ന്യൂഡല്‍ഹി: മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരേ ഉയർന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വെളിപ്പെടുത്തലുമായി ആപ്പ് ഉടമ ശുഭം സോണി. ഭൂപേഷ് ബാഗേലിന്റെ ഉപദേശപ്രകാരമാണ് താന്‍ ദുബായിലേക്ക് പോയതെന്ന് ശുഭം സോണി പറഞ്ഞു. സ്വയം ചിത്രീകരിച്ച് പുറത്തുവിട്ട വീഡിയോയിലാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

To advertise here,

മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന പ്രതിയാണ് ശുഭം സോണി. ഇപ്പോള്‍ പുറത്തുവന്ന വീഡിയോ ഇയാള്‍ ദുബായില്‍ നിന്നാണ് ചിത്രീകരിച്ചതെന്നാണ് സൂചന. 

അടുത്തിടെ അസിം ദാസ് എന്നയാളില്‍ നിന്ന് ഇ.ഡി. 5.39 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഭൂപേഷ് ബാഗേലിനുവേണ്ടി ശുഭം സോണി ദുബായില്‍നിന്ന് അയച്ച പണമാണ് ഇതെന്നാണ് ഇ.ഡി. പറയുന്നത്. മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട ചില ബിനാമി ബാങ്ക് അക്കൗണ്ടുകള്‍ അടുത്തിടെ മരവിപ്പിച്ചിരുന്നു. 15.59 കോടി രൂപയാണ് ഈ അക്കൗണ്ടുകളില്‍ ഉള്ളത്.

അസിം ദാസിനെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാളുടെ ഫോണും ശുഭം സോണി അയച്ച ഇ-മെയിലും പരിശോധിച്ചതില്‍ നിന്നും ഭൂപേഷ് ബാഗേലിന് പതിവായി പണം നല്‍കാറുണ്ടെന്ന് ഇ.ഡി. കണ്ടെത്തിയതായാണ് വിവരം. ഇത്തരത്തില്‍ ഇതുവരെ 508 കോടി രൂപ കൈമാറിയെന്നും ഉന്നതവൃത്തങ്ങള്‍ പറയുന്നു.