ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി ബില്ലിലെ വ്യവസ്ഥയില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബോര്‍ഡിലെ മുസ്‌ലിം ഇതര അംഗങ്ങള്‍ക്ക് മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യാതൊരു പങ്കും ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അമിത് ഷാ.
ബില്ലിനേക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നും അമിത് ഷാ വിമര്‍ശിച്ചു. ഏതെങ്കിലും സമുദായത്തിന്റെ മതാചാരങ്ങളില്‍ കൈകടത്തുന്നതല്ല നിര്‍ദിഷ്ട നിയമനിര്‍മാണം. വഖഫ് വസ്തുവകകള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പുവരുത്താനും ക്രമക്കേടുകള്‍ തടയാനുമാണ് ബില്ലിലൂടെ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ വോട്ട് ബാങ്കിനുവേണ്ടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയംനിറയ്ക്കാനാണ് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നതെന്നും അമിത് ഷാ വിമര്‍ശിച്ചു.
മതപരമായ കാര്യങ്ങളില്‍ കൈകടത്തുക എന്നതല്ല വഖഫ് ബോര്‍ഡിലെ മുസ്‌ലിം ഇതര അംഗങ്ങളുടെ ചുമതല. ഭരണനിര്‍വഹണം നിയമാനുസൃതമായാണോ നടക്കുന്നത് എന്ന് ഉറപ്പുവരുത്തുക, എന്ത് കാര്യത്തിനാണോ സംഭാവന ലഭിച്ചത് ആ തുക അതിനുവേണ്ടിത്തന്നെയാണ് ചെലവഴിക്കുന്നത് എന്ന് ഉറപ്പുവരുത്തുക- ഇതാണ് അവരുടെ ഉത്തരവാദിത്വം, അമിത് ഷാ പറഞ്ഞു.
2013-ല്‍ വഖഫ് നിയമത്തില്‍ ഭേദഗതി വരുത്താതെയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ ഭേദഗതി ബില്ലിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. എല്ലാം നന്നായി പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, 2014-ല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 2013-ല്‍ വഖഫ് നിയമത്തില്‍ പൊടുന്നനേ മാറ്റങ്ങള്‍ വരുത്തി. അതിന്റെ ഫലമായി ല്യുട്ടിന്‍സ് ഡല്‍ഹിയിലെ 123 വിവിഐപി വസ്തുവകകള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വഖഫിന് കൈമാറി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആയിരുന്നു അത്, അമിത് ഷാ വിമര്‍ശിച്ചു.
വഖഫ് ഭേദഗതി ബില്‍ നിയമമാകുന്നപക്ഷം അതിന് മുന്‍കാല പ്രാബല്യമുണ്ടായിരിക്കില്ലെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു. അങ്ങനെയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും സഭയില്‍ സംസാരിക്കുമ്പോള്‍ ഉത്തരവാദിത്വത്തോടെ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു നിയമവും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി കൊണ്ടുവരരുത് എന്നതാണ് ബിജെപിയുടെയും മോദിസര്‍ക്കാരിന്റെയും നയം. നീതിക്കു വേണ്ടിയാകണം നിയമം കൊണ്ടുവരേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
Content Highlights: amit shah on why non muslim members in waqf board
Published: 02 Apr 2025, 08:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented