ന്യൂഡല്‍ഹി: കോവിഡ് 19 ഭേദമാക്കുന്നതിനായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ കൈകളില്‍ ചുംബിച്ച മധ്യപ്രദേശിലെ ആള്‍ദൈവം അസ്ലം ബാബ കോവിഡ് 19 ബാധിച്ച് മരിച്ചു. 

ജൂണ്‍ മൂന്നിനാണ് അസ്ലം ബാബയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഏകദേശം 50 പേര്‍ ബാബയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ പ്രവേശിപ്പിച്ചതായി രത്‌ലം എസ്പി ഗൗരവ് തിവാരി അറിയിച്ചു. അസ്ലം ബാബ താമസിച്ചിരുന്ന നയപുര പ്രദേശത്തെ 150 പേരെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ കണ്ടെയ്ന്‍മെന്റ്‌സോണായി പ്രഖ്യാപിച്ചു. 

അസ്‌ലം ബാബയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് നിരവധിപേര്‍ക്ക് വൈറസ് ബാധയുണ്ടായതായി എസ്പി ഗൗരവ് തിവാരി പറയുന്നു. ബാബയുമായി സമ്പര്‍ക്കമുണ്ടായ 19 പേര്‍ക്ക് വൈറസ് ബാധയുണ്ടായതായി സംസ്ഥാന ആരോഗ്യവകുപ്പിനെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് 19 നെ കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ച് നിരവധിപേര്‍ അന്ധവിശ്വാസങ്ങള്‍ക്ക് പിറകേ പോകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ ഭാഗത്തായി ഏകദേശം 32 'ബാബ'മാരെ ക്വാറന്റീന്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 

രത്‌ലത്തില്‍ 85 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 44 പേര്‍ രോഗമുക്തരായി. നാലുപേര്‍ മരിച്ചു. മധ്യപ്രദേശില്‍ 10,049 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 427 പേര്‍ മരിച്ചു. 

Content Highlights: Aslam Baba who kissed Covid 19 patients to cure them dies