ബെംഗളൂരു: ബെംഗളുരുവിനെ ശുചിത്വ നഗരമാക്കാന്‍ വന്‍ പദ്ധതികളുമായി നഗരസഭ. ബെംഗളൂരുവിലെ നിരത്തുകള്‍ക്കരികിലും ചുവരുകളോട് ചേര്‍ന്നും മൂത്രമൊഴിച്ചാല്‍ ഇനി പിടിവീഴും.  

To advertise here,

നഗരത്തിന്റെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ സ്ഥിരമായി മൂത്രമൊഴിക്കുന്ന സ്ഥലങ്ങളില്‍ അഞ്ച് വലിയ കണ്ണാടികള്‍ സ്ഥാപിച്ചുകഴിഞ്ഞു. വഴിയരികില്‍ മൂത്രമൊഴിച്ചാല്‍ കണ്ണാടി വഴി നാട്ടുകാര്‍ കാണും. പൊതുനിരത്തില്‍ മൂത്രമൊഴിക്കുന്നത് നിരുത്സാഹപ്പെടുത്തുകയാണ് ബെംഗളൂരു നഗരസഭയുടെ ലക്ഷ്യം. 

കെ.ആര്‍ മാര്‍ക്കറ്റ്, ഇന്ദിരാനഗര്‍, ചര്‍ച്ച് സ്ട്രീറ്റ്, കോറമംഗള തുടങ്ങി ജനത്തിരക്കേറിയ ഇടങ്ങളിലാണ് കണ്ണാടികള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂത്രമൊഴിക്കുന്നവരെ കണ്ടുപിടിക്കാന്‍ സിസിടിവി ക്യാമറകളും കണ്ണുംതുറന്ന് ഇരിപ്പുണ്ടാകും.
 
ഇനി മൂത്രമൊഴിക്കാന്‍ മറ്റു സ്ഥലങ്ങളില്ലാത്തതിനാലാണ് വഴിയരികില്‍ മൂത്രമൊഴിക്കുന്നതെന്ന ന്യായം പറഞ്ഞ് രക്ഷപ്പെടാമെന്നും കരുതേണ്ട. കാരണം, കണ്ണാടിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ നഗരത്തില്‍ എവിടെയെല്ലാമാണ് ശൗചാലയങ്ങളുള്ളതെന്ന് കൃത്യമായ വിവരം ലഭിക്കും. 

രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ  കൂറ്റന്‍ കണ്ണാടികള്‍ സ്ഥാപിച്ചത്.

Content Highlight: BBMP tackles the urinating at public place