
ന്യൂഡൽഹി: ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഡൽഹിയിലെ രാഷ്ട്രീയം ഇപ്പോൾ കടന്നുപോകുന്നത്. എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ ഡൽഹിയിൽ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി ഡൽഹി മന്ത്രിയും ബിജെപി നേതാവുമായ പർവേഷ് വർമ രംഗത്തെത്തിയതാണ് ഏറ്റവും പുതിയ വാർത്ത.
കെജ്‌രിവാളിന്റെ പുതിയ ഔദ്യോഗിക വസതി രണ്ടാമത്തെ 'ശീഷ് മഹൽ' ആണെന്ന് ആരോപിച്ച വർമ, ഈ വസതിയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും ശനിയാഴ്ച പ്രദർശിപ്പിച്ചു. കെജ്‌രിവാൾ ഡൽഹിയിലെ റഹ്‌മാൻ ദകെയ്ത് ആണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ചിത്രങ്ങൾ വ്യാജമാണെന്നും ഇതിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും എഎപി വ്യക്തമാക്കി.
ദൃശ്യങ്ങൾ പൂർണമായും വ്യാജമാണെന്ന് പറഞ്ഞ എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ്, അവ സംപ്രേക്ഷണം ചെയ്ത വർമ്മയും ടെലിവിഷൻ ചാനലുകളും അപകീർത്തിക്കേസുകൾ നേരിടാൻ തയ്യാറായിക്കോളൂ എന്നും മുന്നറിയിപ്പ് നൽകി. ശനിയാഴ്ച ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വർമ ഈ ദൃശ്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചത്.
ലളിതമായ ജീവിതം നയിക്കുമെന്ന മുൻപത്തെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി കെജ്‌രിവാൾ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ഡൽഹിയിലെ ശീഷ് മഹൽ-2 ഞങ്ങൾ നിങ്ങൾക്ക് കാണിച്ചുതരാം. സാധാരണക്കാരനായി ജീവിക്കും എന്നുപറഞ്ഞ കെജ്‌രിവാൾ, ഇന്നലെ 95 ലോധി എസ്‌റ്റേറ്റിലേക്ക് താമസംമാറി.' അദ്ദേഹം പറഞ്ഞു.
'ഞാൻ ആ വസതി സന്ദർശിച്ചു. അത്രയും ആഡംബരപൂർണമായ ഒരു വീട്ടിൽ ഒരാൾക്ക് എങ്ങനെയാണ് കഴിയാനാവുക. ഞാൻ അദ്ഭുതപ്പെട്ടുപോയി, എങ്ങനെയാണ് അവിടെ കിടന്നാൽ ഉറക്കംവരിക?' കെജ്‌രിവാളിന്റെ പുതിയ വസതിയിൽ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ നൽകുന്ന വീട് സ്വീകരിക്കില്ലെന്ന് കെജ്‌രിവാൾ നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് ബംഗ്ലാവ് സ്വീകരിക്കുകയും ബിജെപി 'ശീഷ് മഹൽ' എന്ന് വിശേഷിപ്പിക്കുന്ന രീതിയിൽ അത് നവീകരിക്കുകയും ചെയ്തുവെന്നും വർമ ആരോപിച്ചു. ഡൽഹിയിലെ വോട്ടർമാർ പരാജയപ്പെടുത്തിയതിനെ തുടർന്ന് കെജ്‌രിവാൾ തന്റെ ശ്രദ്ധ പഞ്ചാബിലേക്ക് മാറ്റിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
'ഡൽഹിയിലെ വോട്ടർമാർ ഈ റഹ്‌മാൻ ദകെയ്തിനെ പരാജയപ്പെടുത്തി. അതോടെ അയാൾ പഞ്ചാബിലേക്ക് പോയി. അവിടെചെന്ന് പഞ്ചാബിലെ മുഖ്യമന്ത്രി ഭഗവന്ത് മന്നിനെക്കൂടി പ്രശ്‌നത്തിലാക്കി.' അദ്ദേഹം പറഞ്ഞു. മന്നിന്റെ വസതിക്ക് ചുറ്റുമുള്ള സർക്കാർ താമസസ്ഥലങ്ങൾ കെജ്‌രിവാൾ, മുൻ ഡൽഹി മന്ത്രി സത്യേന്ദർ ജെയിൻ, രാജ്യസഭാ എംപി സഞ്ജയ് സിങ്, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുൾപ്പെടെയുള്ള എഎപി നേതാക്കൾ കൈവശപ്പെടുത്തിയിരിക്കുകയാണ് എന്ന് വർമ ആരോപിച്ചു.
രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള ഏഴ് എഎപി രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ വിവാദം ശക്തമായത്. ഈ സംഭവങ്ങളെല്ലാം എഎപിയുടെ തകർച്ചയാണെന്ന് ബിജെപി വിശേഷിപ്പിക്കുമ്പോൾ, ബിജെപിയുടെ കുതിരക്കച്ചവടമാണ് ഇതിന് പിന്നിലെന്ന് എഎപി ആരോപിക്കുന്നു.
ദൃശ്യങ്ങളോട് പ്രതികരിച്ച എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ് അവ പൂർണമായും വ്യാജമാണെന്ന് പറഞ്ഞ് തള്ളി. 'ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്ത വർമയും ടെലിവിഷൻ ചാനലുകളും മാനനഷ്ടക്കേസുകൾ നേരിടാൻ തയ്യാറായിക്കോളൂ' എന്ന് സിങ് എക്‌സിൽ കുറിച്ചു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന, പർവേഷ് വർമ എന്നിവർ തങ്ങളുടെ വസതികൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
കെജ്‌രിവാളും അതുതന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'അപ്പോൾ ജനങ്ങൾക്ക് മനസിലാകും ആരുടെ വസതികളാണ് ശരിക്കും ആഡംബരപൂർണമായതെന്ന്.' സിങ് പറഞ്ഞു. വർമ പങ്കുവെച്ച ചിത്രങ്ങൾ കെജ്‌രിവാളിന്റെ വസതിയുടേതല്ലെന്ന് പറഞ്ഞ ഡൽഹി മുൻ മുഖ്യമന്ത്രി അതിഷിയും ഈ ആരോപണങ്ങൾ തള്ളി.
Content Highlights: Parvesh Verma labels Arvind Kejriwal as 'Rehman Dacoit' of Delhi. BJP claims Kejriwal has constructed a new luxurious 'Sheesh Mahal 2'. AAP leaders Sanjay Singh and Atishi dismiss the visuals as completely fake. AAP threatens defamation cases against those spreading the images. Controversy centers on Kejriwal's move to 95 Lodhi Estate.
Published: 25 Apr 2026, 05:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented