ന്യൂഡല്‍ഹി:  പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരരെ തന്നെയാണ്‌ ഓപ്പറേഷന്‍ മഹാദേവിലൂടെ സുരക്ഷാ സേന വധിച്ചതെന്ന്‌ ആഭ്യന്തരമന്ത്രി അമിത് ഷാ. കൊല്ലപ്പെട്ട സുലൈമാന്‍ ഷാ, അഫ്ഗാനി, ജിബ്രാന്‍ എന്നിവര്‍ ഭീകരാക്രമണത്തില്‍ പങ്കെടുത്തവരാണെന്ന് സുരക്ഷാസേന സ്ഥിരീകരിച്ചുവെന്ന് അദ്ദേഹം ലോക്‌സഭയെ അറിയിച്ചു. 

To advertise here,

'ബൈസരന്‍ താഴ്വരയില്‍ നമ്മുടെ പൗരന്മാരെ കൊലപ്പെടുത്തിയവരില്‍ ഈ മൂന്ന് പേരും ഉണ്ടായിരുന്നു, അവര്‍ കൊല്ലപ്പെട്ടു എന്ന് പാര്‍ലമെന്റിനോടും രാഷ്ട്രത്തോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു.' ഓപ്പറേഷന്‍ മഹാദേവിലെ വിജയത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഭീകരാക്രമണം നടന്നതിന് പിന്നാലെ തന്നെ ഭീകരവാദികള്‍ പാകിസ്താനിലേക്ക് രക്ഷപ്പെടാതിരിക്കാനുള്ള എല്ലാ നടപടികളും എടുത്തിരുന്നു. 

മെയ് 22-ന് ശ്രീനഗറിന് സമീപമുള്ള ദാചിഗാമില്‍ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം സുരക്ഷാ സേനയ്ക്ക് ലഭിച്ചിരുന്നു. ഇന്റലിജന്‍സ് ബ്യൂറോയും കരസേനയും ഭീകരവാദികളും ആശയവിനിമയം നിരീക്ഷിക്കാനുള്ള നടപടികളെടുത്തു. ജൂലൈ 22-ന് ഈ ഭീകരവാദികളുടെ ഒളിത്താവളത്തിന്റെ കൃത്യമായ സ്ഥലം തിരിച്ചറിഞ്ഞു. തുടര്‍ന്ന് സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ ദൗത്യത്തിലൂടെ മൂന്നു ഭീകരവാദികളെയും വധിച്ചു.  സാധാരണക്കാരെ കൊലപ്പെടുത്തിയ മൂന്നു ഭീകരവാദികളെ നമ്മള്‍ വധിച്ചു.- അദ്ദേഹം പറഞ്ഞു.

ഇവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സുരക്ഷാസേന വധിച്ച ഭീകരവാദികളെ ശ്രീനഗറിലേക്ക് കൊണ്ടുവന്നിരുന്നു. എന്‍ഐഎ അറസ്റ്റ് ചെയ്തവര്‍ ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.   ഇതിനുപുറമെ കൊല്ലപ്പെട്ട ഭീകരവാദികളില്‍നിന്ന് കണ്ടെടുത്ത ആയുധങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഇവ പഹല്‍ഗാമില്‍ ഉപയോഗിച്ചവയാണെന്ന് തെളിയിച്ചു.

രണ്ട് എകെ-47 ഒരു എം9 എന്നീ റൈഫിളുകളാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. ചണ്ഡീഗഢിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അടിയന്തര പ്രാധാന്യത്തോടെ പ്രത്യേക വിമാനത്തില്‍ ഈ തോക്കുകള്‍ എത്തിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍നിന്ന് കണ്ടെടുത്ത വെടിയുണ്ടയും പഹല്‍ഗാമില്‍ ഭീകരാക്രമണത്തിന്റെ ഇരകളുടെ ശരീരത്തില്‍നിന്ന് കണ്ടെടുത്ത വെടിയുണ്ടകളും ഒരേപോലെയുള്ളവയായിരുന്നു.  അങ്ങനെയാണ് ഈ മൂന്ന് തോക്കുകളും പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഉപയോഗിച്ചവയാണെന്ന് തെളിഞ്ഞത്. 

അമിത് ഷാ ഇതുപറയുമ്പോള്‍ സഭയില്‍ ബിജെപി അംഗങ്ങള്‍ ഡെസ്‌കിലടിച്ച് സന്തോഷം പ്രകടിപ്പിച്ചു.   ഇക്കാര്യത്തില്‍ ഒരു സംശയത്തിനും സ്ഥാനമില്ല, തന്റെകൈയില്‍ ആ ഫോറന്‍സിക് റിപ്പോര്‍ട്ടുണ്ടെന്നും അമിത് ഷാ സഭയെ അറിയിച്ചു. ആറ് ഫോറന്‍സിക് ശാസ്ത്രജ്ഞര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതാണ് ഈ വിവരരങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭീകരവാദികളെ അയച്ചവരെ നമ്മള്‍ വധിച്ചു. ഇപ്പോള്‍ ആ ഭീകരവാദികളെയും വധിച്ചിരിക്കുന്നു.  രണ്ട് പ്രദേശവാസികള്‍ ഇവര്‍ക്ക് സഹായം ചെയ്തിരുന്നു. അവരെ അറസ്റ്റ് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഭീകരവാദികള്‍ പാകിസ്താനില്‍ നിന്നുതന്നെയാണ് വന്നതെന്ന് എന്താണ് തെളിവെന്ന മുന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ ചോദ്യത്തിനും അമിത് ഷാ മറുപടി നല്‍കി. 

അദ്ദേഹം എന്താണ് പറയാന്‍ ശ്രമിക്കുന്നത്. അദ്ദേഹം എന്തിനാണ് പാകിസ്താനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്?  ഇവരെല്ലാം പാകിസ്താനികള്‍ തന്നെയാണ് എന്നതിന് തെളിവുകളുണ്ട്.  കൊല്ലപ്പെട്ടരില്‍ രണ്ടുപേര്‍ പാകിസ്താനിലെ വോട്ടര്‍ പട്ടികയിലുള്ളവരാണ്. കൊല്ലപ്പെട്ട ഭീകരവാദികളുടെ പക്കല്‍നിന്ന് പാകിസ്താനില്‍ നിര്‍മിച്ച ചോക്‌ളേറ്റ് കണ്ടെടുത്തിട്ടുണ്ട്.  ഈ രാജ്യത്തിന്റെ മുന്‍ ആഭ്യന്തര മന്ത്രിതന്നെ പാകിസ്താന് ക്ലീന്‍ചിറ്റ് നല്‍കുന്നത് ലോകം മുഴുവന്‍ കാണുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.