ജമ്മു: ജമ്മു-കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ നാഷണൽ കോൺഫറൻസ് എം.എൽ.എ.മാർക്ക് കോടികൾ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് 100 കോടി രൂപയുടെ മാനനഷ്ട നോട്ടീസയച്ച് ബി.ജെ.പി. ഏഴു ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പുണ്ട്.

To advertise here,

കഴിഞ്ഞയാഴ്ച ഹസ്രത്ബാലിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കവേയാണ് നാഷണൽ കോൺഫറൻസ് എം.എൽ.എ.മാരെ സമീപിച്ച് പാർട്ടി മാറാൻ ബി.ജെ.പി. 20 മുതൽ 30 കോടി വരെ രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെന്ന് ഒമർ ആരോപിച്ചത്. സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന മുതിർന്ന ബി.ജെ.പി നേതാവാണ് ഇതിനു പിന്നിലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

നോട്ടീസ് ‘പ്രേമലേഖനം’ പോലെ സ്വീകരിക്കുന്നു -ഒമർ

തനിക്ക് ലഭിച്ച മാനനഷ്ട നോട്ടീസിന് പരിഹാസമറുപടിയുമായി ഒമർ അബ്ദുള്ള. ബി.ജെ.പി.യിൽനിന്ന് ‘പ്രേമലേഖനം’ ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ജമ്മു -കശ്മീരിൽ ബി.ജെ.പി.ക്ക് അവഗണിക്കാനാവാത്ത, ശക്തമായ രാഷ്ട്രീയശക്തിയാണ് താനെന്നതിന് തെളിവാണ് ഈ നടപടിയെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയപ്രസ്താവനയ്ക്ക് രാഷ്ട്രീയമറുപടിയാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ, ബി.ജെ.പി. എപ്പോഴും കോടതികൾക്കുപിന്നിൽ ഒളിച്ചോടുകയാണെന്നും ഒമർ പറഞ്ഞു.