ചെന്നൈ: നിയമസഭയിൽ വിജയ്ക്കും ടിവികെ സർക്കാരിനും പിന്തുണ പ്രഖ്യാപിച്ച എഎംഎംകെ (അമ്മാ മക്കൾ മുന്നേറ്റ കഴകം) എംഎൽഎയെ പാർട്ടിയിൽനിന്ന് പുറത്താക്കി. മന്നാർഗുഡിയിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്. കാമരാജിനെയാണ് എഎംഎംകെ ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. വിജയ്‌യെ പിന്തുണച്ച് എസ്. കാമരാജ് നിയമസഭയിൽ പ്രസംഗിച്ചതിന് പിന്നാലെയാണ് നടപടി.

To advertise here,

ചൊവ്വാഴ്ച നിയമസഭയിൽ പ്രസംഗിക്കുന്നതിനിടെയാണ് കാമരാജ് മുഖ്യമന്ത്രി വിജയ്ക്കും ടിവികെ സർക്കാരിനും പിന്തുണ പ്രഖ്യാപിച്ചത്. വിശ്വാസ വോട്ടെടുപ്പിൽ വിജയ്‌യെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ യുവജനങ്ങൾ വിജയ്‌യെ വിശ്വസിച്ചിരിക്കുന്നു. താനും വിജയ്‌യെ വിശ്വസിക്കുന്നു. വിജയ്‌യെയും ടിവികെ സർക്കാരിനെയും പിന്തുണയ്ക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

ദിവസങ്ങൾക്ക് മുൻപാണ് കാമരാജ് ടിവികെയ്ക്ക് പിന്തുണ നൽകിയെന്ന് പറഞ്ഞ് ടിവികെ ഒരു കത്ത് പുറത്തുവിട്ടിരുന്നത്. ഒരു കാറിനുള്ളിലിരുന്ന് പിന്തുണയറിയിച്ചുള്ള കത്തിൽ കാമരാജ് ഒപ്പിടുന്ന ദൃശ്യങ്ങളും ടിവികെ പുറത്തുവിട്ടിരുന്നു. എന്നാൽ, എഎംഎംകെ ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ ഇതിനെതിരേ രംഗത്തെത്തി. ടിവികെ പുറത്തുവിട്ടത് എഐ വീഡിയോ ആണെന്നും പിന്തുണ അറിയിച്ചുള്ള കത്ത് വ്യാജമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ടിവികെ കുതിരക്കച്ചവടം നടത്തുകയാണെന്നും എഎംഎംകെ എംഎൽഎയുടെ പേരിൽ വ്യാജരേഖ ചമച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പോലീസിലും പരാതി നൽകി.

ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള കത്ത് വ്യാജമാണെന്നായിരുന്നു എസ്. കാമരാജും നേരത്തേ പ്രതികരിച്ചിരുന്നത്. കത്ത് വ്യാജമായി നിർമിച്ചതാണെന്ന് അവകാശപ്പെട്ട അദ്ദേഹം, ടിവികെയെ പിന്തുണയ്ക്കില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിലാണ് അദ്ദേഹം നിയമസഭയിലെ ആദ്യ പ്രസംഗത്തിൽ തന്നെ നിലപാട് മാറ്റിയത്. എഎംഎംകെയുടെ ഏക എംഎൽഎ കൂടിയാണ് കാമരാജ്.