'അമര്‍ സിംഗ് ഒപ്പമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എല്ലാം നേടാ'മെന്നായിരുന്നു ഒരു കാലത്ത് അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ പങ്ക് വയ്ക്കപ്പെട്ട പരസ്യമായ രഹസ്യം. നേതാക്കള്‍ ആഗ്രഹിക്കുന്ന കരുക്കള്‍ കളത്തില്‍ നീക്കി വിജയം നേടിക്കൊടുക്കാനുള്ള സാമര്‍ഥ്യം, സൗഹൃദത്തിന്റെ വല വീശി അധികാരത്തിന്റെ കടലില്‍ നിന്ന് വന്‍സ്രാവുകളെ പിടിക്കാനുള്ള ചതുരുപായങ്ങള്‍, പതിവ് മാനദണ്ഡങ്ങളുടെ പരിചിത വലയത്തിനുള്ളില്‍ മടിച്ചു നില്‍ക്കാതെ കൊണ്ടും കൊടുത്തും നേടാനുള്ള വൈദഗ്ധ്യം തുടങ്ങിയ ഘടകങ്ങളുടെ ചേരുവയായിരുന്നു അമര്‍ സിംഗ്. ഇടനിലക്കാരന്റെ മുഖമുള്ള രാഷ്ട്രീയക്കാരന്‍ എന്ന നിര്‍വചനത്തിന് അമര്‍ സിംഗ് സ്വയം ഉദാഹരണമായതങ്ങനെയാണ്.

To advertise here,

1996 മുതല്‍ 2010 വരെയുള്ള പതിനാല് വര്‍ഷത്തെ ദേശീയ രാഷ്ട്രീയം അമര്‍ സിംഗ് എന്ന അസംഗഡുകാരനായ ഡീല്‍ മേക്കറുടെയും കിംഗ് മേക്കറുടെയും വിരലനക്കങ്ങളില്‍ കറങ്ങിത്തിരിഞ്ഞിരുന്നു. രാഷ്ട്രീയ നേതാക്കളും വന്‍കിട വ്യവസായികളും ചലച്ചിത്ര താരങ്ങളും അമര്‍സിംഗിന്റെ സൗഹൃദ ലോകം വിരിച്ച പട്ടു പരവതാനിയിലൂടെ സഞ്ചരിക്കുകയും 'വീലര്‍-ഡീലര്‍ 'എന്ന വിശേഷണത്തിന്റെ വ്യാഖ്യാനങ്ങളില്‍ അമര്‍ സിംഗിനെ അവരോധിക്കുകയും ചെയ്തു. എന്നിട്ടും സിംഗപ്പൂരിലെ ആശുപത്രിയില്‍ ഒട്ടും ആര്‍ഭാടമില്ലാതെ മരണമെത്തുമ്പോഴേക്ക് സ്വയം സൃഷ്ടിച്ച രാഷ്ട്രീയലോകത്തിന് പോലും അമര്‍ സിംഗ് അപരിചിതനായി എന്നത് മറ്റൊരു യാഥാര്‍ഥ്യം.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ രാജ്യത്ത് നടപ്പായ ഉദാരവല്‍ക്കരണം ഇന്ത്യന്‍ രാഷ്ട്രീയത്തിലാവാഹിച്ച ധനാധിപത്യത്തിന്റെ പ്രതീകമാണ് അമര്‍ സിംഗ്. പണവും അധികാരവും  കെട്ടുപിണഞ്ഞ രാഷ്ട്രീയത്തിന്റെ പ്രയോക്താവ്. ഇക്കാര്യം മറച്ചു വയ്ക്കാന്‍ അമര്‍ സിംഗ് ഒരിക്കലും മുതിര്‍ന്നിട്ടുമില്ല. '1996 ല്‍ ദേശീയ രാഷ്ട്രീയത്തിലെത്തിയത് മുതല്‍ എന്നെ അധികാര ദല്ലാള്‍ എന്നാണ് മാധ്യമങ്ങള്‍ വിളിക്കുന്നതെന്നായിരുന്നു' അടുത്ത കാലത്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍  ഒട്ടും പരിഭവമില്ലാതെ അമര്‍ സിംഗ് പറഞ്ഞത്.

ഒരു കാലത്ത് ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയുടെ മുഖവും മുലായം സിംഗ് യാദവിന്റെ വലം കയ്യുമായിരുന്ന അമര്‍ സിംഗിന്റെ ജീവിതം സിനിമകളെ തോല്‍പിക്കുന്ന നാടകീയത കലര്‍ന്നതാണ്. കോണ്‍്ഗ്രസ് രാഷ്ട്രീയത്തിലൂടെയായിരുന്നു അമര്‍ സിംഗിന്റെ തുടക്കം. ഉത്തര്‍പ്രദേശിലെ അസംഗഡിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കൊല്‍ക്കത്തയിലായിരുന്നു തുടര്‍ന്ന് അമര്‍ സിംഗിന്റെ ജീവിതം. കൊല്‍ക്കത്ത സെന്റ് സേവ്യേഴ്സിലായിരുന്നു കോളേജ് വിദ്യാഭ്യാസം.

വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയത്തില്‍ താല്‍പര്യം കാട്ടിയ അമര്‍ സിംഗ് കോണ്‍ഗ്രസിന്റെ കൊല്‍ക്കത്തയിലെ ബുരാബസാര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയായാണ് തുടങ്ങിയത്. പിന്നീട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി മാറിയ കോണ്‍ഗ്രസ് നേതാവ് വീര്‍ ബഹാദൂര്‍ സിംഗുമായുള്ള അടുപ്പം ആരംഭിക്കുന്നത് കൊല്‍ക്കത്ത ജീവിത കാലത്താണ്. വീര്‍ ബഹാദൂര്‍ സിംഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായപ്പോള്‍ അമര്‍സിംഗ് ലഖ്നോ കേന്ദ്രീകരിച്ച് ചെറുകിട ബിസിനസുകള്‍ ആരംഭിച്ചു. ഇക്കാലത്ത് മാധവറാവു സിന്ധ്യ ഉള്‍പ്പെടെയുള്ള നേതാക്കളുമായും സൗഹൃദം തുടങ്ങി. ബി.സി.സി.ഐ തിരഞ്ഞടുപ്പില്‍ ജഗ്മോഹന്‍ ഡാല്‍മിയയെ ഒരു വോട്ടിന് മാധവറാവു സിന്ധ്യ പരാജയപ്പെടുത്തിയതിന് പിന്നില്‍ അമര്‍ സിംഗിന്റെ കരുനീക്കങ്ങളായിരുന്നു. അമര്‍ സിംഗ് എന്ന പില്‍ക്കാല ചാണക്യന്റെ പാഠശാലകളായിരുന്നു ഇക്കാലങ്ങള്‍. എന്നാല്‍ വീര്‍ ബഹാദൂര്‍ സിംഗ് രാഷ്ട്രീയത്തില്‍ മങ്ങിത്തുടങ്ങിയപ്പോള്‍ എതിരാളിയായിരുന്ന മുലായം സിംഗ് യാദവിന്റെ കളരിയിലെത്താന്‍ അമര്‍ സിംഗ് മടിച്ചില്ല എന്നതാണ് പില്‍ക്കാല വിജയങ്ങളുടെ അടിത്തറയൊരുക്കിയത്.

മുലായം സിംഗ് യാദവ് സമാജ്‌വാദി പാര്‍ട്ടി രൂപവല്‍ക്കരിച്ചപ്പോള്‍ അമര്‍ സിംഗ് സ്ഥാപകാംഗമായി. 1996 ല്‍ രാജ്യസഭാംഗമായി. പിന്നീട് അമര്‍ സിംഗ് തിരിഞ്ഞു നോക്കിയിട്ടില്ല. ദേശീയ രാഷ്ട്രീയത്തില്‍ സമാജ് വാദിപാര്‍ട്ടിയുടെ പ്രധാനമുഖമായി മാറിയ അമര്‍ സിംഗ് ദേശീയ തലത്തിലെ രാഷ്ട്രീയ നീക്കങ്ങളുടെ അമരക്കാരിലൊരാളാകാന്‍ വൈകിയില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കങ്ങള്‍ക്ക് മുലായം സിംഗ് അനിവാര്യമായ ഘടകമായതോടെ ചരട് വലികളുമായി അമര്‍ സിംഗ് അണിയറയില്‍ നിറഞ്ഞു.ഹിന്ദിയിലൊതുങ്ങുന്ന മുലായം സിംഗിന്റെ ഇംഗ്ലീഷ് നാവായി അമര്‍സിംഗ്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദല്‍ രൂപവല്‍ക്കരിക്കാനുള്ള മൂന്നാം മുന്നണി നീക്കങ്ങള്‍ക്ക് പോലും അമര്‍ സിംഗിന്റെ ഡല്‍ഹിയിലെ വസതി വേദിയായി.

