ന്യൂഡൽഹി: ഐസ(എഐഎസ്എ) പ്രസിഡന്റ് നേഹാ ബോറയുടെയും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെയും പരാമർശങ്ങളിൽച്ചാരി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ആക്രമിച്ച് ബിജെപി. ഭരണം മാറണമെന്നായിരുന്നു നേഹയ്ക്കും സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്കുമൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടത്. പിന്നാലെയാണ് രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തിയത്.

To advertise here,

എസ്‌ഐആർ വിഷയത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിലെ മുൻനിരക്കാരിയാണ് നേഹ. ഇക്കഴിഞ്ഞദിവസം പുറത്തുവന്ന നേഹയുടെ വീഡിയോയിലെ പരാമർശമാണ് ബിജെപി ആയുധമാക്കുന്നത്. 2024-ൽ ബംഗ്ലാദേശിൽ നടന്ന ജെൻസീ പ്രക്ഷോഭം മാർഗദർശകമായെന്നായിരുന്നു നേഹയുടെ പരാമർശം.

എസ്‌ഐആറിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് രാഹുൽ നയിക്കുന്ന സമരത്തിന്റെ ഭാഗമാണ് നേഹയും പ്രശാന്ത് ഭൂഷണും. രാഹുലും അദ്ദേഹത്തിന്റെ കൂട്ടവും ചേർന്ന് ഭരണകൂടമാറ്റം ലക്ഷ്യമിട്ട് ബംഗ്ലാദേശിലേതിന് സമാനമായ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

നേഹയുടെയും പ്രശാന്ത് ഭൂഷണിന്റെയും പരാമർശങ്ങൾ രാഹുൽ ഗാന്ധിയുടെ ചിന്തകളെമാത്രമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബിജെപി ദേശീയവക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ഇത് ഭരണകൂടമാറ്റത്തിന് വേണ്ടിയുള്ള നീക്കം തുറന്നുസമ്മതിക്കലാണ്. രാഹുലും സംഘവും ഇന്ത്യയുടെ ജനാധിപത്യത്തിന് ഭീഷണിയാണെന്നും സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിൽ പ്രദീപ് ആരോപിച്ചു.

2024-ൽ ബംഗ്ലാദേശ് സാക്ഷ്യംവഹിച്ച വിദ്യാർഥിപ്രക്ഷോഭത്തിന് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്നിരുന്നു.