ന്യൂഡല്‍ഹി: അംബാനിയേയും അദാനിയേയും പോലുള്ള വ്യവസായികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അവരെ ആരാധിക്കണമെന്ന് ബിജെപി എംപി അല്‍ഫോണ്‍സ് കണ്ണന്താനം. രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നുവരുന്നതിനിടെയാണ് രാജ്യസഭയില്‍ കണ്ണന്താനം ഇങ്ങനെ പറഞ്ഞത്.

To advertise here,

മുതലാളിത്തത്തിന്റെ വക്താവാണെന്ന് നിങ്ങള്‍ക്കെന്നെ കുറ്റപ്പെടുത്താം. ഈ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച ആളുകള്‍ക്ക് നിങ്ങള്‍ പേരിട്ടിരിക്കുന്നതിനാല്‍, ആ ആളുകളുടെ പേര് ഞാന്‍ പറയട്ടെ. അത് റിലയന്‍സ് ആയാലും അംബാനി ആയാലും അദാനിയായാലും ആരായാലും അവരെ ആരാധിക്കണം. കാരണം, അവര്‍ തോഴില്‍ നല്‍കുന്നു. അംബാനിയായാലും അദാനിയായാലും, ഈ രാജ്യത്ത് മൂലധനം നിക്ഷേപിക്കുന്ന ഓരോ വ്യവസായിയും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. അവരെ ബഹുമാനിക്കേണ്ടതുണ്ട്', കണ്ണന്താനം പറഞ്ഞു. പാര്‍ലമെന്റില്‍ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള സാമ്പത്തിക അസമത്വം ഒരു വസ്തുതയാണെന്നും രണ്ടുപേരുടെ സ്വത്ത് വര്‍ധിച്ചുവെന്നാണ് പ്രതിപക്ഷം വാദിക്കുന്നതെന്നും കണ്ണന്താനം കൂട്ടച്ചേര്‍ത്തു. 

'ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് 1016 ശതമാനം ഉയര്‍ന്നു. നിങ്ങള്‍ ഇതിനെക്കുറിച്ച് ബോധവാന്മാരാണോ? ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജിന്റെ സമ്പത്തില്‍ 126 ശതമാനം വര്‍ധനവുണ്ടായി. ബെസോസിന്റെ സമ്പത്ത് 67 ശതമാനം ഉയര്‍ന്നു. ഈ ആദ്യ 10 പേരില്‍ ഏറ്റവും താഴ്ന്നത് ബില്‍ ഗേറ്റ്സാണ്. അദ്ദേഹത്തിന്റെ സമ്പത്ത് 30 ശതമാനം ഉയര്‍ന്നു. നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ആഗോള അസമത്വം ഒരു വസ്തുതയാണ്. ലോകത്ത് മൂന്ന് ബില്യണ്‍ ആളുകള്‍ പ്രതിദിനം അഞ്ച് ഡോളറില്‍ താഴെ വരുമാനത്തിലാണ് ജീവിക്കുന്നത്', അദ്ദേഹം പറഞ്ഞു.

മുഖമില്ലാത്ത, തൊഴിലില്ലാത്ത വളര്‍ച്ചയെ കുറിച്ചാണ് സര്‍ക്കാര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന് സഭയില്‍ പ്രതിപക്ഷം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ നയങ്ങള്‍ അസമത്വം വര്‍ദ്ധിപ്പിച്ചുവെന്നും പ്രതിപക്ഷം വിമർശനമുന്നയിച്ചു.