
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുമ്പോഴും ഭാരതീയ ജനതാ പാർട്ടിക്ക് ഇതുവരെ പൂർണ്ണമായി കീഴ്‌പ്പെടുത്താൻ കഴിയാത്ത പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മുന്നേറ്റത്തിന് പാർട്ടി തയ്യാറെടുക്കുന്നു. ബിജെപിയുടെ രാഷ്ട്രീയ വളർച്ചയുടെ 'അവസാന അതിർത്തി' (Final Frontier) എന്നാണ് ഈ പോരാട്ടത്തെ പാർട്ടി വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ കിഴക്കൻ-ദക്ഷിണേന്ത്യൻ തീരദേശ സംസ്ഥാനങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നതിനായി തയ്യാറാക്കിയ 'കോറോമണ്ഡൽ ബ്ലൂപ്രിന്റ്' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കങ്ങളെന്നാണ് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിൽ പറയുന്നത്. പശ്ചിമ ബംഗാൾ, ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ കൂടുതൽ സീറ്റുകൾ നേടി സ്വാധീനം വ്യാപിപ്പിക്കാനാണ് ഈ മാസ്റ്റർ പ്ലാൻ ലക്ഷ്യമിടുന്നത്.
പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ബിജെപി അതിശക്തമായ പ്രചാരണമാണ് നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ രണ്ടാഴ്ചയായി ബംഗാളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. ഭൂപേന്ദർ യാദവ്, സുനിൽ ബൻസാൽ തുടങ്ങിയ മുതിർന്ന നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ട്. ബംഗാൾ തിരഞ്ഞെടുപ്പിലാണ് പാർട്ടിക്ക് പ്രതീക്ഷ ഏറെയുള്ളതെങ്കിലും തമിഴ്നാടിനെ ബിജെപിയുടെ മുൻഗണനാ പട്ടികയിൽ ഏറ്റവും മുകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്ഠിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് ബിജെപി നിലവിൽ ഒരു ജൂനിയർ സഖ്യകക്ഷിയാണെങ്കിലും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാമെന്നാണ് പാർട്ടി കണക്കാക്കുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ രണ്ട് സംസ്ഥാനങ്ങളിലെ വിജയം കേവലമൊരു തിരഞ്ഞെടുപ്പ് ജയത്തിനപ്പുറം തങ്ങളുടെ രാഷ്ട്രീയ യാത്രയിലെ ഏറ്റവും വലിയ നാഴികക്കല്ലായിരിക്കും.
ബംഗാളും തമിഴ്‌നാടും ബിജെപിക്ക് ഏറെക്കാലമായി വെല്ലുവിളിയായ സംസ്ഥാനങ്ങളാണ്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെയും തമിഴ്‌നാട്ടിൽ ദ്രാവിഡ പാർട്ടികളുടെയും ശക്തമായ ആധിപത്യം നിലനിൽക്കുന്ന സാഹചര്യത്തിൽ, നേരിട്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ മാത്രമല്ല, സാമൂഹിക-സാംസ്‌കാരിക തലത്തിലും ഇടപെടലുകൾ വർധിപ്പിക്കേണ്ടതുണ്ടെന്നതാണ് പാർട്ടിയുടെ വിലയിരുത്തൽ. പുതിയ തന്ത്രത്തിന്റെ ഭാഗമായി, സംസ്ഥാനതലത്തിൽ ശക്തമായ നേതാക്കളെ വളർത്തുന്നതിന് കൂടുതൽ പ്രാധാന്യം നൽകും. ദേശീയ നേതാക്കളെ മാത്രം ആശ്രയിക്കുന്നതിൽ നിന്ന് മാറി, പ്രാദേശിക പ്രശ്‌നങ്ങളും ജനവിഭാഗങ്ങളേയും മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് ബിജെപിയുടെ പദ്ധതി. സംസ്ഥാനങ്ങളിലെ പ്രത്യേകമായ സാമൂഹിക ഘടനയും രാഷ്ട്രീയ പശ്ചാത്തലവും കണക്കിലെടുത്ത് വ്യത്യസ്ത പ്രചാരണ തന്ത്രങ്ങൾ രൂപപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ ബംഗാളിൽ ഊ തന്ത്രം ബിജെപി പുറത്തെടുത്തിട്ടുണ്ട്. ബംഗാളിൽ, മത-സാമൂഹിക ഘടകങ്ങൾ കൂടുതൽ മുൻനിർത്തിയുള്ള രാഷ്ട്രീയമാണ് ബിജെപി ലക്ഷ്യമിടുന്നത്. കൂടാതെ, കേന്ദ്ര സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ പ്രചാരണത്തിലൂടെയും ഗ്രാമീണ മേഖലകളിൽ സ്വാധീനം വർധിപ്പിക്കാനാണ് ശ്രമം. പ്രത്യേകിച്ച്, താഴ്ന്ന വരുമാന വിഭാഗങ്ങളെയും പുതിയ വോട്ടർമാരെയും ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ ശക്തമാക്കും. തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തമായ സ്വാധീനം പരിഗണിച്ച്, ഭാഷയും സംസ്‌കാരവും മാനിക്കുന്ന രീതിയിലുള്ള സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. തമിഴ് തിരിച്ചറിവിനെ ബഹുമാനിക്കുന്ന രാഷ്ട്രീയ സന്ദേശങ്ങൾ പ്രചരിപ്പിക്കാനാണ് ശ്രമം. അതേസമയം, മത-സാംസ്‌കാരിക ഘടകങ്ങൾ ഉൾപ്പെടുത്തി ജനങ്ങളുമായി കൂടുതൽ ബന്ധം സ്ഥാപിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ക്ഷേത്രങ്ങളും പ്രാദേശിക ആചാരങ്ങളും കേന്ദ്രീകരിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഇതിനകം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
ഇതിനെല്ലാം പുറമെ ബൂത്ത് തലത്തിൽ പ്രവർത്തനം കൂടുതൽ സജ്ജമാക്കുക, പ്രവർത്തകരുടെ ശൃംഖല വിപുലീകരിക്കുക, ഡിജിറ്റൽ പ്രചാരണം ശക്തമാക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകും. യുവാക്കളെയും ആദ്യ വോട്ടർമാരെയും ലക്ഷ്യമിട്ട് പ്രത്യേക ക്യാമ്പയിനുകൾ സംഘടിപ്പിക്കാനും പാർട്ടി പദ്ധതിയിടുന്നു. ബിജെപിയുടെ ദീർഘകാല രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കങ്ങളെല്ലാം. ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാനായാൽ, ബംഗാളും തമിഴ്‌നാടും പോലുള്ള സംസ്ഥാനങ്ങളിൽ പാർട്ടിക്ക് പുതിയ രാഷ്ട്രീയ സാധ്യതകൾ തുറക്കാനിടയുണ്ട്. എന്നാൽ, ശക്തമായ പ്രാദേശിക പാർട്ടികളുടെ സ്വാധീനം, ഭാഷാ-സാംസ്‌കാരിക സ്വത്വമുയർത്തിയുള്ള വെല്ലുവിളികൾ, പ്രദേശിക രാഷ്ട്രീയ വികാരങ്ങൾ തുടങ്ങിയവ ഈ ലക്ഷ്യം നേടുന്നതിൽ പാർട്ടിക്ക് വലിയ വെല്ലുവിളികളായി തുടരുന്നു.
Content Highlights: Implementation of the 'Coromandel Blueprint' to secure seats in coastal states., Strategic shift from national leadership dependency to local leader development., Targeting West Bengal through agricultural issues and social-religious factors., Adopting a culturally sensitive approach to penetrate Dravidian-dominated Tamil Nadu politics., Strengthening booth-level organization and digital outreach for upcoming elections.
Published: 28 Apr 2026, 12:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented