ന്യൂഡല്‍ഹി: 'സാല്‍വാ ജുദും' വിധിയിലൂടെ നക്‌സലിസത്തെ താന്‍ സഹായിച്ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തിനെതിരേ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതിസ്ഥാനാര്‍ഥിയും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ബി. സുദര്‍ശന്‍ റെഡ്ഡി. വിധിയെഴുതിയത് താനാണ്. എന്നാല്‍ ആ വിധി തന്റേതല്ല. അത് സുപ്രീംകോടതിയുടെ വിധിയാണ്, റെഡ്ഡി പറഞ്ഞു. ആ വിഷയത്തില്‍ ആഭ്യന്തരമന്ത്രിയുമയി നേരിട്ട് തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

To advertise here,

സാല്‍വാ ജുദുമിനേക്കുറിച്ചുള്ള നാല്‍പ്പതു പേജോളംവരുന്ന വിധി അമിത് ഷാ വായിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നതായും സുദര്‍ശന്‍ റെഡ്ഡി പറഞ്ഞു. ആ വിധിന്യായം വായിച്ചിരുന്നെങ്കില്‍ അദ്ദേഹം ഒരുപക്ഷേ അങ്ങനെ പറയില്ലായിരുന്നു. അത്രയേ താന്‍ പറയുന്നുള്ളൂവെന്നും ചര്‍ച്ചകളില്‍ മാന്യത പുലര്‍ത്തണമെന്നും സുദര്‍ശന്‍ റെഡ്ഡി പറഞ്ഞു. 

Read more: 'സുദർശൻ റെഡ്ഡി നക്‌സലിസത്തെ പിന്തുണച്ചു, കോൺഗ്രസ് ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയത് ഇടതുസമ്മർദത്താൽ'

കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന ഒരു പരിപാടിയിലാണ് സുദര്‍ശന്‍ റെഡ്ഡിക്കെതിരേ അമിത് ഷാ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇടതുപക്ഷ തീവ്രവാദത്തെയും നക്സലിസത്തെയും പിന്തുണച്ചുകൊണ്ട് സല്‍വാ ജുദും വിധി പുറപ്പെടുവിച്ച അതേ വ്യക്തിയാണ് പ്രതിപക്ഷ (കോണ്‍ഗ്രസ്) ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായ സുദര്‍ശന്‍ റെഡ്ഡി. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ 2020-ഓടെ തീവ്രവാദം തുടച്ചുനീക്കപ്പെടുമായിരുന്നു. കേരളവും നക്സലിസത്തിന്റെയും തീവ്രവാദത്തിന്റെയും കെടുതികള്‍ അനുഭവിച്ചിട്ടുണ്ട്. ഇടതുപക്ഷ തീവ്രവാദത്തെയും നക്സലിസത്തെയും പിന്തുണയ്ക്കാന്‍ സുപ്രീംകോടതി പോലുള്ള ഒരു വേദി ഉപയോഗിച്ച, ഇങ്ങനെയുള്ള ഒരു സ്ഥാനാര്‍ഥിയെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി കോണ്‍ഗ്രസ് എങ്ങനെ തിരഞ്ഞെടുത്തുവെന്ന് കേരളത്തിലെ ജനങ്ങള്‍ തീര്‍ച്ചയായും വിലയിരുത്തുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. 

ജസ്റ്റിസുമാരായ സുദര്‍ശന്‍ റെഡ്ഡിയും എസ്.എസ്. നിജ്ജാറും അംഗമായ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചാണ് 2011-ല്‍ സാല്‍വാ ജുദൂമിനെ പിരിച്ചുവിടാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മാവോവാദി ഭീഷണി നേരിടാന്‍ ഗോത്രവര്‍ഗ യുവാക്കളെ സ്പെഷല്‍ പോലീസ് ഓഫീസര്‍മാരായി നിയമിച്ചുകൊണ്ട് ഛത്തീസ്ഗഢ് സര്‍ക്കാരായിരുന്നു സാല്‍വാ ജുദുമിന് രൂപം നല്‍കിയത്. ആ സായുധസംഘടന നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു.