ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ബെംഗളൂരുവിലെത്തും. നഗരത്തിലെ ഗതാഗതസൗകര്യ രംഗത്ത് വലിയ കുതിച്ചുചാട്ടമായി സര്‍വീസിനൊരുങ്ങി നില്‍ക്കുന്ന മൂന്നാം മെട്രോ പാതയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. ഐടി സ്ഥാപനങ്ങളുടെ കേന്ദ്രമായ ഇലക്ട്രോണിക്‌സ് സിറ്റിയിലേക്ക് ആദ്യമായി മെട്രോ ട്രെയിന്‍ എത്തുന്ന ആര്‍വി റോഡ് ബൊമ്മസാന്ദ്ര പാതയിലൂടെയുള്ള സര്‍വീസിനാണ് ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം പ്രധാനമന്ത്രി ഫ്‌ലാഗ്ഓഫ് ചെയ്യുന്നത്.

To advertise here,

യെല്ലോ ലൈന്‍ എന്നു പേരിട്ട 19.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാതയാണിത്. 16 സ്റ്റേഷനുകള്‍ ഈ പാതയില്‍ നിര്‍മിച്ചിട്ടുണ്ട്. 5,056 കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഹൊസൂര്‍ റോഡ്, സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍, ഇലക്ട്രോണിക്‌സ് സിറ്റി ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന വന്‍ ഗതാഗതക്കുരുക്ക് മെട്രോ പാത തുറക്കുന്നതോടെ കുറയും. നിലവില്‍ ഗ്രീന്‍, പര്‍പ്പിള്‍ ലൈനുകളാണ് ബെംഗളൂരു മെട്രോയ്ക്ക് ഉള്ളത്. ഇതിനും പുതിയ യെല്ലോ ലൈനും പുറമെ, ഒരു പാതകൂടി നിര്‍മിക്കുന്നതിനുള്ള പ്രവൃത്തിക്കും പ്രധാനമന്ത്രി തുടക്കമിടും. മെട്രോ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട ഓറഞ്ച് ലൈനാണ് നിര്‍മാണം തുടങ്ങുന്നത്. 15,611 കോടി രൂപ ചെലവില്‍ 44.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് നിര്‍മിക്കുന്നത്.

മൂന്ന് തീവണ്ടികള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും
ഒരു വന്ദേഭാരത് ഉള്‍പ്പെടെ മൂന്ന് പുതിയ തീവണ്ടികള്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും. ബെംഗളൂരു-ബെളഗാവി വന്ദേഭാരത് വണ്ടിയുടെ ഫ്‌ളാഗ് ഓഫാണ് ആദ്യത്തേത്. അമൃത്സര്‍-ശ്രീ മാതാ വൈഷ്ണോദേവി കത്ര വണ്ടിയുടെയും നാഗ്പൂര്‍-പൂണെ വണ്ടിയുടെയും വെര്‍ച്വല്‍ ഫ്‌ലാഗ് ഓഫും നിര്‍വഹിക്കും. രാവിലെ 11-ന് ബെംഗളൂരുവിലെ കെഎസ്ആര്‍ റെയില്‍വേസ്റ്റേഷനിലാണ് ചടങ്ങ്. തുടര്‍ന്ന് 11.40-ന് ആര്‍വി റോഡ് മെട്രോ സ്റ്റേഷനിലെത്തി യെല്ലോ ലൈനിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കും. തുടര്‍ന്ന് അവിടെനിന്ന് മെട്രോയില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി ഇലക്ട്രോണിക്‌സ് സിറ്റി മെട്രോ സ്റ്റേഷനിലെത്തും.

ഉച്ചയ്ക്ക് ഒരു മണിയോടെ ഇലക്ട്രോണിക്‌സ് സിറ്റിയിലെ ഐഐഐഐടി ഓഡിറ്റോറിയത്തിലെ പൊതുസമ്മേളനത്തില്‍ സംബന്ധിക്കാനെത്തും. മെട്രോ മൂന്നാം ഘട്ടത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിക്കും. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹലോത്, മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രിമാരായ മനോഹര്‍ ലാല്‍, എച്ച്.ഡി. കുമാരസ്വാമി, അശ്വിനി വൈഷ്ണവ്, വി. സോമണ്ണ, ശോഭാ കരന്തലജെ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തേജസ്വി സൂര്യ എംപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയേന്ദ്ര യെദ്യൂരപ്പ എംഎല്‍എ എന്നിവരും പങ്കെടുക്കും. രണ്ടോടെ പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും.