കൊച്ചി: പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയും സുപ്രീംകോടതി മുന്‍ ജസ്റ്റിസുമായ ബി. സുദര്‍ശന്‍ റെഡ്ഡിക്കെതിരേ അതിരൂക്ഷ ആരോപണങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുദര്‍ശന്‍ റെഡ്ഡി നക്‌സലിസത്തെ പിന്തുണച്ചതായി അദ്ദേഹം ഭാഗമായ ബെഞ്ച്, സാല്‍വാ ജുദും വിഷയത്തില്‍ പുറപ്പെടുവിച്ച വിധിയെ പരാമര്‍ശിച്ച് അമിത് ഷാ ആരോപിച്ചു. ഇടതുപക്ഷത്തിന്റെ സമ്മര്‍ദംകാരണമാണ് കോണ്‍ഗ്രസ് സുദര്‍ശന്‍ റെഡ്ഡിയെ സ്ഥാനാര്‍ഥിയാക്കിയതെന്നും അമിത് ഷാ കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേ പറഞ്ഞു. 

To advertise here,

ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും പിന്തുണച്ചുകൊണ്ട് സല്‍വാ ജുദും വിധി പുറപ്പെടുവിച്ച അതേ വ്യക്തിയാണ് പ്രതിപക്ഷ (കോണ്‍ഗ്രസ്) ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായ സുദര്‍ശന്‍ റെഡ്ഡി, ഷാ പറഞ്ഞു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ 2020-ഓടെ തീവ്രവാദം തുടച്ചുനീക്കപ്പെടുമായിരുന്നു. കേരളവും നക്‌സലിസത്തിന്റെയും തീവ്രവാദത്തിന്റെയും കെടുതികള്‍ അനുഭവിച്ചിട്ടുണ്ട്. ഇടതുപക്ഷ തീവ്രവാദത്തെയും നക്‌സലിസത്തെയും പിന്തുണയ്ക്കാന്‍ സുപ്രീംകോടതി പോലുള്ള ഒരു വേദി ഉപയോഗിച്ച, ഇങ്ങനെയുള്ള ഒരു സ്ഥാനാര്‍ഥിയെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി കോണ്‍ഗ്രസ് എങ്ങനെ തിരഞ്ഞെടുത്തുവെന്ന് കേരളത്തിലെ ജനങ്ങള്‍ തീര്‍ച്ചയായും വിലയിരുത്തുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസുമാരായ സുദര്‍ശന്‍ റെഡ്ഡിയും എസ്.എസ്. നിജ്ജാറും അംഗമായ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചാണ് 2011-ല്‍ സാല്‍വാ ജുദൂമിനെ പിരിച്ചുവിടാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മാവോവാദ ഭീഷണിയെ നേരിടാന്‍ ഗോത്രവര്‍ഗ യുവാക്കളെ സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാരായി നിയമിച്ചുകൊണ്ട് ഛത്തീസ്ഗഢ് സര്‍ക്കാരായിരുന്നു സാല്‍വാ ജുദൂമിന് രൂപം നല്‍കിയത്. ആ സായുധ സംഘടന നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു. 

എന്‍ഡിഎ സ്ഥാനാര്‍ഥിയായ സി.പി. രാധാകൃഷ്ണനും ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിയായ സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം. സെപ്റ്റംബര്‍ ഒന്‍പതാം തീയതിയാണ് തിരഞ്ഞെടുപ്പ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതിന് പിന്നാലെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സംജാതമായത്.