ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വനിതാ ഡോക്ടറെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. യുഎസ് വിസ ലഭിക്കാത്തതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണ് അവര്‍ ജീവനൊടുക്കിയതെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഗുണ്ടുര്‍ സ്വദേശിയായ രോഹിണി (38)യെയാണ് നവംബര്‍ 22-ാം തീയതി ഹൈദരാബാദിലെ പത്മറാവു നഗറിലെ അപ്പാര്‍ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

To advertise here,

വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുജോലിക്കാരി സമീപത്ത് താമസിക്കുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. രോഹിണിയുടെ ബന്ധുക്കളെത്തി വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

വിഷാദരോഗം ഉണ്ടായിരുന്നതായും വിസ നിരാകരിക്കപ്പെട്ടതില്‍ മനോവിഷമമുണ്ടെന്നും കുറിപ്പിലുണ്ട്. യുഎസില്‍ പോയി ജോലി ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ മകള്‍ പൂര്‍ത്തിയാക്കിയിരുന്നെന്നും എന്നാല്‍, അപേക്ഷ നിരാകരിക്കപ്പെട്ടതോടെ സമ്മര്‍ദ്ദത്തിലായെന്നും രോഹിണിയുടെ അമ്മ ലക്ഷ്മി പറഞ്ഞു. 2005-10 കാലത്ത് കിര്‍ഗിസ്താനില്‍നിന്നാണ് രോഹിണി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)