ഇന്ത്യ-അമേരിക്ക ആണവ കരാറിനെച്ചൊല്ലി ഒന്നാം യു.പി.എ.സര്‍ക്കാരിനുള്ള പിന്തുണ ഇടതു പാര്‍ട്ടികള്‍ പിന്‍വലിച്ച ഘട്ടത്തിലാണ് അമര്‍ സിംഗിന്റെ രാഷ്ട്രീയ സാമര്‍ഥ്യം ഒരിക്കല്‍ കൂടി ദേശീയ രാഷ്ട്രീയം കണ്ടത്. കരാറുമായി മുന്നോട്ട് പോകാന്‍ ഡോ.മന്‍മോഹന്‍സിംഗിനും യു.പി.എ.ക്കും പിന്‍ബലം നല്‍കിയത് സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയായിരുന്നു. അതിന് പിന്നിലെ ബുദ്ധി അമര്‍ സിംഗ് തന്നെ. ലോക്സഭയില്‍  അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ മൂന്ന് ബി.ജെ.പി എം.പി മാര്‍ക്ക് അമര്‍ സിംഗ് കോഴ കൊടുത്തു എന്ന ആരോപണം തൊട്ടു പിന്നാലെ എത്തിയതും ഹിലാരി ക്ലിന്റണ്‍ ഫൗണ്ടഷന് 5 മില്യന്‍ ഡോളര്‍ അമര്‍ സിംഗ് സംഭാവന നല്‍കിയെന്ന വിവാദവും പില്‍ക്കാല ചരിത്രം ! എന്നാല്‍ ആണവകരാറിന് നല്‍കിയ പിന്തുണയുടെ പ്രതിഫലം 2009 ലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ സമാജ് വാദി പാര്‍ട്ടിക്കും മുലായം-അമര്‍ സിംഗ് കൂട്ടുകെട്ടിനും പിഴച്ചു. രണ്ടാം യു.പി.എ സര്‍ക്കാരില്‍ തങ്ങളെ കോണ്‍ഗ്രസ് അംഗമാക്കുമെന്ന കണക്ക് കൂട്ടല്‍ പാളിയതോടെ ദേശീയ രാഷ്ട്രീയത്തില്‍ എസ്.പി.യുടെ തിരിച്ചടിക്ക് തുടക്കമായി, അമര്‍ സിംഗിന്റെയും.

2009 മുതല്‍ അമര്‍ സിംഗിന് ക്ഷീണകാലമാണ്. മുലായം സിംഗിന്റെ മകന്‍ അഖിലേഷ് യാദവിന്റെ ഉയര്‍ച്ച അമര്‍ സിംഗിന് ക്ഷീണമായി. വിദേശ വിദ്യാഭ്യാസം നേടിയെത്തിയ അഖിലേഷിന് അമര്‍സിംഗിന്റെ പ്രവര്‍ത്തന രീതികളില്‍ താല്‍പര്യമുണ്ടായിരുന്നില്ല. മുലായം സിംഗിനെ വഴി തെറ്റിക്കുന്നത് അമര്‍ സിംഗാണെന്ന തോന്നല്‍ ശക്തമായ അഖിലേഷും പാര്‍ട്ടിയുടെ ചരടുകള്‍ മുഴവുന്‍ അമര്‍സിംഗിനാണെന്ന യാഥാര്‍ഥ്യത്തില്‍ അസ്വസ്ഥരായ പ്രാദേശിക നേതാക്കളും പാര്‍ട്ടിയില്‍ പുതിയ ചേരിയുണ്ടാക്കി. 2009 ലെ ഉപതിരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ ഭാര്യ ഡിംപിളിന്റെ പരാജയത്തിന്റെ പിന്നില്‍  അമര്‍ സിംഗാണെന്ന ആരോപണവും ശക്തമായി. നില പരുങ്ങലിലായ അമര്‍ സിംഗ് രാജിക്കത്ത് നല്‍കിയെങ്കിലും മുലായം സിംഗ് സ്വീകരിച്ചില്ല. എന്നാല്‍ ,പാര്‍ട്ടിയില്‍ മുലായം സിംഗിന്റെ സ്വാധീനം ദുര്‍ബലമായി തുടങ്ങിയതോടെ 2010 ല്‍ അമര്‍ സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് സുഹൃത്തായ ജയപ്രദക്കൊപ്പം ചേര്‍ന്ന് രാഷ്ട്രീയ ലോക് മഞ്ച് എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും വേര് പിടിച്ചില്ല. 2011 ല്‍ ഹ്രസ്വകാലം ജയിലിലുമായി. തുടര്‍ന്ന് 5 വര്‍ഷത്തോളം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നിന്ന അമര്‍ സിംഗ് മുലായം സിംഗ് യാദവിന്റെ പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭയിലേക്ക് മടങ്ങിയെത്തിയെങ്കിലും മാറി പോയ കാലവും മാറി തീര്‍ന്ന രാഷ്ട്രീയവും പഴയ അമര്‍ സിംഗാകാന്‍ അവസരം നല്‍കിയില്ല.

വിവാദങ്ങള്‍ ഒരിക്കലും അമര്‍ സിംഗിന് അപരിചിതമായ കളിക്കളമായിരുന്നില്ല.ബോളിവുഡും വന്‍കിട വ്യവസായ ലോബിയും എക്കാലത്തും അമര്‍ സിംഗിന്റെ സൗഹൃദങ്ങളായിരുന്നു. അമിതാഭ് ബച്ചനും അനില്‍ അംബാനിയും സഹാറയുടെ ഉടമ സുബ്രതാ റോയിയും അമര്‍ സിംഗിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ബച്ചന്‍ കുടുംബവുമായി ഇണങ്ങിയും പിണങ്ങിയുമുള്ള ദീര്‍ഘകാലബന്ധമാണ് അമര്‍സിംഗിനുള്ളത്. സഹാറ എന്ന വ്യവസായ സാമ്രാജ്യം തഴച്ചു വളര്‍ന്നത് ഉത്തര്‍പ്രദേശിലെ സമാജ് വാദി സര്‍ക്കാരിന്റെ ഭരണകാലത്താണ്. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വന്‍ വ്യവസായമായി വേരുറപ്പിച്ച കാലത്ത് അമര്‍ സിഗും മുന്‍നിര ഇടപാടുകാരനായി രംഗത്തുണ്ടായിരുന്നു. ബോളിവുഡ് താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഫോണ്‍ വിളി ചോര്‍ത്തല്‍ വിവാദങ്ങള്‍ ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു.

എന്നാല്‍ സമാജ് വാദി പാര്‍ട്ടിയിലെ പിടി അയഞ്ഞതോടെ, അമര്‍ സിംഗിന്റെ അധികാരകാലം അസ്തമിച്ചു തുടങ്ങി. രോഗകാലം ആരംഭിച്ചതോടെ അമര്‍ സിംഗ് തിരിച്ചു വരവിന്റെ വഴിയടഞ്ഞു. 'ചികിത്സാ കാലത്ത് തന്നെ ഞാന്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പാര്‍ട്ടി അനുശോചിച്ചേക്കും. എന്നാല്‍ യഥാര്‍ഥ നഷ്ടം എന്റെ കുടുംബത്തിനാണ് 'എന്നായിരുന്നു നഷ്ടപ്രതാപങ്ങളെ അയവിറക്കി അവസാനകാലത്ത് അമര്‍ സിംഗ് പറഞ്ഞത്.

Content Highlights: Remembering, Amar Singh the former SP leader who became Mulayam Singh Yadva's right hand