ന്യൂഡൽഹി: വിദ്യാർഥിപ്രക്ഷോഭത്തിൽ സർക്കാരിന്റെയും പാർട്ടിയുടെയും പ്രതിച്ഛായ നഷ്ടമാകുന്നരീതിയിൽ കാര്യങ്ങൾ നീണ്ടതിൽ ബി.ജെ.പി. നേതൃത്വത്തിനുണ്ടായത് വലിയ വീഴ്ചയെന്ന് വിലയിരുത്തൽ. മന്ത്രിസഭയിലെ പ്രബലനായിരുന്ന ധർമേന്ദ്രപ്രധാന്റെ രാജിയിലൂടെ എൻ.ഡി.എ. സർക്കാർ വലിയ പ്രതിസന്ധി നേരിട്ടപ്പോൾ ബി.ജെ.പി. സംഘടനാ നേതൃത്വം എന്തുചെയ്യുകയായിരുന്നുവെന്ന ചോദ്യമാണുയരുന്നത്. പാർട്ടി നേതൃത്വം ഇത്ര ദുർബലമായ കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് മുതിർന്ന നേതാക്കൾതന്നെ അനൗപചാരിക സംഭാഷണങ്ങളിൽ പറയുന്നു.
ജനവികാരം തിരിച്ചറിഞ്ഞില്ല
ചോദ്യക്കടലാസ് ചോർച്ച പാർട്ടിയുടെ ജനപിന്തുണയിൽ വിള്ളലുണ്ടാക്കാവുന്ന വിഷയമാണെന്ന് മനസ്സിലാക്കുന്നതിനും രാഷ്ട്രീയതന്ത്രം മെനയുന്നതിനും ബി.ജെ.പി. നേതൃത്വത്തിനായില്ല. താഴേത്തട്ടിലെ ജനവികാരം മനസ്സിലാകാത്തതുകൊണ്ടാണോ, അറിഞ്ഞിട്ടും ഭരണനേതൃത്തെ അത് ധരിപ്പിക്കാനുള്ള ആർജവമില്ലാഞ്ഞിട്ടാണോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
നരേന്ദ്രമോദിയുടെയോ അമിത് ഷായുടെയോ പ്രാമാണ്യത്തിന് അടുത്തെങ്ങും നിൽക്കുന്ന നേതാക്കൾ ഇപ്പോൾ ബി.ജെ.പി.യുടെ സംഘടനാ തലപ്പത്തില്ല എന്നത് നിലവിലെ സംവിധാനത്തിന്റെ പരിമിതിയാണെന്ന് രാഷ്ട്രീയനിരീക്ഷകർ കരുതുന്നു. ബി.ജെ.പി.യുടെ പ്രധാന അടിത്തറ രാജ്യത്തെ മധ്യവർഗമാണ്. സി.ജെ.പി. പ്രക്ഷോഭം ഈ അടിത്തറയിലേക്ക് കടന്നുകയറുന്നതായിരുന്നു. എന്നാൽ, സർക്കാർ സ്വീകരിക്കുന്ന നടപടികളെ പ്രകീർത്തിച്ചുള്ള പ്രസ്താവനയിൽ മാത്രം ഒതുങ്ങുകയായിരുന്നു പാർട്ടി നേതൃത്വം. ഒരു പരിധിവരെ ഭരണനേതൃത്വത്തിന്റെതന്നെ സൃഷ്ടിയാണ് പാർട്ടിയുടെ ദുർബലാവസ്ഥ എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതേസമയം, സി.ജെ.പി സമരം ചെറിയ തോതിൽ കുറച്ചുകാലം കൂടി മുന്നോട്ടുപോകുന്നത് നിലിവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ പരിക്കുകൾ ഒഴിവാക്കാൻ നല്ലതാണെന്ന ചിന്തയും പാർട്ടി നേതൃത്വത്തിൽ ചിലർക്കുണ്ട്. ചോദ്യപ്പേപ്പർ ചോർച്ചാ വിഷയം കഴിഞ്ഞാൽ പ്രതിപക്ഷം ശക്തമായി ഉയർത്താൻ പോകുന്നത് അയോധ്യ സംഭാവനക്കൊള്ളയാണ്. അത് ഇരട്ട പ്രഹരമാകുമെന്ന് ഭരണ നേതൃത്വം കരുതുന്നു. പാർലമെന്റ് സമ്മേളനം കഴിയുംവരെ അയോധ്യാ സംഭാവനക്കൊള്ള പ്രധാന ചർച്ചാവിഷയമായി ഉയർന്നുവരുന്നത് കേന്ദ്ര സർക്കാർ ഒട്ടും ആഗ്രഹിക്കുന്നുമില്ല.
ഇടപെടാതെ മുതിർന്ന നേതാക്കൾ
കേന്ദ്രമന്ത്രിസഭയിൽ മോദിയും ഷായും കഴിഞ്ഞാൽ പ്രധാനികളും പാർട്ടിയിലെ മുതിർന്ന നേതാക്കളുമാണ് രാജ്‌നാഥ് സിങ്ങും ശിവരാജ് സിങ് ചൗഹാനും നിതിൻ ഗഡ്കരിയും. തങ്ങളുടെ വകുപ്പുകൾക്കപ്പുറത്ത് ഒരു കാര്യത്തിലും ഇവർ കുറച്ചുകാലമായി ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യുന്നില്ല. മോദിയും ഷായും ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ഉള്ളുകൊണ്ട് അതൃപ്തരാണ് ഇവർ. പ്രബലനായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ വിഷയങ്ങളിൽനിന്നെല്ലാം അകലംപാലിക്കുകയാണ് .
ഭരണനേതൃത്വത്തെ പ്രതിസന്ധിഘട്ടത്തിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ശരിയായ തീരുമാനങ്ങളിലേക്ക് നയിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബിനാണ്. എന്നാൽ, പാർട്ടി അധ്യക്ഷന്റെ ആ തരത്തിലുള്ള ഇടപെടലുകളൊന്നും ദൃശ്യമല്ല. ദീർഘകാല രാഷ്ട്രീയപരിചയമുള്ള കേന്ദ്രമന്ത്രിയും മുൻ പാർട്ടി അധ്യക്ഷനുമായ ജെ.പി. നഡ്ഡയാണ് നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ മുൻകൈയെടുത്തത്.
മോദിയുടെ ആദ്യ മന്ത്രിസഭാകാലത്ത് പാർട്ടി അധ്യക്ഷനായ അമിത് ഷാ പ്രധാന ശക്തികേന്ദ്രമായിരുന്നു. രണ്ടാം മോദി സർക്കാരിന്റെ കാലത്തും മൂന്നാം സർക്കാരിന്റെ ഒന്നരവർഷക്കാലയളവിലും ജെ.പി. നഡ്ഡയായിരുന്നു അധ്യക്ഷൻ. അന്നുണ്ടായ രീതിയിലുള്ള ശക്തമായ ഇടപെടൽ പാർട്ടി നേതൃത്തിൽനിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നാണ് മുതിർന്നനേതാക്കൾ ഉൾപ്പെടെ വിലയിരുത്തുന്നത്.
Published: 28 Jul 2026, 06:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented