കൊള്ളണമെന്ന് ഏത് നിയമത്തിലാണ് പറഞ്ഞിട്ടുള്ളത്? രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇത് അര്‍ഥമാക്കുന്നത്. പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ ഈ വിഷയത്തെ കുറിച്ച് വിശദമായ ചര്‍ച്ചയുണ്ടാകും, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അദ്ദേഹം പ്രതികരിച്ചു.

രാജ്യത്ത് മതപരമായ യുദ്ധങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിന് ഉത്തരവാദികള്‍ സുപ്രീം കോടതിയാണെന്ന അതിരൂക്ഷ വിമര്‍ശനവും ദൂബേ ഉന്നയിച്ചു. സുപ്രീം കോടതി അതിന്റെ പരിധിക്കപ്പുറം പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരാള്‍ എല്ലാത്തിനും സുപ്രീം കോടതിയിലേക്ക് പോകേണ്ടിവരികയാണെങ്കില്‍ പിന്നെ പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും അടയ്ക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വഖഫ് ഭേദഗതി നിയമത്തെ ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തില്‍കൂടിയാണ് ദൂബേയുടെ വിമര്‍ശനം എന്നത് ശ്രദ്ധേയമാണ്. ഝാര്‍ഖണ്ഡിലെ ഗൊഡ്ഡ മണ്ഡലത്തെയാണ് അദ്ദേഹം ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്.