ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ജില്ലകളുടെ പേരുമാറ്റം തുടരുന്നു. അലിഗഢ് ജില്ലയുടെ പേര് ഹരിഗഢ് എന്നാക്കും. മെയിന്‍പുരി ജില്ല ഇനിമുതല്‍ മായന്‍ നഗറാകും. ഇരു ജില്ലകളുടെയും പേരുമാറ്റം നിര്‍ദേശിച്ച് അലിഗഢ്, മെയിന്‍പുരി ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. യുപി സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഇരു ജില്ലകളും പുതിയ പേരില്‍ അറിയപ്പെടും.
അലിഗഢ്, മെയിന്‍പുരി ജില്ലാ പഞ്ചായത്തില്‍ ഭരണം ബിജെപിക്കാണ്. ഇരു ജില്ലാ പഞ്ചായത്തുകളുടെയും ആദ്യ യോഗത്തിലാണ് പേരുമാറ്റാനുള്ള തീരുമാനം എടുത്തത്. ജില്ലയുടെ പഴയ പേര് തന്നെ പുനഃ,സ്ഥാപിക്കാനുള്ള നടപടിയുടെ ഭാഗമാണ് പേരുമാറ്റം. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ട് സുപ്രധാന ജില്ലകളുടെ പേരുമാറ്റാനുള്ള നടപടികളിലേക്ക് യുപി സര്‍ക്കാര്‍ നീങ്ങുന്നതെന്നും ശ്രദ്ധേയമാണ്.
അലിഗഢ് ജില്ലാ പഞ്ചായത്ത് ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയത്. ആകെയുള്ള 72 അംഗങ്ങളില്‍ യോഗത്തില്‍ പങ്കെടുത്ത 50 പേരും പ്രമേയത്തെ അനുകൂലിച്ചു. മെയിന്‍ പുരി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 11ന് എതിരെ 19 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.
'അലിഗഢിന്റെ പേര് ഹരിഗഢ് ആക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ജില്ലാ പഞ്ചായത്ത് ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയത്. അന്തിമ അനുമതിക്കായി പ്രമേയം സംസ്ഥാന സര്‍ക്കാരിന് കൈമാറും'- അലിഗഢ് ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ വിജയ് സിങ് പറഞ്ഞു.
ഫിറോസാബാദിന്റെ പേര് ചന്ദ്ര നഗര്‍ എന്നാക്കണമെന്ന് നിര്‍ദേശിച്ച് ഫിറോസാബാദ് ജില്ലാ പഞ്ചായത്തും അടുത്തിടെ പ്രമേയം പാസാക്കിയിരുന്നു. 2017ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം മുസ്ലീം പേരിലുള്ള യുപിയിലെ നിരവധി നഗരങ്ങളുടെ പേരുകള്‍ മാറ്റിയിരുന്നു. അലഹബാദ് പ്രയാഗ് രാജാക്കി. ഫൈസാബാദ് നഗരം അയോധ്യയായി മാറി. മുഗള്‍സരായ് നഗരത്തിന്റെ പേര് പണ്ഡിറ്റ് ദീന്‍ ദയാൽ ഉപാധ്യായ നഗര്‍ എന്നാക്കിയും മാറ്റിയിരുന്നു.
content highlights: Aligarh likely to be renamed as Harigarh, Mainpuri as Mayan Nagar; resolutions passed in zila panchayats
Published: 17 Aug 2021, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented