ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരസമുച്ചയത്തിന്റെ സുരക്ഷാചുമതല സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സി(സിഐഎസ്എഫ്)ന് നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. കഴിഞ്ഞയാഴ്ച പാര്‍ലമെന്റിലുണ്ടായ സുരക്ഷാവീഴ്ചയെ തുടര്‍ന്നാണ് പാര്‍ലമെന്റിനുള്ളിലെ സുരക്ഷാചുമതലയില്‍ നിന്ന് ഡല്‍ഹി പോലീസിനെ പൂര്‍ണമായും ഒഴിവാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ബുധനാഴ്ച പുറത്തിറക്കി. പാര്‍ലമെന്റിനുള്ളില്‍ പ്രവേശിക്കുന്നവരുടെ ദേഹപരിശോധന ഉള്‍പ്പെടെ എല്ലാവിധ സുരക്ഷാനടപടിക്രമങ്ങളും ഇനി മുതല്‍ സിഐഎസ്എഫ് കൈകാര്യം ചെയ്യും. 

To advertise here,

കെട്ടിടസമുച്ചയത്തിനുള്ളിലെ സുരക്ഷയുടെ ഉത്തരവാദിത്വം ലോക്‌സഭാ സെക്രട്ടേറിയറ്റിനുതന്നെയായിരിക്കും. മന്ദിരത്തിനുപുറത്തുള്ള സുരക്ഷാചുമതല ഡല്‍ഹി പോലീസിനാണ്. കഴിഞ്ഞയാഴ്ച ഉണ്ടായ സുരക്ഷാവീഴ്ചയെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള വിശദമായ സുരക്ഷാപരിശോധനയ്ക്ക് ശേഷമായിരിക്കും സുരക്ഷാഏജന്‍സികളുടെ ചുമതലയിലുള്ള മാറ്റം നടപ്പിലാക്കുന്നത്. വിമാനത്താവളങ്ങളും അണുശക്തികേന്ദ്രങ്ങളും ഉള്‍പ്പെടെ 350-ലധികം സ്ഥാപനങ്ങളില്‍ നിലവില്‍ സിഐഎസ്എഫ് സുരക്ഷാചുമതല നിര്‍വഹിക്കുന്നുണ്ട്. 

സുരക്ഷാപാളിച്ച ഉണ്ടായതിനുപിന്നാലെ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള പ്രവേശനവ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ കടുപ്പിച്ചിരുന്നു. സന്ദര്‍ശകര്‍ക്കും അത്യാവശ്യമല്ലാത്ത ജീവനക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തി. എംപിമാര്‍ക്കും അവരുടെ സ്റ്റാഫിനും പ്രത്യേക പ്രവേശനകവാടങ്ങള്‍ അനുവദിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് താത്കാലികവിലക്കേര്‍പ്പെടുത്തി, പിന്നീട് മൂന്നാമത്തെ കവാടത്തിലൂടെ പ്രവേശനാനുമതി നല്‍കി. സന്ദര്‍ശകരെ വീണ്ടും അനുവദിക്കുന്നപക്ഷം നാലാം ഗേറ്റിലൂടെയാകും പ്രവേശിപ്പിക്കുന്നത്. സന്ദര്‍ശകരുടെ ഗ്യാലറി ചില്ലുകൊണ്ട് മറക്കാനും തീരുമാനമായി. വിമാനത്താവളങ്ങളിലേതുപോലെയുള്ള ബോഡി സ്‌കാന്‍ മെഷിനുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ഡിസംബര്‍ 13-നാണ് ബിജെപി എംപിയുടെ ഓഫീസില്‍ നിന്ന് ലഭ്യമാക്കിയ പാസ്സുകള്‍ ഉപയോഗിച്ച് പാര്‍ലമെന്റില്‍ കടന്ന രണ്ടുപേര്‍ ഗ്യാലറിയില്‍ നിന്ന് എംപിമാരുടെ ചേംബറിലേക്ക് ചാടിവീണ് സ്‌മോക് കാനിസ്റ്ററുകള്‍ പ്രയോഗിക്കുകയും പരിഭ്രാന്തി പരത്തുകയും ചെയ്തത്. ഇവരേയും മന്ദിരത്തിന് പുറത്ത് സമാനരീതിയില്‍ കാനിസ്റ്ററുകള്‍ പ്രയോഗിച്ച രണ്ടുപേരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പാര്‍ലമെന്റിലെ അക്രമത്തിന് പദ്ധതിയിട്ട സംഘത്തിലെ പ്രധാനികളായ രണ്ടുപേരെ പോലീസ് പിന്നീട് പിടികൂടി. ഇവരെ ചോദ്യംചെയ്തുവരികയാണ്. പാര്‍ലമെന്റിലുണ്ടായ സുരക്ഷാവീഴ്ചയെ തുടര്‍ന്നുണ്ടായ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം 143 പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷനിലേക്കും നയിച്ചു. 2001-ല്‍ പാര്‍ലമെന്‍റിനുള്ളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒമ്പത് പേര്‍ മരിച്ചിരുന്നു. ഇതിന്‍റെ 22-ാം വാര്‍ഷികദിനത്തിലാണ് അക്രമസംഭവമുണ്ടായത്.