കൊൽക്കത്ത: ബുധനാഴ്ച രാത്രി മാധ്യംഗ്രാമിൽ ചന്ദ്രനാഥ് രഥിനെ കൊലപ്പെടുത്തിയ വെടിയൊച്ചകൾ മുഴങ്ങുന്നതിന് മുമ്പുതന്നെ, പശ്ചിമ ബംഗാൾ സർക്കാരിന്റെ ഭരണഘടനാപരമായ പദവിയെക്കുറിച്ച് ന്യൂഡൽഹിയിൽ ഗൗരവകരമായ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു എന്ന് റിപ്പോർട്ട്. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥിന്റെ കൊലപാതകം ആ ചർച്ചകൾക്ക് തുടക്കമിടുകയല്ല, മറിച്ച് അവയെ വേഗത്തിലാക്കുകയാണ് ചെയ്തത്.
ബുധനാഴ്ച രാത്രിയിൽ ഇങ്ങനൊരു കൊലപാതകം നടന്നിരുന്നെങ്കിലും ഇല്ലെങ്കിലും, ഇന്ന്, 2026 മെയ് ഏഴിന് പശ്ചിമ ബംഗാൾ സർക്കാരിന്റെ കാലാവധി അവസാനിച്ചു, എന്ന വസ്തുതയാണ് കേന്ദ്ര സർക്കാരിനെ നടപടിയെടുക്കാൻ നിർബന്ധിതമാക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള മമതാ ബാനർജിയുടെ മൂന്നാം ഊഴം ഇന്ന് ഔദ്യോഗികമായി അവസാനിക്കുകയാണ്.
294 സീറ്റുകളിൽ 207 എണ്ണത്തിലും വിജയിച്ച് തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ് ബിജെപി. പുതിയ സർക്കാർ 2026 മെയ് ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മമതാ ബാനർജി ഇതുവരെ പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിട്ടില്ല. പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ അവർക്ക് അനുമതി നൽകിയിട്ടുമില്ല.
ഇതാണ് ഭരണഘടനാപരമായ മറ്റ് സാധ്യതകൾ പരിശോധിക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. ഭരണനിർവഹണ വിഭാഗത്തിലെ ഉന്നത വൃത്തങ്ങൾ പറയുന്നത് പശ്ചിമ ബംഗാൾ ഇപ്പോൾ ഒരു കാവൽ സർക്കാരിന് (caretaker administration) കീഴിലാണെന്നാണ്. ക്രമസമാധാന നിലയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരോ, മറുപടി നൽകാൻ ഒരു മന്ത്രിസഭയോ, ജനവിധിയിലൂടെ അധികാരത്തിലേറിയ ഒരു മുഖ്യമന്ത്രിയോ നിലവിൽ അവിടെയില്ല.
ഈ യാഥാർത്ഥ്യം കേന്ദ്രത്തിൽ നേരത്തെ തന്നെ ചർച്ചാവിഷയമായിരുന്നു എന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. ബംഗാളിന്റെ ചരിത്രം കണക്കിലെടുക്കുമ്പോൾ അധികാരം സുരക്ഷിതമായി കൈമാറുന്നത് അത്ര എളുപ്പമായിരിക്കില്ലെന്ന് ഉറപ്പായിരുന്നു. 'ഇക്കാര്യം നേരത്തെ തന്നെ പരിഗണനയിലുണ്ടായിരുന്നു. നിലവിലെ സാഹചര്യം ചർച്ചകളെ കൂടുതൽ അടിയന്തരമാക്കി.' പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോർട്ട് ചെയ്തു.
ഭരണഘടനാ സംവിധാനം തകർന്നുവെന്ന് ബോധ്യപ്പെട്ടാൽ ആർട്ടിക്കിൾ 356 പ്രകാരം കേന്ദ്രത്തിന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ഇന്ത്യൻ ഭരണഘടന അനുവാദം നൽകുന്നുണ്ട്. നിലവിലെ സാഹചര്യം അതിന് അനുയോജ്യമാണോ എന്നത് നിയമപരമായ പരിശോധനയ്ക്ക് ശേഷം തീരുമാനിക്കേണ്ട കാര്യമാണ്. എന്നാൽ ഇതിനായുള്ള വാദങ്ങൾക്ക് ഇപ്പോൾ ശക്തമായ അടിത്തറയുണ്ട്.
ബംഗാളിൽ ഇന്ന് ചർച്ചകൾ നടത്താനോ ഏകോപിപ്പിക്കാനോ ആശ്രയിക്കാനോ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ നിലവിലില്ല. സ്ഥാനമൊഴിയുന്ന സർക്കാരിന്റെ കാലാവധി അവസാനിച്ചു. പുതിയ സർക്കാർ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടുമില്ല. നിയമപരവും രാഷ്ട്രീയവും ഭരണപരവുമായ ഈ വിടവിൽ നടപടിയെടുക്കാൻ കേന്ദ്രത്തിന് അവസരമുണ്ടെന്നും, അതിനുള്ള താൽപ്പര്യം വർധിച്ചുവരികയാണ് എന്നുമാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പശ്ചിമ ബംഗാളിലെ അടുത്ത 24 മുതൽ 48 മണിക്കൂർ വരെ 'വളരെ നിർണയകമാണെന്ന്' കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് റഥ് വെടിയേറ്റ് മരിച്ച സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്. ബുധനാഴ്ച വൈകീട്ട് പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലെ മാധ്യംഗ്രാമിലുള്ള ഡോഹാരിയ മേഖലയിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ചില പ്രത്യേക ജില്ലകളിൽ അതീവ ജാഗ്രത വേണമെന്ന് നിർദ്ദേശമുണ്ട്. രാഷ്ട്രീയ പ്രവർത്തകർ, നേതാക്കൾ, അവരുടെ അനുയായികൾ എന്നിവർ ആക്രമിക്കപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഉണ്ടെന്നും ഈ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ടുകൾ ഉന്നത തലങ്ങളിൽ പങ്കുവെച്ചിട്ടുണ്ടെന്നും നിലവിലെ ഭരണഘടനാപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ആലോചനകളിൽ ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും വിവിധ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ടുകൾ പ്രകാരം ബംഗാളിലെ നിലവിലെ സാഹചര്യം ഒട്ടും ആശ്വാസകരമല്ല. അതുകൊണ്ടുതന്നെ കേന്ദ്രസേനകളുടെ (സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് -CAPF) ഡയറക്ടർ ജനറൽമാർ ഡൽഹിയിൽ ഇരുന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന് പകരം നേരിട്ട് ബംഗാളിൽ ക്യാമ്പ് ചെയ്യുകയാണ്. ഏപ്രിൽ 23, 29 തീയതികളിൽ നടന്ന തിരഞ്ഞെടുപ്പുകൾക്കായി നിയോഗിക്കപ്പെട്ട 2.5 ലക്ഷം കേന്ദ്രസേനാ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും ഇപ്പോഴും അവിടെ തുടരുകയാണ്.
തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളോട് യാതൊരു വിധ സഹിഷ്ണുതയും കാണിക്കേണ്ടതില്ലെന്നും പ്രശ്നബാധിത മേഖലകളിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ചൊവ്വാഴ്ച തന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ ബംഗാൾ ചീഫ് സെക്രട്ടറി, ഡിജിപി, സിഎപിഎഫ് എന്നിവർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും, പൊതുനിരത്തിൽവെച്ച് ചന്ദ്രനാഥ് റഥ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെ കേന്ദ്രം അതീവ ജാഗ്രതയോടെയാണ് കാണുന്നത്.
Content Highlights: West Bengal government's constitutional tenure expired on May 7, 2026. BJP secured a landslide victory with 207 seats, ending TMC's 15-year rule. The state currently lacks an elected government or a functioning cabinet. The murder of Suvendu Adhikari's PA has accelerated talks of potential President's Rule. Central Armed Police Forces (CAPF) are deployed to manage post-poll sensitivity.
Published: 07 May 2026, 03:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented