ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ടീമിന്റെ ഐപിഎല്‍ വിജയാഘോഷത്തില്‍ പങ്കെടുത്തത് ക്രിക്കറ്റ് അസോസിയേഷന്‍ ക്ഷണിച്ചതുകൊണ്ടും ഗവര്‍ണര്‍ അടക്കം പങ്കെടുക്കുമെന്ന് അറിയിച്ചതു കൊണ്ടുമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
''കെഎസ്‌സിഎയുടെ (കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍) സെക്രട്ടറിയും ട്രഷററും വന്ന് എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചു. ഞങ്ങള്‍ ചടങ്ങ് സംഘടിപ്പിച്ചിട്ടില്ല, കെഎസ്‌സിഎയാണ് സംഘടിപ്പിച്ചത്. ഗവര്‍ണറും വരുന്നുണ്ടെന്നാണ് അവര്‍ എന്നെ അറിയിച്ചത്. ഞാന്‍ അവിടെ പോയി എന്നുമാത്രം. ക്ഷണിച്ചതിനുശേഷം മാത്രമാണ് ഞാന്‍ അവിടെ പോയത്, അവര്‍ എന്നെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചില്ല. എനിക്ക് മറ്റൊന്നും അറിയില്ല'', സിദ്ധരാമയ്യ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
വിജയാഘോഷം സംഘടിപ്പിച്ച വിധാന്‍സൗധയ്ക്ക് പുറത്ത് മുഖ്യമന്ത്രിയും മറ്റ് പ്രധാന നേതാക്കളും ഉണ്ടായിരുന്നു. ഇത് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പോലീസ് സേനയെ ബാധിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വിഐപി സാന്നിധ്യം ഉണ്ടായതോടെ 1500 പേര്‍ മാത്രം അടങ്ങുന്ന പോലീസ് സംഘത്തിന് കാര്യങ്ങള്‍ നിയന്ത്രിക്കാനാകാതെവന്നു. തിക്കിനും തിരക്കിനും ഇത് പ്രധാന കാരണമായെന്നാണ് ബിജെപി ആരോപിക്കുന്നത്.
ഇക്കഴിഞ്ഞ നാലാംതീയതി ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോത്തിന്റെ ഭാഗമായി ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകര്‍ക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മേയ് നാലാം തീയതി വൈകുന്നേരം അഞ്ചുമണിയോടെ വിധാന്‍സൗധയിലേക്കാണ് കോലിയും സഹതാരങ്ങളും ആദ്യമെത്തിയത്. സംസ്ഥാനസര്‍ക്കാരിന്റെ സ്വീകരണമായിരുന്നു അവിടെ. റോഡിലും പരിസരങ്ങളിലും ആയിരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. സ്വീകരണപരിപാടി കഴിയാറായപ്പോഴേക്കും മഴ പെയ്തു. തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനിരിക്കേയാണ് സ്റ്റേഡിയത്തിന്റെ കവാടത്തിനുമുന്നില്‍ തിക്കുംതിരക്കുമുണ്ടായത്. സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബെംഗളൂരുവിലെ വിധാന്‍ സൗധയില്‍നിന്ന് ആരംഭിച്ച് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് എത്തുന്ന രീതിയിലാണ് ആര്‍സിബി അധികൃതരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും ചേര്‍ന്ന് പരേഡ് നിശ്ചിയിച്ചിരുന്നത്. മൂന്നു ലക്ഷത്തിലധികം ആളുകള്‍ ഇവിടേക്കെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പോലീസിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാതെവന്നു. അപകടത്തിനു പിന്നാലെ ആര്‍സിബി ടീമിന്റെ വിക്ടറി പരേഡ് റദ്ദാക്കിയിരുന്നു.
സംഭവത്തില്‍ ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ 'ഡിഎന്‍എ'യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെ ജൂണ്‍ ആറാം തീയതി പോലീസ് അറസ്റ്റ് ചെയ്തു. ദുരന്തത്തില്‍ ആര്‍സിബി മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎന്‍എ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദ, സിറ്റി പോലീസ് കമ്മിഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അഡീഷണല്‍ കമ്മിഷണര്‍, ഡിസിപി (സെന്‍ട്രല്‍), അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍, കബ്ബണ്‍പാര്‍ക്ക് പോലീസ് ഇന്‍സ്പെക്ടര്‍ എന്നിവരെ മുഖ്യമന്ത്രി സിദ്ധരാമയ്യ സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം, വിജയാഘോഷത്തിനു മണിക്കൂറുകള്‍ മുമ്പേ ദുരന്തമുണ്ടായേക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നതായുള്ള വാര്‍ത്ത പുറത്തുവന്നു. ലക്ഷക്കണക്കിന് ആരാധകര്‍ വിധാന്‍സൗധയിലെത്താന്‍ സാധ്യതയുണ്ടെന്നും ആളുകളെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകുമെന്നുമാണ് ഡിസിപി എം.എന്‍. കരിബസവണ്ണ ഗൗഡ പഴ്‌സനല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റീഫോംസ് വകുപ്പിനെഴുതിയ കത്തില്‍ പറയുന്നത്. കത്ത് അവഗണിച്ചായിരുന്നു അധികൃതര്‍ പരിപാടിയുമായി മുന്നോട്ടുപോയത്.
Content Highlights: Karnataka CM Siddaramaiah clarifies that the state government didn`t organize the RCB victory parade
Published: 08 Jun 2025, 09:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented