
റായ്പുര്‍: മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ ഛത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെതിരെ കേസെടുത്ത് സംസ്ഥാന പോലീസ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 6,000 കോടിയുടെ ബെറ്റിങ് ആപ്പ് കേസിലെ പുതിയ പുതിയ നീക്കം കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഭൂപേഷ് ബാഘേലിനും വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിശ്വാസവഞ്ചന, ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തി ഐ.പി.സി. സെക്ഷന്റെയും 7, 11 എന്നീ അഴിമതിവിരുദ്ധ ആക്ടുകളുടെയും അടിസ്ഥാനത്തിലാണ് റായ്പുര്‍ എക്കണോമിക് ഒഫെന്‍സെസ് വിങ് (ഇ.ഒ.ഡബ്ല്യു.) ബാഘേലിനെതിരെ മാര്‍ച്ച് നാലിന് എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തത്.
മഹാദേവ് ബെറ്റിങ് ആപ്പ് പ്രചരണത്തിനായി പ്രവര്‍ത്തിച്ചവരുടെ പേരുകളും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗരഭ് ചന്ദ്രാകര്‍, രവി ഉപ്പല്‍ തുടങ്ങി 16 പേരുടെ ലിസ്റ്റാണ് എഫ്.ഐ.ആറില്‍ ഉള്ളത്. ഇതില്‍ കേസിനാസ്പദമായ സമയത്ത് മുഖ്യമന്ത്രിയായിരുന്ന ബാഘേലിനൊപ്പം ജോലി ചെയ്തിരുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സ്‌പെഷ്യല്‍
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
കേസുമായി ബന്ധപ്പെട്ട് ഇ.ഡി. കണ്ടെത്തിയ വിവരങ്ങളില്‍ ബാഘേലുമായി ബന്ധപ്പെട്ട രണ്ടുഫയലുകള്‍ ഛത്തീസ്ഗഡ് പോലീസിന് കൈമാറിയിരുന്നു. മഹാദേവ് ബെറ്റിങ് ആപ്പിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തെ അധികാരത്തിന്റെ ഉന്നതശ്രേണിയില്‍ ഉള്ളവര്‍ ചെയ്തുകൊടുത്ത സഹായങ്ങളാണ് ഈ ഫയലുകളില്‍ ഉണ്ടായിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
ഈ വര്‍ഷം ജനുവരി എട്ട്, 30 തീയതികളിലായാണ് ഇ.ഡി. ഫയലുകള്‍ സംസ്ഥാന പോലീസിന് കൈമാറിയത്. അതിന് പിന്നാലെ നടത്തിയ അന്വേഷണങ്ങളാണ് മുന്‍മുഖ്യമന്ത്രിയിലേക്ക് പോലീസിനെ എത്തിച്ചത് എന്നാണ് വിവരം. അഴിമതിയുമായി ബന്ധപ്പെട്ട് ചന്ദ്രാകറും ഉപ്പലും ബാഗേലിന് 508 കോടി നല്‍കിയതായി നവംബര്‍ 2023-ല്‍ അന്വേഷണസംഘം ആരോപിച്ചിരുന്നു.
എന്താണ് മഹാദേവ് ബുക്ക് ഓണ്‍ലൈന്‍?
ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ്, ടെലിഗ്രാം ഉള്‍പ്പടെയുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ വഴി വാതുവെപ്പുകാരുമായി ബന്ധപ്പെടാന്‍ ഇത്തരം ആപ്പുകള്‍ അവസരം ഒരുക്കുന്നു. പ്രധാന വെബ്സൈറ്റുകളുമായി ബന്ധിപ്പിച്ച ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അതുവഴി അവര്‍ക്ക് ആ വെബ്സൈറ്റ് അഡ്മിനുമായി ബന്ധപ്പെടാനാവും.
വെബ്സൈറ്റ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ ഉപഭോക്താക്കള്‍ക്ക് ഒരു ടോക്കണോ യൂസര്‍ ഐഡിയോ നല്‍കും. ഈ യൂസര്‍ ഐഡിയോ ടോക്കണോ ഉപയോഗിച്ച് ഉപഭോക്താവിന് മെസേജിങ് ആപ്പുകള്‍ വഴി വാതുവെപ്പ് നടത്താം. യുപിഐ വഴിയാണ് പണമിടപാടുകള്‍ നടത്തുന്നത്.
നിയമപ്രശ്നങ്ങള്‍ എന്ത്?
ഇന്ത്യയിലെ വാതുവെപ്പ്, ചൂതാട്ട നിയമങ്ങള്‍ ലംഘിക്കുന്നതിന് പുറമെ രാജ്യാതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ സംബന്ധിച്ച നിയമങ്ങളും ഈ ആപ്പുകള്‍ ലംഘിക്കുന്നു. മഹാദേവ് ആപ്പിന്റെ ഉടമകളും പ്രൊമോട്ടര്‍മാരുമെല്ലാം വിദേശത്താണെന്നാണ് ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നത്.
വാട്സാപ്പ് ഗ്രൂപ്പുകളും കോള്‍ സെന്ററുകളും ഉപയോഗിച്ച് ഒരു ഫ്രാഞ്ചൈസിയെ പോലെയാണ് മഹാദേവ് ആപ്പിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം. 70:30 എന്ന അനുപാതത്തില്‍ ഇവിടെ ആപ്പ് കൈകാര്യം ചെയ്യുന്നവരും പ്രൊമോട്ടര്‍മാരും ലാഭം പങ്കുവെക്കും. പാനല്‍ ഓപ്പറേറ്റര്‍മാര്‍ എന്നാണ് ആപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍ അറിയപ്പെടുന്നത്.
ഇവരാണ് ഇന്ത്യയിലെ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതും വിജയികള്‍ക്ക് പണം കൈമാറുന്നതും ഉപഭോക്താക്കളില്‍ നിന്ന് വാതുവെപ്പുകള്‍ സ്വീകരിക്കുന്നതും. ഹവാലാ ഇടപാടുകളായാണ് പ്രൊമോട്ടര്‍മാര്‍ക്ക് പണം കൈമാറുന്നത്.
Content Highlights: mahadev betting app case fir against chhattisgarh former cm bhupesh baghel
Published: 17 Mar 2024, 01:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented