അജ്മേർ: രാജസ്ഥാനിലെ വിഖ്യാതമായ അജ്മേർ ദർഗയുടെയുള്ളിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ടുള്ള ഹർജിയിൽ കക്ഷികൾക്ക് കോടതി നോട്ടീസയച്ചു. ദർഗ കമ്മിറ്റി, പുരാവസ്തുഗവേഷണ വകുപ്പ് (എ.എസ്.ഐ.), കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് എന്നിവർക്കാണ് പ്രാദേശികകോടതിയുടെ നോട്ടീസ്. ഉത്തർപ്രദേശിലെ സംഭലിൽ കോടതി ഉത്തരവിനെത്തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്തിയത് വൻസംഘർഷത്തിനും ആറുപേരുടെ മരണത്തിനും ഇടയാക്കിയതിനുപിന്നാലെയാണ് അജ്മേറിലെ വിവാദം.

To advertise here,

അജ്‍മേർ ദർഗയ്ക്കുള്ളിൽ ആരാധന നടത്താൻ അനുമതി നൽകണം, പുരാതന ശിവക്ഷേത്രം നശിപ്പിച്ചാണ് ദർഗ നിർമിച്ചത്, ദർഗയുടെ രജിസ്ട്രേഷൻ റദ്ദാക്കി എ.എസ്.ഐ. സർവേ നടത്തണം എന്നീ ആവശ്യങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചത്. ഹിന്ദുസേന മേധാവി വിഷ്ണുഗുപ്ത അടക്കമുള്ളവരാണ് ഹർജിക്കാർ.

ഒരു റിട്ട. ജഡ്ജിയുടെ പുസ്തകത്തിലെ വിവരങ്ങളും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. ശിവക്ഷേത്രത്തിന്റെ ശേഷിപ്പുകൾ ദർഗ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രകടമായി കാണാമെന്നാണ് ഈ പുസ്തകത്തിലെ പരാമർശം. എന്നാൽ, അവകാശവാദങ്ങൾ ദർഗ കമ്മിറ്റി നിഷേധിച്ചു.

കോടതി ഉത്തരവ് പുതിയവിവാദത്തിന് തീകൊളുത്തി. വർഗീയതയെ കൂട്ടുപിടിച്ച് സമൂഹത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഹർജിയെന്ന് അജ്മേർ ദർഗ പരിപാലകരെ പ്രതിനിധാനംചെയ്യുന്ന സമിതിയുടെ സെക്രട്ടറി സയ്യിദ് സർവാർ ചിഷ്തി കുറ്റപ്പെടുത്തി. സാമുദായികസൗഹാർദത്തിന്റെയും മതേതരത്വത്തിന്റെയും പ്രതീകമായ ദർഗ ന്യൂനപക്ഷമന്ത്രാലയത്തിന് കീഴിലാണ് വരുന്നതെന്നും എ.എസ്.ഐ.ക്ക് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾക്ക് കോടതിയെ സമീപിക്കാനും പള്ളികളുടെ സർവേ തേടാനും അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രതികരിച്ചു. പള്ളികളിൽ പലതും മുഗൾ ആക്രമണകാരികൾ തകർത്ത ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾക്കുമുകളിലാണ് നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മസ്ജിദുകൾക്കും ദർഗകൾക്കുമെതിരേ രാജ്യത്തെ കോടതികളിൽനിന്ന്‌ സമീപകാലത്തുണ്ടാകുന്ന നിലപാടുകളിൽ അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോർഡ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സങ്കീർണവിഷയങ്ങളിൽ ജാഗ്രതപുലർത്താൻ കീഴ്‍ക്കോടതികളോട് നിർദേശിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് ആവശ്യപ്പെടുകയും ചെയ്തു.

നരേന്ദ്രമോദി ഉൾപ്പെടെ എല്ലാ ഇന്ത്യൻ പ്രധാനമന്ത്രിമാരും അജ്മേർ ദർഗയിൽ ആരാധന നടത്തിയിട്ടുള്ളതാണെന്ന് മജ്‍ലിസ് പാർട്ടി നേതാവ് അസദുദ്ദീൻ ഒവൈസി ചൂണ്ടിക്കാട്ടി.