ബെംഗളൂരു: കാറിന്റെ സൈഡ് മിററിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് ബൈക്ക് യാത്രികനായ യുവാവിനെ കൊലപ്പെടുത്തിയ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ദർശൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതികളായ മനോജ് കുമാർ, ഭാര്യ ആരതി ശർമ്മ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

ഒക്ടോബർ 25നായിരുന്നു കേസിനാസ്പദമായ സംഭവം. പുട്ടേനഹള്ളിയിൽ സുഹൃത്തായ വരുണിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ദർശൻ. ഇതേ പാതയിൽ കാറിൽ യാത്ര ചെയ്യുകയായിരുന്നു ദമ്പതിമാർ. ഇവരുടെ കാറിന്റെ സൈഡ് മിററിൽ ബൈക്ക് തട്ടിയതിനെ തുടർന്ന് ചെറിയ തർക്കം ഉടലെടുത്തു. രോഷാകുലരായ ദമ്പതിമാർ വരുണിനെയും ദർശനെയും ഏകദേശം രണ്ട് കിലോമീറ്ററോളം പിന്തുടർന്ന് ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ വരുൺ രക്ഷപ്പെട്ടെങ്കിലും ദർശൻ കൊല്ലപ്പെട്ടു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയെന്നാണ് വിവരം. ആദ്യതവണ ബൈക്കിൽ ഇടിക്കുന്നതിൽ പരാജയപ്പെടുകയും, തുടർന്ന് യൂ-ടേൺ എടുത്ത് വീണ്ടും വന്ന് ഇടിക്കുകയായിരുന്നുവെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

അപകടത്തിന് ശേഷം ദമ്പതിമാർ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. എന്നാൽ, പിന്നീട് , തങ്ങളുടെ കാറിന്റെ തകർന്ന ഭാഗങ്ങൾ നീക്കുന്നതിന് അവർ മാസ്ക് ധരിച്ച് വീണ്ടും സ്ഥലത്തെത്തിയെന്നും അധികൃതർ പറഞ്ഞു. ഇരുവർക്കുമെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.