ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ബിജെപിയെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും കനൗജ് എംപിയുമായ അഖിലേഷ് യാദവ്. ബിജെപി ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിനെ ചൊല്ലിയായിരുന്നു പരിഹാസം. അഖിലേഷിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തെത്തി.
'ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുണ്ട്. അവര്‍ക്ക് സ്വന്തം ദേശീയ അധ്യക്ഷനെപ്പോലും തീരുമാനിക്കാന്‍ കഴിയുന്നില്ല', എന്നായിരുന്നു അഖിലേഷിന്റെ പരാമര്‍ശം. ഈ പരാമര്‍ശത്തിന് പിന്നാലെ അമിത് ഷാ മറുപടി പറയാന്‍ എഴുന്നേറ്റു.
ലോക്‌സഭയിലെ മറ്റ് പാര്‍ട്ടികളുടെ ദേശീയ അധ്യക്ഷന്മാരെ ഒരു കുടുംബത്തില്‍നിന്നാണ് തിരഞ്ഞെടുക്കുന്നത് എന്നായിരുന്നു അമിത് ഷായുടെ മറുപടി. 'എന്റെ മുന്നിലിരിക്കുന്ന എല്ലാ പാര്‍ട്ടികളും അവരുടെ ദേശീയ അധ്യക്ഷനെ ഏതാനും കുടുംബങ്ങളില്‍നിന്നാണ് തിരഞ്ഞെടുക്കുന്നത്. ഞങ്ങള്‍ക്ക് നടപടിക്രമങ്ങളിലൂടെ 12-13 കോടി പേരില്‍നിന്നാണ് അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത്. അതിന് കുറച്ച് സമയം എടുക്കും. നിങ്ങളുടെ കാര്യത്തില്‍ പക്ഷേ അത്രസമയം വേണ്ടിവരില്ല. അടുത്ത 25 വര്‍ഷവും നിങ്ങള്‍തന്നെ അധ്യക്ഷനായി തുടരുമെന്നാണ് എനിക്ക് പറയാനുള്ളത്', എന്നായിരുന്നു ഷായുടെ മറുപടി.
ബില്ലിനെതിരെ രൂക്ഷവിമര്‍ശനമാണ് അഖിലേഷ് യാദവ് ഉയര്‍ത്തിയത്. ഭരണപരാജയം മറച്ചുവെക്കാനാണ് ഓരോ തവണയും ബിജെപി പുതിയ ബില്ലുമായി വരുന്നതെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. ആര്‍ക്കുവേണ്ടിയാണ് ബില്‍ അവതരിപ്പിക്കുന്നത്, അവരുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കാത്തതിനേക്കാള്‍ വലിയ അനീതി വേറെയില്ല. വഖഫ് ഭൂമികള്‍ ഏറ്റെടുത്ത് വില്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് ബില്ലെന്നും അഖിലേഷ് ആരോപിച്ചു.
രാഷ്ട്രീയം തനിക്ക് മുഴുവന്‍ സമയജോലിയല്ലെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും അഖിലേഷ് പരിഹസിച്ചു. ഞങ്ങളുടെ മുഖ്യമന്ത്രി പറയുന്നത്, രാഷ്ട്രീയം അദ്ദേഹത്തിന് പാര്‍ട്ട് ടൈം ജോലിയാണെന്നാണ്. കേന്ദ്രനേതൃത്വമെന്താണ് അത്തരം പാര്‍ട്ട് ടൈം ജോലിക്കാരെ സ്ഥാനത്തുനിന്ന് മാറ്റാത്തത്. രാഷ്ട്രീയത്തെ പാര്‍ട്ട് ടൈം ജോലിയായി കണക്കാക്കുന്നവര്‍ ഈ പണിക്കിറങ്ങരുത്. ശരിയായ രാഷ്ട്രീയം സേവനമാണ്. അവര്‍ക്ക് 24 മണിക്കൂറും ഒരു ജീവിതകാലം മുഴുവനും തികയാതെവരുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയം തനിക്ക് മുഴുവന്‍ സമയ ജോലിയല്ലെന്നും ആത്യന്തികമായി താന്‍ ഒരു സന്യാസിയാണെന്നും കഴിഞ്ഞ ദിവസം ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
Content Highlights: Akhilesh Yadav mocks BJP`s presidential election process, prompting a sharp retort from Amit Shah
Published: 02 Apr 2025, 03:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented