ആലുവ: റിസോർട്ടിൽ നടത്തിയ ഹാലോവീൻ പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കടവന്ത്ര സ്വദേശി അലക്സാണ് (20) പിടിയിലായത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് ആലുവ പോലീസ് നടപടി എടുത്തത്. ഒക്ടോബർ 31-ന് വെളിയത്തുനാട്ടിലെ റിസോർട്ടിലാണ് പാർട്ടി നടത്തിയത്. 30 ഓളം പേരാണിതിൽ പങ്കെടുത്തത്. പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികൾ പാർട്ടിയിൽ പങ്കെടുത്തെന്നാണ് വിവരം. ഇൻസ്റ്റഗ്രാം വഴിയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.

To advertise here,

പെൺകുട്ടികൾ മാത്രം ചേർന്ന് ഹാലോവീൻ പാർട്ടി നടത്തുന്നുവെന്ന് വീടുകളിൽ അറിയിച്ചാണ് പലരും പാർട്ടിക്ക് എത്തിയത്. പാർട്ടിയിൽ മദ്യ‌സത്കാരമോ ലഹരി ഉപയോഗമോ നടന്നിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

സ്ഥലത്ത് മകളെ അന്വേഷിച്ചെത്തിയ മറ്റൊരു പെൺകുട്ടിയുടെ പിതാവ് മദ്യസത്കാരം കാണുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. അയാൾ മകളെ വിളിച്ചുകൊണ്ടുപോകുകയും, പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. അവരെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് ആലുവ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പരിപാടിയുടെ സംഘാടകരെയും റിസോർട്ട് നടത്തിപ്പുകാരെയും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ ഒക്ടോബർ 31-ന് നടന്ന ആഘോഷമാണ് ഹാലോവീൻ പാർട്ടി. അതിന് സമാനമായ രീതിയിലാണ് ഇവിടെ പാർട്ടി സംഘടിപ്പിച്ചത്.