അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഒരു ഗോത്രവർഗ്ഗ സ്കൂളിൽ അസാധാരണമായ പ്രതിസന്ധി. ഹോസ്റ്റലിൽ 'പ്രേതബാധ' ഉണ്ടെന്ന ഭീതിയെത്തുടർന്ന് ഏകദേശം 600-ഓളം വിദ്യാർഥികൾ ഹോസ്റ്റൽ വിട്ടുപോയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിൽ നിന്ന് 700 കിലോമീറ്റർ അകലെയുള്ള ചിക്കൽദാര താലൂക്കിലെ ഡോമ ഗ്രാമത്തിലുള്ള ഈ റെസിഡൻഷ്യൽ സ്കൂളിൽ ആകെ 810 വിദ്യാർഥികളാണ് താമസിച്ച് പഠിക്കുന്നത്.

To advertise here,

ജൂലായ് 22-ന് നാല് പെൺകുട്ടികൾ അസ്വാഭാവികമായി പെരുമാറിയതാണ് ഈ സംഭവങ്ങളുടെ തുടക്കം.

പെൺകുട്ടികൾ നിയന്ത്രണമില്ലാതെ കരയുകയും ചിരിക്കുകയും ചെയ്തതോടെയാണ് ഹോസ്റ്റലിൽ എന്തോ ബാധയുണ്ടെന്ന പ്രചാരണം ശക്തമായത്. ചില കുട്ടികൾ പാദസരത്തിന്റെ കിലുക്കം കേട്ടതായും അവകാശപ്പെട്ടു. ഇതിനെത്തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മിക്ക കുട്ടികളും ഹോസ്റ്റൽ ഉപേക്ഷിച്ചു. എന്നാൽ, പെൺകുട്ടികളുടെ ഈ അവസ്ഥയ്ക്ക് പിന്നിൽ മാനസിക സമ്മർദ്ദമാണെന്നും അമാനുഷികമായി ഒന്നുമില്ലെന്നും ആരോഗ്യ വിദഗ്ധർ നടത്തിയ പരിശോധനയിൽ പറയുന്നു.

ഇത് മാനസിക സമ്മർദ്ദവുമായി ബന്ധപ്പെട്ട 'സെലക്ടീവ് ഹിസ്റ്റീരിയ' പോലുള്ള ഒരവസ്ഥയാകാമെന്നാണ് ഔദ്യോഗിക നിഗമനം. നാട്ടുകാർക്കും വിദ്യാർഥികൾക്കുമിടയിൽ പടരുന്ന പലതരം കഥകൾ ഈ ഭീതി വർദ്ധിപ്പിക്കുന്നുണ്ട്. സ്കൂൾ നിലനിൽക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഒരു 'മഹുവ' മരം മുറിച്ചുമാറ്റിയതോടെ അതിൽ വസിച്ചിരുന്ന ആത്മാക്കൾ കോപിച്ചുവെന്നാണ് പ്രധാന പ്രചാരണം. കൂടാതെ, സ്കൂളിലെ ഡ്രെയിനേജ് പൈപ്പുകൾ തങ്ങളുടെ പ്രധാന ദേവന്റെ ക്ഷേത്രത്തിന് സമീപത്തുകൂടി കടന്നുപോകുന്നത് ദൈവത്തെ പ്രകോപിപ്പിച്ചുവെന്നും ചിലർ വിശ്വസിക്കുന്നു.

സമീപത്തെ പാടത്ത് മരിച്ച ഒരു യുവാവിന്റെ ആത്മാവ് പ്രേതമായി വന്ന് ഉപദ്രവിക്കുന്നുവെന്ന മറ്റൊരു കഥയും സജീവമാണ്. അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ പ്രവർത്തിക്കുന്ന 'മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമ്മൂലൻ സമിതി'യിലെ അംഗങ്ങൾ സ്ഥലത്തെത്തി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിങ് നൽകി വരികയാണ്. കാര്യങ്ങളെ ശാസ്ത്രീയമായ കാഴ്ചപ്പാടോടെ കാണണമെന്നും അന്ധവിശ്വാസങ്ങളിൽ വീഴരുതെന്നും സമിതി അധികൃതർ ആവശ്യപ്പെട്ടു.

അന്ധവിശ്വാസം, ഭയം, മാനസിക സമ്മർദ്ദം എന്നിവയാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമെന്നും അധികൃതർ തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അമരാവതി എംപി ബൽവന്ത് വാങ്കഡെയും വിദ്യാർഥികളോട് ഭയപ്പെടരുതെന്നും ക്ലാസുകളിൽ മടങ്ങിയെത്തണമെന്നും അഭ്യർത്ഥിച്ചു. പെൺകുട്ടികൾക്ക് ആവശ്യമായ കൗൺസിലിങ് നൽകി തിരികെ സ്കൂളിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണെന്ന് പ്രധാനാധ്യാപകൻ സഞ്ജയ് ചൗധരി അറിയിച്ചു. നിലവിൽ ഏതാനും കുട്ടികൾ ഹോസ്റ്റലിലേക്ക് തിരികെ വന്നിട്ടുണ്ട്.